നിരവധി ആരോഗ്യഗുണങ്ങള്‍ ഉള്ള ലഘുഭക്ഷണമാണ് മഖാന. ഫോക്‌സ് നട്ട്‌സ്, താമര വിത്ത്, ഗോര്‍ഗോണ്‍ നട്ട്‌സ് ഇങ്ങനെ പല പേരുകളിലും മഖാന അറിയപ്പെടുന്നു. അതേമസയം പ്രോട്ടീൻ സമ്പുഷ്ടമാണ് നിലക്കടല. എന്നാൽ ശരീരഭാരം കുറയ്ക്കുന്നതിനും കൊളസ്‌ട്രോൾ നിയന്ത്രിക്കുന്നതിൽ ഇവയിൽ ഏതാണ് മികച്ചതെന്ന് പലർക്കും സംശയമുണ്ടായേക്കാം. ആരോഗ്യകരമായ കൊഴുപ്പുകളും പ്രോട്ടീനും അടങ്ങിയിട്ടുണ്ടെങ്കിലും അവയുടെ ഗുണങ്ങൾ വ്യത്യസ്തമാണ്.
ഭാരം കുറയ്ക്കാൻ
മഖാനയിൽ താരതമ്യേനെ കലോറി കുറവാണ്. 100 ഗ്രാമിന് 347-356 കലോറി എന്ന അനുപാതമാണ് ഇവയ്ക്ക്.14.5 ഗ്രാം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ വേഗം വയറുനിറഞ്ഞതായി തോന്നിപ്പിക്കുന്നു. കൊഴുപ്പും ഇവയിൽ വളരെ കുറവാണ് (0.1-0.5 ഗ്രാം). കലോറി നിയന്ത്രിച്ചുള്ള ഭക്ഷണക്രമം പിന്തുടരുന്നവർക്ക് മഖാന മികച്ച തിരഞ്ഞെടുപ്പായിരിക്കാം. ദഹനത്തിനും രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തിനും ഇവ സഹായകമാകാം.
100 ഗ്രാം മഖാനയിൽ 9.7 ഗ്രാം പ്രോട്ടീനും 1368 മില്ലിഗ്രാം പൊട്ടാസ്യവും, 210 മില്ലിഗ്രാം മഗ്നീഷ്യവും അടങ്ങിയിട്ടുണ്ട്.
നിലക്കടല
100 ഗ്രാം നിലക്കടലയിൽ 25.8 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. എന്നാൽ ഉയർന്ന കലോറിയും (567 കലോറി), കൊഴുപ്പും (49.2 ഗ്രാം) ഉള്ളതിനാൽ നിലക്കടല കഴിക്കുന്ന അളവിൽ നിയന്ത്രണം ആവശ്യമാണ്.
ആരോഗ്യപരമായ സംയോജനം
കലോറി നിയന്ത്രിച്ചുള്ള ഭക്ഷണക്രമം പിന്തുടരുന്നവർക്ക് മഖാന ഉത്തമമാണെങ്കിലും, പ്രോട്ടീൻ, ഫൈബർ, ഹൃദയാരോഗ്യം എന്നിവയുമായി ബന്ധപ്പെട്ട സമീകൃതമായ പോഷകങ്ങൾ ലഭിക്കുന്നതിനായി ഇവ രണ്ടും സംയോജിപ്പിക്കുന്നത് ഗുണകരമാണ്.
ഏല്ലാ ഭക്ഷണവും എല്ലാവർക്കും അനുയോജ്യമാകണമെന്നില്ല
ഭാരം കുറഞ്ഞതും, ക്രിസ്പിയുമായ മഖാന ഫിറ്റ്നസ് ഇൻഫ്ലുവൻസർമാർക്കിടയിലുൾപ്പടെ വളരെ പ്രചാരമുള്ളതാണ്. ഏറ്റവും ആരോഗ്യകരമായ ലഘുഭക്ഷണം പോലും ശരീരത്തിന് അനുയോജ്യമല്ലെങ്കിൽ പ്രശ്നങ്ങൾ ഉണ്ടാക്കാം.
ഉയർന്ന പ്രോട്ടീൻ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാണ് മഖാനയെ ആകർഷകമാക്കുന്നത്. എന്നാൽ ഇവ എല്ലാവർക്കും അനുയോജ്യമാകണമെന്നില്ല. പോഷകത്തിന്റെ കാര്യത്തിൽ, ഓരോ വ്യക്തിയുടെയും ശരീരത്തിന്റെ പ്രത്യേക ആവശ്യങ്ങൾ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്.
ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ മഖാനയെ കുറഞ്ഞ കൊഴുപ്പും ക്രിസ്പി ഘടനയും പരിഗണിച്ച് തിരഞ്ഞെടുക്കാറുണ്ട്. എന്നാൽ അമിതമായി കഴിക്കുന്നത് കലോറി കൂട്ടാനിടയുണ്ട്.
മഖാനയിൽ കാർബോഹൈഡ്രേറ്റ് ധാരാളമുണ്ട്. വൃക്ക രോഗമുള്ളവരാണ് ഏറ്റവും അധികം ശ്രദ്ധിക്കേണ്ടത്. പ്രത്യേകിച്ച് ക്രോണിക് കിഡ്‌നി ഡിസീസ് (CKD) ഉള്ളവർ. മഖാനയിൽ സ്വാഭാവികമായി ഉയർന്ന അളവിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്, ഇത് വൃക്ക രോഗികൾ നിയന്ത്രിക്കേണ്ടതാണ്. വൃക്ക രോഗം ഉണ്ടെങ്കിൽ, കുറഞ്ഞ പൊട്ടാസ്യം ഡയറ്റ് പിന്തുടരുന്നുണ്ടെങ്കിൽ, മഖാന പൂർണമായും ഒഴിവാക്കണമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇത്തരം രോഗികൾക്ക്, ഒരു ചെറിയ അളവ് മഖാന പോലും ഹൈപ്പർകലീമിയ എന്ന അവസ്ഥയ്ക്ക് കാരണമാകാം. രക്തത്തിൽ അമിത പൊട്ടാസ്യം മൂലം ഹൃദയതാളം തകരാറിലാകുന്ന അപകടകരമായ അവസ്ഥയാണ് ഹൈപ്പർകലീമിയ .
'സൂപ്പർഫുഡ്' ഡയറ്റിൽ ചേർക്കുന്നതിന് മുമ്പ് അംഗീകൃത ഡയറ്റീഷ്യന്റെയോ ഡോക്ടറുടെയോ ഉപദേശം തേടണം. മഖാന പോലുള്ള പോഷകസമ്പുഷ്ടമായ ലഘുഭക്ഷണങ്ങൾക്ക് പോലും പരിമിതികളുണ്ട്. ശരീരത്തിന്റെ ആവശ്യങ്ങൾ മനസ്സിലാക്കാതെ വെൽനസ് ട്രെൻഡുകൾ പിന്തുടരുന്നത് അപകടകരമാകാം.
Content Highlights: Compare Makhana, peanuts, and mixed nuts for weight loss & cholesterol.
Published: 07 Dec 2025, 08:25 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented