പട്ന: 2020 ല്‍ കപ്പിനും ചുണ്ടിനുമിടയില്‍ ഭരണം നഷ്ടമായ മഹാസഖ്യത്തിന്റെ തിരിച്ചുവരാമെന്ന പ്രതീക്ഷകളെ പാടേ തകര്‍ത്താണ് ബിഹാറില്‍ എന്‍ഡിഎ വന്‍ വിജയത്തിലേക്ക് നീങ്ങുന്നത്. തൊഴിലില്ലായ്മയും പിന്നാക്കാവാസ്ഥയും സജീവ ചര്‍ച്ചയാക്കി യുവതയുടെ നേതാവായി തേജസ്വിയെ മുന്‍നിര്‍ത്തി ഭരണം പിടിക്കാമെന്ന മോഹങ്ങളാണ് തകര്‍ന്നടിഞ്ഞത്. ഭരണവിരുദ്ധ വികാരത്തെ ഭരണാനുകൂല വികാരമാക്കി മാറ്റാന്‍ കൃത്യമായ പദ്ധതികളും പ്രഖ്യാപനങ്ങളുമായി തുടക്കം മുതല്‍ മുന്നിലായിരുന്നു എന്‍ഡിഎ ക്യാമ്പ്.
പ്രത്യേകിച്ച് സ്ത്രീകള്‍ക്കായി പ്രഖ്യാപിച്ച കാഷ് ബെനിഫിറ്റ് പ്രോഗ്രാമില്‍ 10,000 രൂപം വീതം 12 ലക്ഷത്തോളം സ്ത്രീകളുടെ അക്കൗണ്ടിലെത്തിയത് ഒരുമാസം മുമ്പാണ്. അത് കൃത്യമായി വോട്ടായി മാറാന്‍ ഇതിലും മികച്ച ടൈമിങ് ഇല്ല. അപസ്വരങ്ങളില്ലാതെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയ എന്‍ഡിഎയെ അപേക്ഷിച്ച് പ്രതിപക്ഷത്തിന് എല്ലാ സീറ്റിലും കെട്ടുറപ്പോടെ മത്സരിക്കാന്‍ പോലും കഴിഞ്ഞില്ല. മുകേഷ് സാഹ്നിയുടെ വികാസ് ഇന്‍ ശീല്‍ പാര്‍ട്ടിയെ എന്‍ഡിഎയില്‍ നിന്ന് അടര്‍ത്തിയെടുത്ത് ഏഴ് പാര്‍ട്ടികളുടെ മഹാസഖ്യം കെട്ടിപ്പടുത്തിട്ടും 16 സീറ്റില്‍ പരസ്പരം മത്സരിക്കുന്ന സാഹചര്യവും പ്രതിപക്ഷത്തിന് തിരിച്ചടിയായി. കഴിഞ്ഞ തവണ സീമാഞ്ചല്‍ മേഖലയില്‍ ഒവൈസിയുടെ പാര്‍ട്ടിയുടെ സാന്നിധ്യം ന്യൂനപക്ഷ വോട്ടുകളെ ഭിന്നിപ്പിച്ചതായിരുന്നു തേജസ്വിയുടെ സ്വപ്നം തകര്‍ത്തതെങ്കില്‍ ഇത്തവണ സീറ്റില്‍ കാര്യമായ നേട്ടമില്ലെങ്കിലും ഭരണവിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിക്കുന്നതില്‍ മറ്റു ചെറുപാര്‍ട്ടികള്‍ അവര്‍ക്ക് തിരിച്ചടിയായി.
2020-ല്‍ 75 സീറ്റുകളോടെ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്ന ആര്‍ജെഡിക്ക് ഇത്തവണ അതിന്റെ പകുതി സീറ്റുകളില്‍ പോലും ലീഡ് ചെയ്യാനായിട്ടില്ല.
യാദവ-മുസ്ലിം വോട്ടുബാങ്കിനപ്പുറത്തേക്ക് ആര്‍ജെഡിക്ക് ഇപ്പോഴും വളരാനാവുന്നില്ലെന്ന് ഈ തിരഞ്ഞെടുപ്പും തെളിയിക്കുന്നു. മുന്നോക്ക വോട്ടുകള്‍ക്ക് ആശ്രയിക്കുന്ന കോണ്‍ഗ്രസാകട്ടെ വീണ്ടും ക്ഷീണിച്ച് ദയനീയ പ്രകടനമാണ്. കഴിഞ്ഞ തവണ 70 സീറ്റില്‍ മത്സരിച്ച് 19 സീറ്റില്‍ ഒതുങ്ങിയ കോണ്‍ഗ്രസിന് ഇത്തവണ അതിന്റെ പകുതി സീറ്റില്‍പോലും മുന്നിലെത്താനായിട്ടില്ല. 60 സീറ്റില്‍ മത്സരിച്ചിട്ട് ആറ് സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. മുകേഷ് സാഹ്നിയുടെ പാര്‍ട്ടിയിലൂടെ നിഷാദ് സമുദായത്തിന്റെ അടക്കം പിന്നാക്ക വോട്ടുകളില്‍ ഒരുപങ്ക് പ്രതീക്ഷിച്ചെങ്കിലും അത് ഫലംകണ്ടില്ല. 2020 ല്‍ മഹാസഖ്യത്തിന് 15 സീറ്റുകളുടെ വ്യത്യാസത്തിനാണ് എന്‍ഡിഎയ്ക്ക് മുമ്പില്‍ കീഴടങ്ങേണ്ടി വന്നത്. അപ്പോഴും 75 സീറ്റുമായി ഏറ്റവും വലിയ ഒറ്റകക്ഷി ആര്‍ജെഡിയായിരുന്നു. അന്ന് കൃത്യമായി പറഞ്ഞാല്‍ കേവലം 11,500 വോട്ടുകളുടെ മാത്രം വ്യത്യാസമായിരുന്നു ഭരണം നിശ്ചയിച്ചത്. കഴിഞ്ഞ തവണ 11 സീറ്റില്‍ ആയിരത്തില്‍ താഴെ ഭൂരിപക്ഷത്തിനും ഏഴിടത്ത് 500 വോട്ടില്‍ താഴെയുമായിരുന്നു ജനവിധി. 2020 ല്‍ 19 സീറ്റില്‍ മത്സരിച്ച് 12 സീറ്റുമായി സിപിഐഎംഎല്‍ ഞെട്ടിച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഇത്തവണ അവര്‍ക്കും കാര്യമായ നേട്ടമുണ്ടാക്കാനായില്ല ആറിടത്ത് മാത്രമാണ് ലീഡുള്ളത്. രണ്ട് സീറ്റുകള്‍ വീതമുണ്ടായിരുന്ന സിപിഎമ്മും സിപിഐയും ഓരോ സീറ്റില്‍ മാത്രമാണ് ഇത്തവണ മുന്നിലുള്ളത്.
Content Highlights: Bihar's Mandate: Examining the Strategic Wins of NDA and the Challenges Faced by the Grand Alliance
Published: 14 Nov 2025, 12:44 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented