ഇന്ത്യന്‍ രാഷ്ട്രീയം പ്രശാന്ത് കിഷോർ എന്ന പേര് കേള്‍ക്കാന്‍ തുടങ്ങിയിട്ട് ഏറെക്കാലമായിട്ടില്ല. കൃത്യമായി പറഞ്ഞാല്‍ ഒരു പതിമൂന്ന് വര്‍ഷം. രാഷ്ട്രീയ തന്ത്രജ്ഞന്‍ എന്ന റോളില്‍ താന്‍ ഇടപെട്ട പല തിരഞ്ഞെടുപ്പുകളും പ്രശാന്ത് വിജയമാതൃക തീര്‍ത്തു. 2012-ലെ ഗുജറാത്ത് തിരഞ്ഞെടുപ്പ്, 2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പ്. 2015-ലെ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ്. തമിഴ്‌നാട്, ബംഗാള്‍ തിരഞ്ഞെടുപ്പ്; പ്രശാന്ത് ഇടപെട്ട തിരഞ്ഞെടുപ്പുകളിലെല്ലാം മുന്‍നിര നേതാക്കളും പാര്‍ട്ടികളും വിജയകിരീടം ചൂടുന്നതില്‍ നിര്‍ണായകമായി. പത്ത് വര്‍ഷത്തോളം ഐക്യരാഷ്ട്ര സഭയുടെ പൊതു ആരോഗ്യ പ്രവര്‍ത്തകനായി ജോലി ചെയ്തശേഷം രാഷ്ട്രീയത്തിലേക്കിറങ്ങിയപ്പോള്‍ പ്രശാന്ത് കിഷോറിന് വലിയ പ്രതീക്ഷകളൊന്നുമുണ്ടായിരുന്നില്ല. പക്ഷേ,  രാഷ്ട്രീയം തനിക്ക് പറ്റിയ പണിയാണെന്ന് പിന്നീട് തിരിച്ചറിഞ്ഞതോടെ പ്രമുഖ രാഷ്ട്രീയ തന്ത്രജ്ഞന്‍ എന്ന വിളിപ്പേരും ഇന്ത്യന്‍ രാഷ്ട്രീയം അദ്ദേഹത്തിന് ചാര്‍ത്തിക്കൊടുത്തു. ബി.ജെ.പിയുടെ ചായ് പെ ചര്‍ച്ച പോലുള്ള കാമ്പയിന്‍ ഏറെ ശ്രദ്ധേയമായി.

To advertise here,

വര്‍ഷങ്ങള്‍ക്കിപ്പുറം ബിഹാറില്‍ മറ്റൊരു നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തുമ്പോള്‍ പുതിയ ദൗത്യത്തിലാണ് പ്രശാന്ത് കിഷോർ. സ്വന്തം പാര്‍ട്ടിയായ ജന്‍ സൂരജ് പാര്‍ട്ടിയെ (ജെ.എസ്.പി) വിജയത്തിലെത്തിക്കണം. പ്രശാന്ത് അതിനുള്ള നിലമൊരുക്കാന്‍ തുടങ്ങിയിട്ട് കുറച്ചുകാലമായി. ഒടുവില്‍ വിത്തിറക്കി വിളവെടുക്കാന്‍ സമ്പൂര്‍ണ തയ്യാറെടുപ്പോടെ ഈ നേതാവ് രംഗത്തെത്തുമ്പോള്‍ പലര്‍ക്കും ചങ്കിടിപ്പേറുന്നുമുണ്ട്.

5000 കിലോമീറ്റര്‍ പദയാത്ര ജോലിയും കൂലിയും പറഞ്ഞ് മുന്നോട്ട്

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് വരുന്ന മാസങ്ങളില്‍ നടക്കാനിരിക്കെ ഇത് മുന്നില്‍ക്കണ്ട് പദയാത്രയോടെയായിരുന്നു സംസ്ഥാനത്ത് പ്രശാന്തിന്റെ എന്‍ട്രി. പോരാടനുള്ളത് കരുത്തരോടാണെന്ന തിരിച്ചറിവോടെ അതിനുള്ള തയ്യാറെടുപ്പോടെ തന്നെയായിരുന്നു ഈ പദയാത്ര. പരമ്പരാഗതമായി ജാതി രാഷ്ട്രീയം സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് കളത്തെ നിയന്ത്രിക്കുമ്പോള്‍ അതിനപ്പുറം ജോലിയും കൂലിയും പറഞ്ഞ് യുവാക്കളെ ഉണര്‍ത്തി 2022 ഒക്ടോബറില്‍ ചമ്പാരനില്‍ നിന്നും പ്രശാന്ത് യാത്ര തുടങ്ങിയപ്പോള്‍ ഇതിനെ വലിയ പ്രതീക്ഷയോടെയാണ് ജനങ്ങള്‍ എതിരേറ്റത്.

ഇരുപത് ജില്ലകളിലൂടെ 5000 കിലോമീറ്റര്‍ പദയാത്ര നടത്തി. ബിഹാറിന് വേണ്ടത് ജാതി രാഷ്ട്രീയമല്ലെന്നും പകരം തൊഴിലവസരങ്ങളാണെന്നും യാത്രയിലൂടെനീളം പ്രശാന്ത് പറഞ്ഞു. സ്വന്തം വീട്ടിലെ അടുപ്പ് പുകയ്ക്കാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് നാടുവിട്ടുപോകുന്ന യുവജനങ്ങളെ ഓര്‍മിപ്പിച്ചുകൊണ്ടായിരുന്നു പ്രശാന്തിന്റെ പ്രസംഗങ്ങള്‍. ഇത് മുന്നില്‍ക്കണ്ട് കൊണ്ട് തന്നെയാണ് ജെഎസ്പി പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായി സ്‌കൂള്‍ ബാഗിനെ തിരഞ്ഞെടുത്തതും.

വിദ്യാഭ്യാസത്തിലൂടെ ബിഹാറിന്റെ മുഖം മാറ്റാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നാണ് കഴഞ്ഞ ജൂണ്‍ 26-ന് ജെഎസ്പി പ്രസിഡന്റ് മനോജ് ഭാരതി വ്യക്തമാക്കിയത്. ബിഹാര്‍ ബദ്ലവ് യാത്രയിലൂടെ (ചേഞ്ച് ബിഹാര്‍ മാര്‍ച്ച്) നിതീഷ് കുമാറിനെതിരെ നിശിത വിമര്‍ശനവും പ്രശാന്ത് ഉയര്‍ത്തി. പത്ത് വര്‍ഷം മുമ്പ് നിതീഷിനെ അധികാരത്തിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയായിരുന്നു പ്രശാന്ത് എന്നോര്‍ക്കണം.

വിദ്യാര്‍ഥി പ്രക്ഷോഭത്തിന് നല്‍കിയ പിന്തുണ

ഈ വര്‍ഷം ആദ്യമായിരുന്നു ബിഹാര്‍ പബ്ലിക് സര്‍വീസ് കമ്മിഷനിലെ ക്രമവിരുദ്ധമായ നടപടികള്‍ക്കെതിരേ സംസ്ഥാനത്ത് വിദ്യാര്‍ഥി പ്രക്ഷോഭം ഉടലെടുത്തത്. ഇതിനെ ജെ.എസ്.പി സുവര്‍ണാവസരമായി ഏറ്റെടുത്തു. പ്രതിഷേധത്തിന് പിന്തുണ നല്‍കിയതോടെ വിദ്യാര്‍ഥികളുടെയും യുവാക്കളുടേയും വിശ്വാസം പിടിച്ചെടുക്കാൻ സാധിച്ചുവെന്നാണ് ജെഎസ്പി അവകാശപ്പെടുന്നത്.

2024-ല്‍ നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ നാല് അസംബ്ലി സീറ്റുകളിലായി പത്ത് ശതമാനം വോട്ട് നേടാന്‍ സാധിച്ചത് പാര്‍ട്ടിക്ക് വലിയ ആത്മവിശ്വാസവും നല്‍കി. ഇതോടെ മുന്‍നിര രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ജെഎസ്പി വെല്ലുവളിയായിരിക്കുമെന്ന കണക്കുകൂട്ടലുമുണ്ടായി. അണ്ണാഹസാരയുടെ അഴിമതി വിരുദ്ധ പ്രക്ഷോഭത്തിന്റെ ഭാഗമായി രംഗത്തുവന്ന അരവിന്ദ് കെജ്​രിവാൾ ഡല്‍ഹിയുടെ ഭരണം പിടിച്ചതിന് സമാനമായിട്ടാണ് ബിഹാര്‍ രാഷ്ട്രീയത്തിലേക്ക് ജെസ്പി-യുമായി പ്രശാന്ത് കിഷോർ എത്തിയിരിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്.

ബിഹാറിന്റെ മാറ്റത്തിനായി മൂന്നര വര്‍ഷം മുമ്പ് താന്‍ തുടങ്ങിയ പ്രവര്‍ത്തനം അതിന്റെ അവസാന ലാപ്പിലാണെന്നാണ് കഴിഞ്ഞ ദിവസം പ്രശാന്ത് കിഷോർ പ്രതികരിച്ചത്. ഓരോ ഗ്രാമങ്ങളിലൂടെയും സഞ്ചരിച്ച് അവിടെയുള്ള ജനങ്ങളുടെ നിര്‍ദേശം കൂടി പരിഗണിച്ചാണ് ജെഎസ്പി ബിഹാര്‍ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥികളെ തീരുമാനിച്ചിരിക്കുന്നത്. ജാതിയുടേയും മതത്തിന്റേയും പണത്തിന്റേയും സമ്മര്‍ദമില്ലാത്തവര്‍ ബിഹാറിന് വേണ്ടി ജെഎസ്പിയുടെ പിന്തുണയോടെ പ്രവര്‍ത്തിക്കും. അവര്‍ക്ക് ഒരു പുതിയ ബിഹാറിനെ സൃഷ്ടിക്കാന്‍ കഴിയുമെന്ന് തനിക്ക് ഉറച്ച വിശ്വാസമുണ്ടെന്നും കഴിഞ്ഞ ദിവസം പ്രശാന്ത് വാര്‍ത്താ ഏന്‍സികളോട് പ്രതികരിച്ചിരുന്നു.

ജെ.ഡി.യുവില്‍ ചേര്‍ന്നു, വിമര്‍ശിച്ച് പുറത്ത്

കോണ്‍ഗ്രസ് അടക്കമുള്ള പല രാഷ്ട്രീയപാര്‍ട്ടികളുടേയും ഭാഗമാവാന്‍ ശ്രമിച്ചിരുന്നു പ്രശാന്ത് കിഷോർ. ഒടുവില്‍ ജെഡിയുവില്‍ അംഗത്വമെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ പൗരത്വഭേദഗതി-പൗരത്വ രജിസ്റ്റര്‍ വിഷയത്തില്‍ വിമര്‍ശനമുന്നയിച്ചതോടെ ജെഡിയുവില്‍ നിന്ന് പുറത്തായി. നേരത്തെ ഇതിനെ എതിര്‍ക്കുന്ന നിലപാടാണ് ജെഡിയു സ്വീകരിച്ചിരുന്നത്. എന്നാല്‍ പാര്‍ലമെന്റില്‍ പൗരത്വ നിയമത്തിന് അനുകൂലമായി ജെഡിയു വോട്ട് ചെയ്തു. ബിഹാറില്‍ പൗരത്വനിയമം നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിച്ച ജെഡിയു പാര്‍ലമെന്റില്‍ ഇതിന് അനുകൂലമായി വോട്ട് ചെയ്ത വിരോധോഭാസത്തെ ചോദ്യം ചെയ്തതോടെ പ്രശാന്ത് പാര്‍ട്ടിവിരുദ്ധനുമായി. സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് പറഞ്ഞ് ജനങ്ങളുടെ വിശ്വാസം തേടിയ അതേ പാര്‍ട്ടി പാര്‍ലമെന്റില്‍ ഇതിനെ അനുകൂലിച്ചതിനെ അംഗീകരിക്കില്ലെന്നായിരുന്നു പ്രശാന്തിന്റെ നിലപാട്. ഇതോടെ പാർട്ടിയിൽ നിന്ന് പുറത്തേക്കുള്ള വഴി തെളിയുകയും ചെയ്തു.

കോണ്‍ഗ്രസില്‍ ചേരാനും പാര്‍ട്ടിയുടെ 2024 ആക്ഷന്‍ ഗ്രൂപ്പിന്റെ ഭാഗമാവാനും പ്രശാന്തിന് സോണിയയുടെ ക്ഷണമുണ്ടായിരുന്നു.എന്നാല്‍ പ്രശാന്ത് മുന്നോട്ടുവെച്ച കാര്യങ്ങളില്‍ അനുകൂല തീരുമാനമുണ്ടാവാതെ വന്നതോടെ ആ വഴിയും അവസാനിച്ചു. അങ്ങനെയാണ് പുതിയ പാര്‍ട്ടിയുമായി സജീവമാകാന്‍ പ്രശാന്ത് തീരുമാനിച്ചത്.

രാഹുല്‍ഗാന്ധിയെ അധ്യക്ഷനാക്കരുതെന്നുള്ള നിര്‍ദേശങ്ങളായിരുന്നു പ്രധാനമായും പ്രശാന്ത് മുന്നോട്ടുവെച്ചത്. സോണിയക്കും രാഹുലിനും പ്രിയങ്കയ്ക്കും പ്രശാന്ത് കിഷോറിന്റെ നിര്‍ദേശങ്ങള്‍ സ്വീകരിക്കാനും അദ്ദേഹത്തെ പാര്‍ട്ടിയില്‍ കൊണ്ടുവരാനും താല്‍പര്യമായിരുന്നു. എങ്കിലും സ്ഥാനാര്‍ഥി നിര്‍ണമയമടക്കമുള്ള കാര്യങ്ങളില്‍ പൂര്‍ണ സ്വാതന്ത്രം നല്‍കുക വഴി പ്രശാന്ത് കിഷോറിന്റെ സമ്പൂര്‍ണ നിയന്ത്രണത്തിലേക്ക് പാര്‍ട്ടിവരുമെന്ന ആശങ്ക മുതിര്‍ന്ന നേതാക്കള്‍ സോണിയയെ അറിയിക്കുകയായിരുന്നു.

മത്സരിക്കാനില്ലെന്ന് പ്രഖ്യാപനം, ക്ലൈമാക്സ് എന്താവും

ബിഹാറില്‍ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനുള്ള സമയം അവസാനിക്കാനിരിക്കെ മത്സരിക്കാനില്ലെന്നാണ് കഴിഞ്ഞ ദിവസം പ്രശാന്ത് പ്രഖ്യാപിച്ചതെങ്കിലും ക്ലൈമാക്സില്‍ സ്ഥാനാര്‍ഥി പരിവേഷവുമായി രംഗത്ത് വരുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ വിജയമുറപ്പാക്കുക എന്നതാണ് ഇത്തവണ തന്റെ ലക്ഷ്യം. അതുകൊണ്ട് മത്സരരംഗത്തേക്കില്ല. എന്‍ഡിഎയ്ക്കെതിരേയും മഹാസഖ്യത്തിനെതിരേയും രൂക്ഷ വിമര്‍ശനവും പ്രശാന്ത് ഉയര്‍ത്തി. രണ്ട് മുന്നണികളും സ്ഥാനാര്‍ഥികളെ വെക്കുന്നത് ബിഹാറിനെ കട്ടുമുടിച്ച് അതിന്റെ പങ്ക് ലഭിക്കാനാണ്. ഇക്കാര്യം ജനങ്ങളെ ബോധിപ്പിക്കാന്‍ ജെഎസ്പിക്ക് സാധിച്ചിട്ടുണ്ട്. അത് വോട്ടാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും പ്രശാന്ത് ചൂണ്ടിക്കാട്ടി.

ബിഹാറിലെ ജനങ്ങള്‍ക്ക് ഇക്കാലമത്രയും മറ്റൊരു ഓപ്ഷന്‍ ഉണ്ടായിരുന്നില്ല. ഇതാണ് ഇക്കാലമത്രയും നിതീഷ് കുമാറിനും ലാലുപ്രസാദ് യാദവിനും ബിജെപിക്കും അവര്‍ വോട്ട് ചെയ്തിരുന്നത്. എന്നാല്‍ ജന്‍സൂരജ് പാര്‍ട്ടി അവര്‍ക്ക് മുന്നില്‍ പുതിയ ബിഹാറിനുള്ള ഓപ്ഷനാണ് വെച്ചിരിക്കുന്നത്. ഇതില്‍ ജനങ്ങള്‍ പ്രതീക്ഷയര്‍പ്പിക്കുന്നുമുണ്ട്. അതുകൊണ്ടുതന്നെ ഇത്തവണയവര്‍ ജെഎസ്പിക്ക് വോട്ട് ചെയ്യുമെന്നും പ്രശാന്ത് വ്യക്തമാക്കുന്നു. ജാതി, മതം, അഞ്ച് കിലോ ധാന്യം, അമ്പലം, പള്ളി എന്നിവയ്‌ക്കെല്ലാമായിരുന്നു ഇക്കാലമത്രയും ജനങ്ങള്‍ വോട്ട് ചെയ്തത്. പക്ഷേ, ഓരോ വോട്ടെടപ്പ് കഴിഞ്ഞിട്ടും അവരുടെ ജീവിത നിലവാരത്തില്‍ ഒരു മാറ്റവുമുണ്ടായിട്ടില്ല. അതിലെ മാറ്റത്തിന് വേണ്ടിയാണ് ജെഎസ്പി വോട്ട് ചോദിക്കുന്നത്. ജനങ്ങള്‍ അവര്‍ക്കും അവരുടെ കുട്ടികള്‍ക്കും വേണ്ടിയാണ് വോട്ട് ചെയ്യേണ്ടതെന്നും പ്രശാന്ത് പറയുന്നു.

കിങ്മേക്കറാവുമോ, പ്രതീക്ഷിക്കുന്നത് 150 സീറ്റ് വരെ

തിരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്പേ തന്നെ വലിയ ചര്‍ച്ചയായിരുന്നു ബിഹാര്‍ രാഷ്ട്രീയം. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷന്‍ സംസ്ഥാനത്ത് നടപ്പിലാക്കിയ എസ്.ഐ.ആര്‍ അല്ലെങ്കില്‍ സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം. ഇത് വലിയ വിവാദത്തിനും വഴിവെച്ചു. നുഴഞ്ഞുകയറ്റക്കാരെ ലക്ഷ്യമിട്ടാണ് എസ്.ഐ.ആര്‍ നടപ്പിലാക്കിയതെന്ന് ബിജെപിയും കേന്ദ്ര സര്‍ക്കാരും വാദിച്ചെങ്കിലും മുസ്ലീം വോട്ടര്‍മാരെ ഒഴിവാക്കാനാണെന്ന ആരോപണമായിരുന്നു കോണ്‍ഗ്രസ് ഉന്നയിച്ചത്. ഇതിനിടയില്‍ വോട്ട് ചോരി ആരോപണവുമായി ബന്ധപ്പെട്ട് ബിജെപിക്കെതിരേ രാഹുല്‍ഗാന്ധി ബിഹാറില്‍ യാത്ര നടത്തുകയും ചെയ്തു. ഇതെല്ലാം എങ്ങനെ ബിഹാര്‍ തിരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്ന ചര്‍ച്ച നടക്കുന്നതിനിടെയാണ് നിര്‍ണായക ശക്തിയായി പ്രശാന്ത് കിഷോറിന്റെ ജെഎസ്പിയും തിരഞ്ഞെടുപ്പ് രംഗത്തേക്ക് സജീവമായതത്.

ഓരോ വോട്ടും നിര്‍ണായകമാവുന്ന ബിഹാറില്‍ ഏറെ പ്രതീക്ഷയാണ് ഇത്തവണ ജെഎസ്പിക്കുമുള്ളത്. തങ്ങള്‍ ഏറ്റവും കുറഞ്ഞത് 10 സീറ്റും 150 സീറ്റ് വരെ പ്രതീക്ഷിക്കുന്നുണ്ടെന്നുമാണ് കഴിഞ്ഞ ദിവസം പ്രശാന്ത് കിഷോർ ഒരു പരിപാടിക്കിടെ പറഞ്ഞത്. ജനങ്ങള്‍ക്ക് മുന്നില്‍ പുതിയ ബിഹാറിനുള്ള പദ്ധതികളാണ് ജെഎസ്പി മുന്നോട്ടുവെച്ചത്. മാറ്റത്തിന്റെ ആവശ്യകതയെപ്പറ്റി കഴിഞ്ഞ മൂന്നര വര്‍ഷത്തിനുള്ളിലെ തങ്ങളുടെ പ്രവര്‍ത്തനത്തിലൂടെ അവരെ ബോധിപ്പിക്കാനും സാധിച്ചിട്ടുണ്ട്. ഇത് വോട്ടായാല്‍ ചരിത്രപരമായ ഒരു ബിഹാര്‍ തിരഞ്ഞെടുപ്പ് ഫലമായിരിക്കും വരാനിരിക്കുന്നതെന്നും പ്രശാന്ത് ചൂണ്ടിക്കാട്ടുന്നു.

ജനങ്ങള്‍ക്കാവശ്യം നിലവിലെ അതേ ജീവിതാവസ്ഥയില്‍ കഴിയാനുള്ള സര്‍ക്കാരിനെയാണെങ്കില്‍ അവര്‍ക്ക് ആരെയെങ്കിലും തിരഞ്ഞെടുക്കാം അതല്ല നല്ല വിദ്യാഭ്യാസത്തിനും കുട്ടികളുടെ ഭാവിക്കും വേണ്ടിയുള്ള സര്‍ക്കാരിനെയാണ് വേണ്ടതെങ്കില്‍ അവര്‍ക്ക് ജെഎസ്പി നേതൃത്വം പകരക്കാരായി മാറുമെന്നും പ്രശാന്ത് വ്യക്തമാക്കുന്നു.