
ദർഭംഗയിലെ നാഷണൽ മഖാന റിസർച്ച് സെന്റർ അങ്കണത്തിലെ മഖാന കൃഷിയിടത്തിൽ സയന്റിഫിക് ഓഫീസർ തേജേന്ദ്രകൃഷ്ണ |ഫോട്ടോ : പി.ജി.ഉണ്ണികൃഷ്ണൻ / മാതൃഭൂമി
വടക്കൻ ബിഹാറിന്റെ ആമ്പൽക്കുളങ്ങളിൽ ഇപ്പോൾ വളരുന്നത് രാഷ്ട്രീയത്തിന്റെ മഖാനകൾ. ദർബംഗയിലും മധുബനിയിലും ചർച്ചാവിഷയം മഖാനകൃഷിയുടെ ഭാവിയാണ്. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഇക്കഴിഞ്ഞ ബജറ്റിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച മഖാന ബോർഡ് എവിടെ സ്ഥാപിക്കുമെന്നതിനെച്ചൊല്ലിയുള്ള തർക്കത്തിൽ ദർബംഗയുടെയും മധുബനിയുടെയും പ്രാദേശികരാഷ്ട്രീയം എണ്ണയൊഴിക്കുന്നു. ഇതോടെ കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന എൻഡിഎ തീരുമാനം നീട്ടി വച്ച് തർക്കം തണുപ്പിക്കാനുള്ള തന്ത്രം പുറത്തെടുത്തു. മഖാന ബോർഡ് എവിടെ സ്ഥാപിക്കുമെന്ന് ദർബംഗയിലെ ഒരു ബി.ജെ.പി നേതാവിനോട് ചോദിച്ചപ്പോൾ, മുഖത്ത് താമരപ്പൂച്ചിരിയുമായി മറുപടി : 'തിരഞ്ഞെടുപ്പ് കഴിയട്ടെ,തീരുമാനം വരും'.
എന്ന് തുടങ്ങിയെന്ന് രേഖകളില്ലാത്ത മഖാന കൃഷി വടക്കൻ ബിഹാറിന്റെ മുഖ്യജീവനോപായമാണ്. 98,000 ഹെക്ടറിലാണ് മഖാന കൃഷി. ജലാശയങ്ങളിൽ മത്സ്യവും മഖാനയും വളരുന്നു. 2022ൽ മിഥില മഖാനയ്ക്ക് ഭൗമശാസ്ത്ര സൂചിക (ജി.ഐ.ടാഗ്)ലഭിച്ചതോടെ ദേശീയ തലത്തിൽ കൂടൂതൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങി. എന്നാൽ,മഖാനക്ക് വിശാലവിലാസം ലഭിച്ചത് ബജറ്റിലെ പ്രഖ്യാപനത്തോടെയാണ്. ബജറ്റ് രേഖകളിൽ നിന്ന് എൻ.ഡി.എയുടെ പ്രചരണ വേദികളിലേക്ക് മഖാന ഇല പടർത്തിയപ്പോൾ രാഷ്ട്രീയവിത്തുകളും മുളപൊട്ടി.
വിശാലമായ ആമ്പൽ കുടുംബത്തിലെ അംഗമായ മഖാന ചെടിയുടെ വിത്തുകളാണ് ഭക്ഷ്യവിഭവം. സൂപ്പർ ഫുഡ് എന്നത് പോലെ ഔഷധമെന്ന നിലയിലും ഉപയോഗയോഗ്യമാണിതെന്ന് ദർബംഗയിൽ കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ മഖാന റിസർച്ച് സെന്ററിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ഐ.എസ്. സിങ് മാതൃഭൂമിയോട് പറഞ്ഞു. ദർബംഗ നഗരത്തിലെ ദില്ലിമോറിൽ പ്രവർത്തിക്കുന്ന റിസർച്ച് സെന്ററിന്റെ അങ്കണത്തിൽ വിശാലമായ മഖാനപ്പാടവും മഖാന സംസ്‌കരണ കേന്ദ്രവുമുണ്ട്.
ലോകത്തിലെ മഖാന ഉൽപാദനത്തിന്റെ 90 ശതമാനം സംഭാവന ചെയ്യുന്നത് ബിഹാറാണ്. അതിപിന്നോക്ക ജില്ലകളായ മധുബനിയിലും ദർബംഗയിലുമാണ് ഏറ്റവും അധികം ഉൽപാദനം. പത്ത് ലക്ഷത്തോളം പേർ മഖാന കൃഷിരംഗത്തുണ്ട്. അതിപിന്നാക്ക വിഭാഗത്തിൽപ്പെട്ട മല്ല സമുദായത്തിന്റെ പ്രധാന ജീവിതമാർഗ്ഗം മത്സ്യബന്ധനവും മഖാന കൃഷിയുമാണ്. മധുബനി പ്രദേശത്തുണ്ടാകുന്ന 'മിഥിലമഖാന'യ്ക്കാണ് ലോകത്ത് ഏറ്റവും പ്രിയം.
തർക്കവും തന്ത്രവും
രാജ്യ-രാജ്യാന്തര കമ്പോളങ്ങളിൽ ബിഹാർ മഖാനയ്ക്ക് പ്രിയം വർധിച്ചതോടെ,ഇന്ത്യയിലെ വൻകിട കമ്പനികൾ മഖാന ബ്രാൻഡ് ചെയ്ത് വൻവിലയ്ക്ക് വിൽപന തുടങ്ങി. എന്നാൽ മഖാന കർഷകർക്ക് ലഭിക്കുന്നത് തുച്ഛവില. ദർബംഗയിലെ പ്രാദേശിക കമ്പോളത്തിൽ 300 മുതൽ 1500 രൂപ വരെ വിലയിടുന്ന പലതരം മഖാനകൾക്ക് നഗരകമ്പോളങ്ങളിൽ വില കൊടിയേറും. പ്രാദേശിക കമ്പോളത്തിൽ കിട്ടുന്ന വിലയുടെ നേരിയ ശതമാനം മാത്രമാണ് കർഷകന് ലഭിക്കുന്നത്. താങ്ങുവിലിയില്ല,വിലസ്ഥിരത ഇല്ല.
മാത്രമല്ല,മഖാന ഉൽപാദനത്തിനപ്പുറം സംസ്‌കരണ-സംഭരണ സംവിധാനങ്ങൾ സംസ്ഥാനത്തില്ല എന്നതാണ് ബിഹാറിന്റെ പരിമിതി. മഖാന സംസ്‌കരണം പഞ്ചാബിലും ഹരിയാണയിലുമാണ് നടക്കുന്നത്. വിൽപനശൃംഖലയും സ്വകാര്യമേഖലയുടെ കൈവശമാണ്. ഇതോടെ സംസ്ഥാനത്തിന് മഖാനകൃഷിയും നഷ്ടക്കച്ചവടമാണ്.
അതിനാൽ മഖാന കൃഷി പ്രോത്സാഹിപ്പിക്കാനും വില സ്ഥിരത ഉറപ്പാക്കാനുമെന്ന അവകാശവാദത്തോടെയാണ് കേന്ദ്ര സർക്കാർ മഖാന ബോർഡ് രൂപവൽക്കരണം പ്രഖ്യാപിച്ചത്. ഇതിനായി ഒരു ബിൽ പാർലമെന്റിൽ പാസ്സാക്കുകയും ചെയ്തു. എന്നാൽ ബോർഡ് രൂപവൽക്കരണനീക്കം ആരംഭിച്ചപ്പോഴേക്ക് ദർബംഗയും മധുബനിയും തമ്മിൽ തർക്കമായി. ഭരണപക്ഷത്തിന്റെ ഉൾപ്പിരിവിനും തർക്കം വഴിവച്ചതോടെ തീരുമാനം താൽക്കാലികമായി മരവിപ്പിച്ചിരിക്കുകയാണ്.
രാഷ്ട്രീയം
ബിഹാറിൽ 2.6 ശതമാനം വരുന്ന മല്ല സമൂദായമാണ് പ്രധാനമായും മഖാന കൃഷി രംഗത്തുള്ളത്. വടക്കൻ ബിഹാറിൽ 6 ശതമാനം വോട്ട് സാന്നിധ്യം മല്ല സമുദായത്തിനുണ്ട്. മാത്രമല്ല,മറ്റ് ചെറുസമുദായങ്ങളെ ഒപ്പം നിർത്താനുള്ള ശേഷിയും മല്ല സമുദായത്തിനുണ്ട്. ദർബംഗ,മധുബനി ജില്ലകളിലായി 10 വീതം നിയമസഭാ മണ്ഡലങ്ങളാണുള്ളത്. 2020ൽ ദർബംഗയിൽ 10ൽ എട്ട് സീറ്റുകളും എൻ.ഡി.എ ആണ് നേടിയത്. ഒരു സീറ്റ് വീതമാണ് വി.ഐ.പിക്കും ആർ.ജെ.ഡിക്കും ലഭിച്ചത്. മധുബനി ജില്ലയിലാകട്ടെ,10 ൽ ഏഴ് സീറ്റുകൾ എൻഡിഎയും മൂന്ന് സീറ്റ് ആർ.ജെ.ഡി.യും കരസ്ഥമാക്കി.
കനത്ത മത്സരം നടക്കുന്ന ഇക്കുറി മല്ല വിഭാഗത്തെ ഒപ്പം നിർത്തുകയെന്നത് എൻ.ഡി.എയക്കും മഹാസഖ്യത്തിനും അനിവാര്യം. മഹാസഖ്യത്തിന്റെ ഉപമുഖ്യമന്ത്രി സ്ഥാനാർഥിയും വികാസ്ശീൽ ഇൻസാൻ പാർട്ടി നേതാവുമായ മുകേഷ് സഹാനി ഈ മേഖലയിൽ നിന്നുള്ള മല്ല സമുദായാംഗമാണ് എന്നത് രാഷ്ട്രീയത്തിന്റെ ചൂടേറ്റുന്നു.
1970 കളിൽ ജയപ്രകാശ് നാരായണന്റെ സമരങ്ങൾക്കൊപ്പം നിന്ന മല്ല സമുദായം ചരിത്രപരമായി സോഷ്യലിസ്റ്റ് ചേരിയിലായിരുന്നു. എന്നാൽ പിൽക്കാലത്ത് ചേരിമാറ്റവും മുന്നണി മാറ്റവും ഈ സമുദായത്തെയും പങ്കിട്ടെടുത്തു. അതിനാൽ മല്ലമാരെ ഒപ്പം നിർത്തുക ഇരുമുന്നണികൾക്കും പ്രധാനം. അതിനാൽ മഖാന കൃഷിമേഖലയിൽ ഇരുമുന്നണികളും വാഗ്ദാനങ്ങളുടെ വളം വിതറുന്നു.
Content Highlights: The Makhana Board`s location sparks political debate in Bihar`s Darbhanga & Madhubani, impacting farmers and elections. A look at the `superfood` and its political implications.
Published: 27 Oct 2025, 08:24 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented