ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ ഫോട്ടോഫിനിഷാകുമെന്ന് പുതിയ എക്‌സിറ്റ്‌പോള്‍ ഫലം. ബുധനാഴ്ച പുറത്തുവന്ന ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ്‌പോള്‍ ഫലത്തിലാണ് ബിഹാറില്‍ ഫോട്ടോഫിനിഷാകുമെന്ന സാധ്യതയിലേക്ക് വിരല്‍ചൂണ്ടുന്നത്.

To advertise here,

ബിഹാറില്‍ എന്‍ഡിഎ 121 മുതല്‍ 141 വരെ സീറ്റുകള്‍ നേടുമെന്നാണ് ആക്‌സിസ് മൈ ഇന്ത്യയുടെ എക്‌സിറ്റ്‌പോള്‍ ഫലം. മഹാസഖ്യത്തിന് 98 മുതല്‍ 118 വരെ സീറ്റുകളും ആക്‌സിസ് മൈ ഇന്ത്യ പ്രവചിക്കുന്നു. പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടിക്ക് പരമാവധി ഒരുസീറ്റ് മാത്രമാണ് എക്‌സിറ്റ് പോള്‍ ഫലം പ്രവചിക്കുന്നത്.

ആകെ വോട്ടുവിഹിതത്തില്‍ എന്‍ഡിഎയ്ക്ക് ഇത്തവണ 43 ശതമാനം വോട്ട് ലഭിക്കുമെന്നാണ് ആക്‌സിസ് മൈ ഇന്ത്യയുടെ പ്രവചനം. മഹാസഖ്യത്തിന് 41 ശതമാനം വോട്ടുവിഹിതം ലഭിക്കുമെന്നും എക്‌സിറ്റ് പോള്‍ ഫലത്തില്‍ പറയുന്നു.

243 സീറ്റുകളുള്ള ബിഹാര്‍ നിയമസഭയില്‍ 122 സീറ്റുകള്‍ നേടിയാല്‍ സര്‍ക്കാര്‍ രൂപവത്കരിക്കാം. കഴിഞ്ഞദിവസം പുറത്തുവന്ന വിവിധ എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് കൃത്യമായ മുന്‍തൂക്കം പ്രവചിച്ചിരുന്നു.

243 അംഗ നിയമസഭയില്‍ എന്‍ഡിഎ പരമാവധി 167 സീറ്റുവരെ നേടുമെന്നായിരുന്നു കഴിഞ്ഞദിവസത്തെ എക്‌സിറ്റ് പോള്‍ ഫലങ്ങളിലുണ്ടായിരുന്നത്. ഇതില്‍ ചാണക്യ സ്ട്രാറ്റജീസിന്റെ എക്‌സിറ്റ് പോളില്‍ മാത്രമാണ് എന്‍ഡിഎയ്ക്ക് ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം (130 മുതല്‍ 138 വരെ) പ്രവചിച്ചിരുന്നത്. മഹാസഖ്യത്തിന് പരമാവധി 108 സീറ്റുകള്‍ മാത്രമാണ് എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ പറഞ്ഞിരുന്നത്.

ബിഹാറില്‍ രണ്ടുഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പില്‍ ആകെ 66.91 ശതമാനമായിരുന്നു പോളിങ്. ഇത് ബിഹാറിന്റെ ചരിത്രത്തിലെ ഉയര്‍ന്ന പോളിങ് ശതമാനമാണ്.