പട്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് തൂത്തുവാരി ബിജെപി-ജെഡിയു നേതൃത്വത്തിലുള്ള എൻഡിഎ. 243 അംഗ നിയമസഭയിൽ 202 സീറ്റുനേടി സഖ്യം വൻവിജയംനേടി. കേവല ഭൂരിപക്ഷത്തിനുവേണ്ടത് 122 സീറ്റാണ്.

To advertise here,

അഞ്ചാമത് എൻഡിഎ സർക്കാരാണ് ബിഹാറിൽ അധികാരത്തിലെത്തുന്നത്. ജെഡിയു നേതാവായ നിതീഷ് കുമാർതന്നെയായിരിക്കും മുഖ്യമന്ത്രി. ആർജെഡിയും കോൺഗ്രസും ഇടതുപാർട്ടികളും അടങ്ങുന്ന മഹാസഖ്യം തകർന്നടിഞ്ഞു. എക്സിറ്റ് പോൾ പ്രവചനങ്ങളെ മറികടന്നുള്ള വിജയമാണ് എൻഡിഎ നേടിയത്. നിതീഷ് സർക്കാരിന്റെ സത്യപ്രതിജ്ഞ ഈ മാസം 18-ന് നടന്നേക്കും. ബിജെപിക്ക്‌ രണ്ട് ഉപമുഖ്യമന്ത്രിമാരുണ്ടാകുമെന്നാണ് സൂചന.

മഹാസഖ്യം 34 സീറ്റിലൊതുങ്ങി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 75 സീറ്റുനേടിയ ആർജെഡി 25 സീറ്റിലേക്ക്‌ ചുരുങ്ങി. കോൺഗ്രസിനും ഇത്തവണ വലിയ തിരിച്ചടി നേരിട്ടു. 61 സീറ്റിൽ മത്സരിച്ചെങ്കിലും ആറുസീറ്റിലൊതുങ്ങി. കഴിഞ്ഞ തവണ 19 സീറ്റ്‌ കിട്ടിയിരുന്നു.മത്സരിച്ച 101 സീറ്റിൽ 89-ഉം നേടി ബിജെപി വലിയ ഒറ്റക്കക്ഷിയായി. മത്സരിച്ച മണ്ഡലങ്ങളുടെ എണ്ണം കണക്കാക്കുമ്പോൾ 90 ശതമാനത്തോളം വിജയമാണ് ബിജെപി നേടിയത്‌.2020-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 43 സീറ്റുനേടിയ ജെഡിയു ഇത്തവണ 84 സീറ്റുനേടി വലിയ തോതിൽ നിലമെച്ചപ്പെടുത്തി. കേന്ദ്രമന്ത്രി ചിരാഗ് പസ്വാന്റെ നേതൃത്വത്തിലുള്ള എൽജെപി (രാംവിലാസ്) വലിയ മുന്നേറ്റം നടത്തി 19 സീറ്റ്‌ സ്വന്തമാക്കി. എസ്ഐആർ, വോട്ടുകവർച്ച തുടങ്ങിയ ആരോപണങ്ങളൊന്നും ഭരണപക്ഷത്തെ ബാധിച്ചില്ല. മുസ്‌ലിങ്ങൾക്ക്‌ നിർണായക സ്വാധീനമുള്ള സീമാഞ്ചൽ മേഖലയിലും എൻഡിഎ നേട്ടമുണ്ടാക്കി. വോട്ട് വിഹിതത്തിൽ മുന്നിൽ ആർജെഡിയാണ്. 23 ശതമാനം വോട്ട് അവർക്ക് കിട്ടി.