ന്യൂഡല്‍ഹി : ബിഹാറിന്റെ ഭരണചക്രം തിരിക്കാനിരിക്കുന്ന നേതാക്കളെ നിശ്ചയിക്കുന്നതില്‍ നിര്‍ണായകതയുളള മണ്ഡലങ്ങളാണ് ആദ്യഘട്ടത്തില്‍ വിധിയെഴുതുന്നത്.നിലവിലെ ഉപമുഖ്യമന്ത്രിമാരും ബിജെപിയുടെ സംസ്ഥാന നേതാക്കളുമായ സമ്രാട്ട് ചൗധരി,വിജയ്കുമാര്‍ സിന്‍ഹ,പ്രതിപക്ഷ നേതാവും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയുമായ തേജസ്വി യാദവ്,ലാലു കുടുംബത്തില്‍ പിണങ്ങിപ്പിരിഞ്ഞ് മത്സരിക്കുന്ന സഹോദരന്‍ തേജ്പ്രതാപ് യാദവ്,ജെ.ഡി.യു സംസ്ഥാന അധ്യക്ഷന്‍ ഉമേഷ് കുശ്വാഹ തുടങ്ങിയവര്‍ ആദ്യഘട്ടത്തിലാണ് ജനവിധി തേടുന്നത്.നിലവിലെ മുഖ്യമന്ത്രി നിതീഷ് കുമാര്‍ നിയമസഭാ കൗണ്‍സില്‍ അംഗമായതിനാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല.

To advertise here,

ആദ്യഘട്ടത്തില്‍ ജനവിധി തേടുന്ന 121 മണ്ഡലങ്ങളില്‍ പത്തിടങ്ങളില്‍ ഇരുമുന്നണികള്‍ക്കും അഭിമാന പോരാട്ടമാണ്.പാര്‍ട്ടി മാറിയും മുന്നണി മാറിയും പ്രമുഖ സ്ഥാനാര്‍ഥികള്‍ അണിനിരക്കുന്നതിനാല്‍ മത്സരം കനത്തു.

1).രാഘവ്പൂര്‍ മണ്ഡലം :ലാലു പ്രസാദ് യാദവിന്റെ കുടുംബമണ്ഡലമാണ് രാഘവ്പൂര്‍.ലാലുവും ഭാര്യ റാബ്രിയും മാറി മാറി മത്സരിച്ചിട്ടുള്ള രാഘവ്പൂറില്‍ ഇക്കുറിയും തേജസ്വി യാദവാണ് ആര്‍.ജെ.ഡിയുടെ സ്ഥാനാര്‍ഥി.1995 ലും 2000 ലും ലാലു പ്രസാദ് യാദവ് ജയിച്ച മണ്ഡലമാണിത്.റാബ്രിദേവിയാകട്ടെ മൂന്ന് വട്ടം ജയിച്ചു.എന്നാല്‍,2010 ല്‍ ലാലു കുടുംബത്തെ ഞെട്ടിച്ച് ബി.ജെ.പി സ്ഥാനാര്‍ഥി സതീഷ് കുമാര്‍ റാബ്രിദേവിയെ 13000 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയിരുന്നു.2015 മുതല്‍ രാഘവ്പൂറില്‍ ലാലുവിന്റെ മകന്‍ തേജസ്വിയുടെ ഊഴമാണ്.2015 ലും 2020 ലും തേജസ്വി വന്‍ഭൂരിപക്ഷത്തോടെ വിജയിച്ചു.അമ്മയെ തോല്‍പിച്ച സതീഷ് കുമാറിനെയാണ് ഈ രണ്ട് വട്ടവും തേജസ്വി കീഴ്പ്പെടുത്തിയത്.സതീഷ് കുമാര്‍ യാദവ് തന്നെയാണ് ഇക്കുറിയും എതിരാളി.ത്രികോണ മത്സര പ്രതീതി സൃഷ്ടിച്ച് പ്രശാന്ത് കിഷോറിന്റെ ജന്‍സുരാജ് പാര്‍ട്ടി സ്ഥാനാര്‍ഥി ചഞ്ചല്‍ സിംഗും രംഗത്തുണ്ട്.

2).താരാപ്പുര്‍ :ജെ.ഡിയുവിന്റെ ശക്തികേന്ദ്രമാണ് താരാപ്പുര്‍.ആര്‍ജെഡിയും ജെ.ഡി.യുവും തമ്മില്‍ കാലങ്ങളായി നേരിട്ട് ഏറ്റുമുട്ടുന്ന മണ്ഡലമാണിത്.എന്നാല്‍ ഇക്കുറി സീറ്റ് ധാരണ പ്രകാരം ഈ മണ്ഡലം ബിജെപിക്ക് ജെഡിയു വിട്ടുകൊടുത്തു.ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയാണ് എന്‍ഡിഎ സ്ഥാനാര്‍ഥി.കുശ്വാഹ,യാദവ,മുസ്ലീം,പട്ടികജാതി വിഭാഗങ്ങളുടെ സാന്നിധ്യമുള്ള മണ്ഡലമാണിത്.ആര്‍.ജെ.ഡിയുടെ സ്ഥാനാര്‍ഥി അരുണ്‍ കുമാറാണ്.

3).ലഖിസരായ് :നിതീഷ് സര്‍ക്കാരിലെ രണ്ടാമത്തെ ഉപമുഖ്യമന്ത്രിയായ വിജയ് കുമാര്‍ സിന്‍ഹയുടെ മണ്ഡലം.ആറാം വട്ടമാണ് അദ്ദേഹം ഇവിടെ മത്സരിക്കുന്നത്.യാദവര്‍,ഭൂമിഹാര്‍,ഓബിസി തുടങ്ങിയ വിഭാഗങ്ങള്‍ക്കാണ് പ്രാമുഖ്യം.വികസന വിഷയങ്ങളാണ് ചര്‍ച്ച.സിന്‍ഹയെ ജന്‍സുരാജ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി സുരാജ് കുമാറും എതിര്‍ക്കുന്നുണ്ട്.2010,2015,2020 എന്നീ വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി ജയിച്ച് ഈ മണ്ഡലത്തില്‍ ബി.ജെ.പി ശക്തമായ വേരുകളുണ്ടാക്കി.ഭൂമിഹാര്‍,ഉപരി സമുദായം എന്നിവരുടെ വോട്ടുകളാണ് ബി.ജെ.പിയെ പിന്തുണച്ചത്.മുംഗേര്‍ മേഖലയില്‍ ബി.ജെ.പിക്ക് ഏറ്റവും സുരക്ഷിതമായ മണ്ഡലം ലഖിസരായിയാണ്.

4).മഹ്വ :ലാലു കുടുംബത്തിലെ പടലപ്പിണക്കങ്ങള്‍ കൊണ്ട് ശ്രദ്ധേയമായ മണ്ഡലമാണ് മഹ്വ.ലാലുവിന്റെ മകനും തേജസ്വിയുടെ സഹോദരനും മുന്‍ ആരോഗ്യമന്ത്രിയുമായ തേജ് പ്രതാപ് യാദവ് സ്വന്തം പാര്‍ട്ടിയുണ്ടാക്കി ഈ മണ്ഡലത്തില്‍ മത്സരിക്കുന്നതോടെ കുടുംബയുദ്ധമായി മാറി.2015 ല്‍ ആര്‍.ജെ.ഡി സ്ഥാനാര്‍ഥിയായി തേജ് പ്രതാപ് ജയിച്ച മണ്ഡലമാണിത്.എന്നാല്‍ 2020 ല്‍ ഈ മണ്ഡലം വിട്ട് തേജ്പ്രതാപ് ഹാസന്‍പൂറിലാണ് മത്സരിച്ചത്.ആര്‍ജെഡിയുടെ സിറ്റിംഗ് എം.എല്‍എ മുകേഷ് കുമാര്‍ റൗഷമും എന്‍ഡിഎ സ്ഥാനാര്‍ഥിയും എല്‍.ജെ.പിയുടെ പ്രതിനിധിയുമായ സഞ്ജയ് സിംഗുമാണ് എതിരാളികള്‍.ശക്തമായ യാദവ വോട്ടുകളുള്ള മണ്ഡലമാണ്.അതുപോലെ,21.17 ശതമാനം പട്ടിക ജാതി വോട്ടുകളും 15.10 ശതമാനം മുസ്ലിം വോട്ടുകളുമുണ്ട്.

5).അലി നഗര്‍ :യുവ പോപ്പ് ഗായിക മൈഥിലി ഠാക്കൂറിന്റെ സ്ഥാനാര്‍ഥിത്വത്തോടെയാണ് അലിനഗര്‍ ശ്രദ്ധേയമായത്.മിഥിലാഞ്ചല്‍ മേഖലയിലെ ദര്‍ഭംഗ ജില്ലയില്‍ ഉള്‍പ്പെട്ട് ഈ മണ്ഡലത്തില്‍ 25 വയസ്സുകാരിയായ മൈഥിലി ബി.ജെ.പി സ്ഥാനാര്‍ഥിയാണ്.ആര്‍.ജെ.ഡിയുടെ സ്ഥാനാര്‍ഥി ബിനോദ് മിശ്രയാണ് എതിരാളി.2020 ല്‍ രണ്ടാം സ്ഥാനത്ത് ബിനോദ് എത്തിയിരുന്നു.2020 വരെ ആര്‍ജെഡിയുടെ ശക്തികേന്ദ്രമായാണ് ഈ മണ്ഡലത്തെ കണക്കാക്കിയിരുന്നത്.എന്നാല്‍,വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി മിശ്രിലാല്‍ യാദവായിരുന്നു 2020 ല്‍ വിജയിച്ചത്.

6).ഹാസന്‍പൂര്‍ :എന്‍ഡിഎ യും മഹാസഖ്യവും തമ്മില്‍ നേരിട്ട് ഏറ്റുമുട്ടുന്ന മണ്ഡലം.2020 ന് മുമ്പ് രണ്ട് വട്ടം ജെ.ഡി.യു കൈവശം വച്ചിരുന്നു.എന്നാല്‍ 2020 ല്‍ തേജ്പ്രതാപ് യാദവ് ജയിച്ച് മണ്ഡലം ആര്‍ജെഡിക്കായി നേടി.ഇത്തവണ ജെ.ഡിയു സ്ഥാനാര്‍ഥി രാജ് കുമാര്‍ റേയെ ആര്‍.ജെ.ഡിയുടെ മാലാ പുഷ്പമാണ് നേരിടുന്നത്.തേജ് പ്രതാപ് ഇക്കുറി മണ്ഡലം മാറി.ഈ സാഹചര്യത്തില്‍ ജെ.ഡി.യു സ്ഥാനാര്‍ഥി റേയെ മണ്ഡലം പി്ന്തുണക്കുമോയെന്നതിലാണ് ആകാംക്ഷ.

7).ഹര്‍നൗട്ട് :മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ശക്തികേന്ദ്രമാണ് നളന്ദയിലെ ഹര്‍നൗട്ട് മണ്ഡലം.1985 ല്‍ ആദ്യമായി നിതീഷ് നിയമസഭാംഗമായത് ഈ മണ്ഡലത്തില്‍ നിന്നാണ്.അതിന് ശേഷം ജെഡിയുവിന്റെ ശക്തികേന്ദ്രമാണ്.ജെ.ഡി.യുവിന്റ ഹരിനാരായണ്‍ യാദവും കോണ്‍ഗ്രസിന്റെ അരുണ്‍ കുമാറും ജന്‍സുരാജ് പാര്‍ട്ടിയുടെ കമലേഷ് പസ്വാനും തമ്മിലുള്ള മത്സരമാണ് ഇക്കുറി അരങ്ങേറുന്നത്.2015,2020 വര്‍ഷങ്ങളില്‍ ഹരിനാരായണ്‍ സിംഗാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത്.

8).ഷിയോഹാര്‍ :മുന്‍ കേന്ദ്രമന്ത്രിയും ആര്‍ജെഡി നേതാവും ലാലു പ്രസാദ് യാദവിന്റെ വലം കയ്യുമായ രഘുനാഥ് ഝായുടെ സ്വാധീനമേഖലയായിരുന്നു ഷിയോഹാര്‍.1972 മുതല്‍ 1995 വരെ രഘുനാഥ് ഝായാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചത്.എന്നാല്‍ പിന്നീട് ഗുണ്ടാതലവന്‍ ആനന്ദ് മോഹന്‍ ഈ പ്രദേശത്ത് സ്വാധീനമുറപ്പിച്ചു.2020 ല്‍ ആനന്ദ് മോഹന്റെ മകന്‍ ചേതന്‍ ആനന്ദാണ് ആര്‍.ജെ.ഡി ടിക്കറ്റില്‍ മത്സരിച്ച് ജയിച്ചത്.എന്നാല്‍ നിയമസഭയിലെ വിശ്വാസ വോട്ടെടുപ്പ് വേളയില്‍ നിതീഷ് സര്‍ക്കാരിനെ പിന്തുണച്ചതിന്റെ പേരില്‍ ചേതന്‍ ആനന്ദിനെ ആര്‍.ജെ.ഡി പുറത്താക്കി.ഇക്കുറി മുന്‍ കേന്ദ്രമന്ത്രി രഘുനാഥ് ഝായുടെ മകന്‍ നവ്നീത് ഝായെയാണ് ആര്‍ജെഡി രംഗത്തിറക്കുന്നത്.ജെ.ഡി.യു സ്ഥാനാര്‍ഥി ശ്വേതാ ഗുപ്തയും ജന്‍സുരാജ് പാര്‍ട്ടി സ്ഥാനാര്‍ഥി നീരജ് സിംഗമാണ് എതിരാളികള്‍.5 വട്ടം ആര്‍ജെഡി ജയിച്ചിരുന്നു.കോണ്‍ഗ്രസ് നാലു വട്ടം ജയിച്ചു.ജെ.ഡി.യു രണ്ട് വട്ടവും.

9).രഘുനാഥ്പൂര്‍ :മുന്‍ എംപിയും ആര്‍.ജെ.ഡി നേതാവും വിവാദങ്ങളുടെ പതിവുകാരനുമായ മുഹമ്മദ് ഷിഹാബുദ്ദീന്റെയും കുടുംബത്തിന്റെയും ശക്തികേന്ദ്രമാണ് രഘുനാഥ്പൂര്‍.2021 ല്‍ ഷിഹാബുദ്ദിന്റെ മരണശേഷം ഭാര്യ ഹേന രാഷ്ട്രീയ രംഗത്തിറങ്ങി.ഹേന വിവിധ തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ചു.ഒന്നിലും വിജയിച്ചില്ല.മൂന്ന് വട്ടം ആര്‍ജെഡി ടിക്കറ്റിലായിരുന്നു.2024 ല്‍ സ്വതന്ത്രയായും പയറ്റി.പക്ഷ,പരാജയപ്പെട്ടു.എന്നാല്‍ അവര്‍ പിടിച്ച 2.93 ലക്ഷം വോട്ടുകള്‍ ആര്‍.ജെ.ഡി സ്ഥാനാര്‍ഥിയുടെ കനത്തപരാജയത്തിന് കാരണമായി.ഇത്തവണ മകന്‍ മകന്‍ ഒസാമ ഷഹാബാണ് ആര്‍.ജെ.ഡിയുടെ സ്ഥാനാര്‍ഥി.സിറ്റിംഗ് എം.എല്‍.എ ഹരി ശങ്കര്‍ യാദവിനെ മാറ്റിയിട്ടാണ് ഒസാമയ്ക്ക് സീറ്റ് നല്‍കിയത്.ജെ.ഡി.യു സ്ഥാനാര്‍ഥി വികാസ് കുമാര്‍ സിംഗാണ് മുഖ്യ എതിരാളി.

10).സസാറാം :ജഗ്ജീവന്‍ റാമിന്റെയും മകള്‍ മീരാ കുമാറിന്റെയും മേഖലയാണ് കോണ്‍ഗ്രസിന് വേരോട്ടമുള്ള സസാറാം.രാഹുല്‍ ഗാന്ധിയുടെ വോട്ട് കൊള്ളക്കെതിരായ റാലി ആരംഭിച്ചത് സസാറാമില്‍ നിന്നാണ്.ഷെര്‍ഷയുടെ ജീവിതവുമായി ബന്ധപ്പെട്ട ചരിത്ര പ്രദേശം.2020 ല്‍ ആര്‍ജെഡി അംഗം രാജേഷ് കുമാര്‍ ഗുപ്ത ,ജെ.ഡി.യു സ്ഥാനാര്‍ഥി അശോക് കുമാറിനെ പരാജയപ്പെടുത്തി.ഇത്തവണ രാഷ്ട്രീയ ലോക് മോര്‍ച്ച നേതാവ് ഉപേന്ദ്ര കുശ്വാഹയുടെ ഭാര്യ സ്നേഹലതാ കുശ്വാഹയാണ് എന്‍ഡിഎ സ്ഥാനാര്‍ഥി.ആര്‍.ജെ.ഡിയുടെ സത്യേന്ദ്ര സാ എതിരാളിയാണ്.