
കാര്‍ഷികമേഖലയായ പൂര്‍ണിയയിലെ ഉള്‍ഗ്രാമത്തില്‍ നിന്നുള്ളഒരു ദൃശ്യം | ഫോട്ടോ: പി.ജി ഉണ്ണികൃഷ്ണന്
ഛഠ്പൂജാ തിരക്കില്‍ മുഴുകിയ ബിഹാര്‍ വീണ്ടും പ്രചരണത്തിരക്കിലേക്ക് ഉണരുമ്പോള്‍,പരമ്പരാഗത രാഷ്ട്രീയ മുദ്രാവാക്യങ്ങളിലേക്ക് തന്നെ പാര്‍ട്ടികള്‍ തിരിച്ചു പോകുന്നു. പ്രത്യേക വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ പശ്ചാത്തലത്തില്‍ മഹാസഖ്യം ഉയര്‍ത്തിയ വോട്ട് കൊള്ള വിവാദവും ബംഗ്ലാദേശില്‍ നിന്ന് വ്യാപക നുഴഞ്ഞു കയറ്റമെന്ന് ന്യൂനപക്ഷ വിഭാഗങ്ങളെ ലക്ഷ്യമിട്ടുള്ള ബി.ജെ.പിയുടെ പ്രചരണവും ഗ്രാമങ്ങളിലെ പ്രചരണ വേദികളിലില്ല.പകരം മച്ചിലി (മത്സ്യം),മഖാന ( ആമ്പല്‍ വിത്ത് ),പാന്‍ (വെറ്റില) എന്നീ ബിഹാറിന്റെ തനത് ജീവിതമാര്‍ഗ്ഗങ്ങളും അവ നേരിടുന്ന പ്രശ്നങ്ങളും പരിഹാരവാഗ്ദാനങ്ങളുമാണ് പ്രചരണവേദികളില്‍ ഇടം പിടിച്ചിരിക്കുന്നത്.ബിഹാറിലെ മച്ചിലി, മഖാന, പാന്‍ വ്യാപാരത്തിന്റെ മൊത്തം വരുമാനം പ്രതിവര്‍ഷം 8,000 കോടി രൂപയ്ക്ക് മുകളിലാണെന്നാണ് കണക്ക്.
തൊഴിലില്ലായ്മയും തൊഴിലാളി കുടിയേറ്റങ്ങളും മുതല്‍ നിതീഷ് സര്‍ക്കാരിന്റെ ഭരണവീഴ്ചകള്‍ വരെ മഹാസഖ്യവും ജന്‍സുരാജ് പാര്‍ട്ടിയും ഉയര്‍ത്തുമ്പോള്‍,കാര്‍ഷിക മേഖലയില്‍ നടപ്പാക്കിയ സഹായപദ്ധതികള്‍ മുതല്‍ പട്ന നഗരത്തിലെ മെട്രോ ട്രെയിന്‍ സര്‍വീസ് വരെ എന്‍.ഡി.എ.യുടെ മുദ്രാവാക്യങ്ങളാണ്.ഭരണം കിട്ടിയാല്‍ മദ്യം തിരിച്ചു കൊണ്ടുവരുമെന്ന് ആര്‍.ജെ.ഡിയും ജന്‍സുരാജും വാഗ്ദാനം ചെയ്യുമ്പോള്‍,സമ്പൂര്‍ണ മദ്യനിരോധനം തുടരുമെന്ന വാഗ്ദാനമാണ് ജെ.ഡി.യു ആവര്‍ത്തിക്കുന്നത്.രണ്ടിനുമുണ്ട് കയ്യടി.ഇതില്‍ ഏത് പ്രഖ്യാപനത്തിനാണ് കയ്യടി കൂടുതലെന്നത് വോട്ടെണ്ണല്‍ ഫലത്തെ സ്വാധീനിക്കും.
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് വോട്ട് കൊള്ളയും നുഴഞ്ഞു കയറ്റവുമായിരുന്നു മുന്നണികളുടെ പ്രചരണായുധങ്ങളെങ്കില്‍, പ്രഖ്യാപനത്തിന് ശേഷം പാര്‍ട്ടികള്‍ ബിഹാറിന്റെ യാഥാര്‍ഥ്യങ്ങളിലേക്ക് ഇറങ്ങി. നഗരപ്രദേശങ്ങളിലെ അക്കാദമിക് സമൂഹത്തിന് ചര്‍ച്ച ചെയ്യാവുന്ന വിഷയങ്ങള്‍ സാമൂഹ്യ-സാമ്പത്തിക ഘടകങ്ങളുടെ അതിപിന്നാക്കാവസ്ഥയില്‍ തുടരുന്ന കാര്‍ഷിക ഗ്രാമങ്ങളില്‍ ഏശില്ലെന്ന തിരിച്ചറിവിലാണ് രാഷ്ട്രീയ നേതൃത്വങ്ങള്‍ ഭരണനേട്ടങ്ങളും-ഭരണവീഴ്ചകളുമെന്ന പരമ്പരാഗതപ്രചരണ വിഷയങ്ങളിലേക്ക് വഴി മാറിയത്. വിജ്ഞാനവും വിദ്യാഭ്യാസവുമെത്തിച്ചേരാത്ത ഉള്‍ഗ്രാമങ്ങളില്‍ സൈദ്ധാന്തിക വിഷയങ്ങള്‍ക്ക് ആളനക്കങ്ങളില്ല.
മിഥിലാഞ്ചല്‍-സീമാഞ്ചല്‍ മേഖലയിലെ ഗ്രാമങ്ങളില്‍ വോട്ടര്‍പട്ടിക പരിഷ്‌കരണത്തിലെ പ്രശ്നങ്ങള്‍ കോണ്‍ഗ്രസ് പോലും ഉയര്‍ത്തുന്നില്ല.പ്രത്യേക വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ ന്യൂനപക്ഷവോട്ടര്‍മാര്‍ക്ക് നഷ്ടമേറെയുണ്ടായെന്ന് ആരോപണമുയര്‍ന്ന കിഷന്‍ഗഞ്ച്,മധേപുര,പൂര്‍ണിയ തുടങ്ങിയ സീമാഞ്ചല്‍ മേഖലകളിലും വിഷയം ചര്‍ച്ചയിലില്ല.പകരം 90 ശതമാനം ഗ്രാമങ്ങളുടെയും മുഖ്യജീവിത മാര്‍ഗ്ഗങ്ങളായ മച്ചിലി ,മഖാന,പാന്‍ എന്ന തനത് ബിഹാറി മുഖമുദ്രകളുള്ള വിഷയങ്ങളാണ് പ്രചരണവേദികളില്‍ പാര്‍ട്ടികള്‍ ഉയര്‍ത്തുന്നത്.ഗ്രാമങ്ങളിലെ നിരക്ഷരസമൂഹത്തില്‍ പോലും ആഴത്തില്‍ വേരോടിയ രാഷ്ട്രീയവും അടങ്ങാത്ത സ്വത്വബോധവുമുണ്ടെന്നതാണ് ബിഹാര്‍ ജനതയെ വേറിട്ട് നിര്‍ത്തുന്നത്.
വാഗ്ദാനങ്ങളുടെ വലകള്‍
മച്ചിലി,മഖാന,പാന്‍ എന്നിവ ബിഹാറിന്റെ ജീവിതവുമായി ഇഴചേര്‍ന്ന പ്രകൃതിസംഭാവനകളാണ്. ബിഹാറില്‍ മത്സ്യം ഭക്ഷണം മാത്രമല്ല, ജീവിതമാര്‍ഗ്ഗവും കൂടിയാണ്. ബിഹാറിന്റെ ആഘോഷങ്ങളില്‍ മച്ചിലി ഭാത് അനിവാര്യം. അതെ സമയം മല്ല, നിഷാദ് സമുദായങ്ങളിലെ ആയിരക്കണക്കിന് ജനങ്ങളുടെ ജീവിതായോധനമാണ് മത്സ്യകൃഷിയും മത്സ്യബന്ധനവും. രാഷ്ട്രീയത്തിലും ഇവരുടെ സ്വാധീനം നിര്‍ണായകം. മത്സ്യത്തൊഴില്‍ ചെയ്യുന്നില്ലെങ്കിലും മല്ലയുടെ മകന്‍ എന്നാണ് വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടിയുടെ നേതാവ് മുകേഷ് സഹാനി സ്വയം വിശേഷിപ്പിക്കുന്നത് !
മത്സ്യക്കര്‍ഷകരെ വാഗ്ദാനങ്ങളുടെ വലയെറിഞ്ഞ് പിടിക്കാന്‍ പാര്‍ട്ടികള്‍ മത്സരത്തിലാണ്. മെച്ചപ്പെടുത്തിയ കുളങ്ങള്‍, ജലാശയങ്ങള്‍,ഹാച്ചറികള്‍, മത്സ്യക്കമ്പോളങ്ങള്‍, ശീതീകരണസംഭരണികള്‍ തുടങ്ങിയവയാണ് ഈ വാഗ്ദാനപ്പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. വാഗ്ദാനങ്ങള്‍ നിരത്തുക മാത്രമല്ല, മത്സ്യക്കര്‍ഷകര്‍ക്കൊപ്പം പാടത്തിറങ്ങാനും അവര്‍ക്കൊപ്പം ഇരുന്ന് മത്സ്യം ഭക്ഷിക്കാനും നേതാക്കളും സ്ഥാനാര്‍ഥികളും മത്സരത്തിലാണ്.
മത്സ്യക്കുളത്തില്‍ നടത്തുന്ന മഖാന കൃഷിയും മിഥിലാഞ്ചല്‍ മേഖലയുടെ പ്രധാന ജീവിതമാര്‍ഗ്ഗമാണ്. പ്രധാനമന്ത്രി മുതല്‍ പ്രാദേശികനേതാക്കള്‍ വരെ മഖാനയുടെ മഹത്വം പ്രകീര്‍ത്തിക്കുന്നു. അമേരിക്ക ഉള്‍പ്പടെ വിദേശരാജ്യങ്ങളില്‍ കമ്പോളങ്ങള്‍ തുറക്കുന്നു. ഗവേഷണ കേന്ദ്രങ്ങളും ബോര്‍ഡും രൂപവല്‍ക്കരിക്കുന്നു. കാര്‍ഷികമേഖലകളിലെ യുവാക്കള്‍ക്ക് മഖാന തൊഴില്‍പ്രതീക്ഷകളുടെ വിളവെടുപ്പാണ്. അതിനാല്‍ രാഷ്ട്രീയത്തിനും മഖാനയുടെ വില ഉയര്‍ച്ചയും താഴ്ചയും പരമപ്രധാനം.
മച്ചിലിയും മഖാനയും സൃഷ്ടിക്കുന്നത് തൊഴിലും വരുമാനവുമാണെങ്കില്‍ പാന്‍ കൃഷി(വെറ്റിലകൃഷി)ബിഹാറിന്റെ സാംസ്‌കാരിക മുദ്രകൂടിയാണ്. ബിഹാറില്‍ പാന്‍ കടകള്‍ വെറും കടകള്‍ക്കപ്പുറം ജനങ്ങളുടെ സാംസ്‌കാരികവിനിമയ കേന്ദ്രങ്ങള്‍ കൂടിയാണ്. കേരളത്തിലെ ചായക്കടകള്‍ക്ക് സമാനമായി രാഷ്ട്രീയം പറയാന്‍ ആളുകള്‍ ഒത്തുകൂടുന്ന ഇടമാണ് ബിഹാറിലെ പാന്‍ കടകള്‍. തിരഞ്ഞെടുപ്പ് സമയത്ത് ഇവ വാദ-പ്രതിവാദ കേന്ദ്രങ്ങളായി മാറുന്നു. അതിനാല്‍ രാഷ്ട്രീയ നേതാക്കളും സ്ഥാനാര്‍ഥികളും പ്രധാന പാന്‍കടകളിലെത്തി രാഷ്ട്രീയം സംസാരിക്കുന്നതും പതിവ്.
നവാഡ,ഗയ,ഔറംഗബാദ് തുടങ്ങിയ ജില്ലകളിലെ ആയിരക്കണക്കിന് കുടുംബങ്ങളുടെ ജീവിതമാണ് പാന്‍കൃഷിയും വ്യാപാരവും. ഗയയിലെ മഗഹി പാനും ദര്‍ഭംഗയിലെ മിഥിലാഞ്ചല്‍ പാനും ലോകപ്രശസ്തമാണ്. ജലസേചന സൗകര്യങ്ങള്‍,വിള ഇന്‍ഷുറന്‍സ്,സര്‍ക്കാര്‍ പദ്ധതികള്‍ തുടങ്ങിയവയാണ് പാന്‍ കര്‍ഷകര്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍.''വില ഉറപ്പ് ലഭിക്കുക എന്നതാണ് പ്രധാനം. മാസങ്ങളെടുത്താണ് ഓരോന്നും കൃഷി ചെയ്യുന്നത്. എന്നാല്‍ ഇടത്തട്ടുകാര്‍ക്കും വില്‍പനക്കാര്‍ക്കും മാര്‍ക്കറ്റില്‍ ലഭിക്കുന്ന വിലയുടെ ഭേദപ്പെട്ട പങ്ക് കര്‍ഷകര്‍ക്ക് ലഭിക്കണം. അതുണ്ടാകുന്നില്ല ''-പൂര്‍ണിയയിലെ മഖാന കര്‍ഷകരിലൊരാളായ രജീന്ദര്‍ പറയുന്നു.
Content Highlights: Bihar election campaigns shift focus from traditional slogans to local livelihoods like fish, makhana, and pan. Discover how these issues are shaping voter sentiment.
Published: 29 Oct 2025, 07:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented