തിനാറിൽ നിന്ന് ഒറ്റയക്കത്തിലേക്കുള്ള കൂപ്പുകുത്തൽ. ഒറ്റ സീറ്റില്ലാതെ സിപിഐ. സിപിഐ എംഎലും സിപിഎമ്മിന് ഓരോ സീറ്റ് വീതം. സമീപകാലത്ത് ബിഹാറിലെ ഇടതുപക്ഷത്തിന്റെ ഏറ്റവും വലിയ തോൽവിയാണ് ഈ നിയമസഭാ തിരഞ്ഞെടുപ്പിലേത്. അഞ്ച് വർഷങ്ങൾക്ക് മുൻപ് ഏവരെയും ഞെട്ടിച്ച അതേ ഇടതുപക്ഷം ഇക്കുറി തകർന്നടിഞ്ഞു. 2020ൽ  12 സീറ്റുകൾ നേടിയ സിപിഐ(എംഎൽ)  പേരിനൊരു സീറ്റിലൊതുങ്ങി. ബിജെപിക്കെതിരായ പോരാട്ടത്തില്‍ ആര്‍ജെഡിയുമായും കോണ്‍ഗ്രസുമായും കൈകോര്‍ത്തിട്ടും അമ്പേ പരാജയപ്പെട്ടു ഇടതുപക്ഷം. സംസ്ഥാനരാഷ്ട്രീയത്തിലെ പാർട്ടികളുടെ നിലനിൽപ്പ് തന്നെ ചോദ്യംചെയ്യുന്നതാണ് ജനവിധി.

To advertise here,

വോട്ടെണ്ണലിന്റെ ആദ്യഘട്ടം മുതല്‍ തന്നെ എന്‍ഡിഎ കുതിച്ചപ്പോള്‍ ഇടതുപാര്‍ട്ടികള്‍ ഉള്‍പ്പെട്ട മഹാസഖ്യം കനത്ത തകര്‍ച്ച നേരിട്ടു. മണിക്കൂറുകള്‍ക്കുള്ളില്‍ എന്‍ഡിഎയുടെ ലീഡ് കേവലഭൂരിപക്ഷവും കടന്നു. അടവുകള്‍ പലതും പയറ്റിയിട്ടും നിതീഷ് കുമാറിനെ അധികാരത്തില്‍ നിന്ന് താഴെയിറക്കാന്‍ മഹാസഖ്യത്തിന് കഴിഞ്ഞില്ല. ആര്‍ജെഡി അടക്കം മുന്നണിയിലെ ഒരു കക്ഷിക്കും കഴിഞ്ഞ തവണ നേടിയ സീറ്റുകളുടെ പകുതിപോലും നിലനിർത്താനായില്ല. വോട്ടെണ്ണൽ പുരോഗമിക്കുംതോറും മഹാസഖ്യം ദയനീയമായ തോൽവിയിലേക്ക് കൂപ്പുകുത്തി.പ്രത്യേകിച്ച് ഇടതുപക്ഷപാര്‍ട്ടികളുടെയും കോണ്‍ഗ്രസിന്റെയും പ്രകടനം ദയനീയമായിരുന്നു. മറുവശത്ത് 200 കടന്ന് എൻഡിഎ കുതിച്ചു.

2020 ല്‍ 16 സീറ്റില്‍ വിജയിച്ചുകയറിയ ഇടതുപാര്‍ട്ടികള്‍ക്ക് ഈ തിരഞ്ഞെടുപ്പില്‍ അതിന് അടുത്തുപോലും എത്താനായില്ല. രണ്ടക്കം പോലും തികയ്ക്കാനാകാതെ ഇടതുപക്ഷം വിയര്‍ക്കുന്ന കാഴ്ചയാണ് ബിഹാറില്‍ കാണാനായത്. കൂടുതല്‍ സീറ്റുകളില്‍ മത്സരിച്ച സിപിഐ(എംഎല്‍) അടക്കം എല്ലാ ഇടതുപക്ഷ പാർട്ടികളും വൻ പരാജയം നേരിട്ടു. സിപിഐക്കും സിപിഎമ്മിനും കയ്യിലുള്ള രണ്ട് സീറ്റുകള്‍ പോലും നിലനിര്‍ത്താനാവാത്ത വിധം തകര്‍ച്ച നേരിട്ടു.  19 സീറ്റില്‍ മത്സരിച്ച്  12 എണ്ണവും വിജയിച്ച് ഞെട്ടിച്ച അതേ സിപിഐ(എംഎല്‍) ആണ് അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം 20 സീറ്റില്‍ മത്സരിച്ച് രണ്ടിലേക്കൊതുങ്ങിയത്. ഫലം പാര്‍ട്ടിയെ കൂടുതല്‍ ചിന്തിപ്പിക്കുമെന്നുറപ്പ്.

ഇടതുപക്ഷത്തിന്റെ വളര്‍ച്ചയും തളര്‍ച്ചയും കണ്ടാണ് കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് ബിഹാര്‍ രാഷ്ട്രീയം ചലിച്ചത്. ഇടറിയും പതറിയും ഉയിര്‍ത്തെഴുന്നേറ്റും ഇടതുപക്ഷം ബിഹാറിന്റെ മണ്ണില്‍ നടത്തിയ വിപ്ലവത്തിന് കണക്കുകള്‍ സാക്ഷ്യവുമാണ്. 1995 ല്‍ 36 സീറ്റിലാണ് ഇടതുപക്ഷം വിജയിച്ചുകയറിയത്. സിപിഐ 26 സീറ്റില്‍ വിജയിച്ചപ്പോള്‍ സിപിഎം രണ്ട് സീറ്റിലും സിപിഐ(എംഎല്‍) ആറ് സീറ്റിലും വിജയിച്ചു. മാര്‍ക്‌സിസ്റ്റ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി രണ്ട് സീറ്റുകളും നേടിയതോടെ ഇടതുപക്ഷം 36 സീറ്റുകളുമായി മിന്നി. എന്നാല്‍ അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം നടന്ന തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ഒട്ടുമിക്ക സീറ്റുകളും നഷ്ടമായി. ആകെ 14 സീറ്റുകളാണ് നേടാനായത്. സിപിഐക്ക് കനത്ത തിരിച്ചടിയേറ്റതാണ് ഇടതുപക്ഷത്തിന് പ്രഹരമേല്‍പ്പിച്ചത്. 1995 ല്‍ 26 സീറ്റുകളുണ്ടായിരുന്ന സിപിഐക്ക് 2000 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ജയിക്കാനായത് അഞ്ചില്‍ മാത്രമാണ്. അതേസമയം സിപിഎമ്മും ലിബറേഷനും അവരവരുടെ സീറ്റുകള്‍ നിലനിര്‍ത്തുകയും ചെയ്തു. മാര്‍ക്‌സിസ്റ്റ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഒറ്റയക്കത്തിലൊതുങ്ങി.

പിന്നീട് നടന്ന തിരഞ്ഞെടുപ്പുകളില്‍ സിപിഐ (എംഎല്‍) ആണ് ഇടതുപാളയത്തില്‍ കരുത്തോടെനിന്നത്. മറ്റു ഇടതുപാര്‍ട്ടികളാകട്ടെ ബിഹാറിന്റെ മണ്ണില്‍ തളരുന്ന കാഴ്ചയും കണ്ടു. 2005 ലെ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം 11 സീറ്റുകള്‍ കരസ്ഥമാക്കിയപ്പോള്‍ 2010 ലും 2015 ലും അമ്പേ പരാജയപ്പെട്ടു. 2005 ല്‍ സിപിഐ (എംഎല്‍) ഏഴ് സീറ്റ്, സിപിഐ മൂന്ന്, സിപിഎം ഒന്ന് എന്നിങ്ങനെയായിരുന്നു കക്ഷിനില. 2010 ല്‍ ഇടതുപക്ഷത്തിന് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരിച്ചടിയാണ് നേരിട്ടത്. സിപിഐ നേടിയ ഒരു സീറ്റ് മാത്രമായിരുന്നു ബിഹാറിലെ ഇടതുസാന്നിധ്യം. 2015 ല്‍ അത് മൂന്നായി ഉയര്‍ന്നു. വിജയിച്ച സീറ്റുകളെല്ലാം ലിബറേഷന്റേതായിരുന്നു.

ഇടതുപക്ഷം പഴയ പ്രഭാവം വീണ്ടെടുത്ത തിരഞ്ഞെടുപ്പായിരുന്നു 2020 ലേത്. അന്ന് ബിജെപിക്കെതിരായി കോണ്‍ഗ്രസുമായും ആര്‍ജെഡിയുമായും കൈകോര്‍ക്കാന്‍ ഇടതുപക്ഷം മടിച്ചില്ല. പ്രത്യേകിച്ച് സിപിഐ(എംഎല്‍). മഹാസഖ്യത്തിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങിയ ഇടതുപക്ഷം മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. സിപിഐയും സിപിഎമ്മും രണ്ട് സീറ്റുകള്‍ വീതം നേടിയപ്പോള്‍ സിപിഐ(എംഎല്‍) 12 സീറ്റുകളുമായി രാഷ്ട്രീയകേന്ദ്രങ്ങളെ ഞെട്ടിച്ചു. അതും വെറും 19 സീറ്റില്‍ മത്സരിച്ചാണ് 12 ല്‍ ജയിച്ചുകയറിയത്.

ബിജെപിക്കെതിരായ പോരാട്ടത്തില്‍ രാഷ്ട്രീയവൈരികളായ ആര്‍ജെഡിക്കും കോണ്‍ഗ്രസിനും കൈകൊടുക്കാന്‍ രണ്ടാമതൊന്നാലോചിക്കേണ്ടിവന്നിരുന്നില്ല സിപിഐ(എംഎല്‍) ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യക്ക്. ഈ അവസരം നഷ്ടപ്പെടുത്തിയാല്‍ ജനാധിപത്യം അതിജീവിക്കില്ലെന്ന് പറഞ്ഞുവെച്ചാണ് ദീപാങ്കര്‍ ബിഹാറിലെ മഹാപോരാട്ടത്തില്‍ മഹാസഖ്യത്തിനൊപ്പം ചേര്‍ന്നത്. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉയര്‍ത്തിപ്പിടിച്ച ആ നയവും രാഷ്ട്രീയവും ബിഹാര്‍ മണ്ണില്‍ ചലനമുണ്ടാക്കുകയും ചെയ്തു. ലിബറേഷന്‍ പാര്‍ട്ടിയുള്ള മഹാസഖ്യം വിജയിച്ചാല്‍ ബിഹാറില്‍ നക്‌സലിസം തിരിച്ചുവരുമെന്നടക്കം അന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരോപിച്ചു. അതിനുള്ള മറുപടിയായിരുന്നു അന്ന് കിഴക്കന്‍ യുപിയോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ സിപിഐ(എംഎല്‍) നേടിയ ജയം. പിന്നാലെ ലോക്‌സഭയിലും സാന്നിധ്യമുറപ്പിച്ചതോടെ സംസ്ഥാനത്തെ ഇടതുപക്ഷത്തിന്റെ നെടുംതൂണായി സിപിഐ(എംഎല്‍) മാറി. കഴിഞ്ഞ വര്‍ഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റിലാണ് ജയം.

ഒരുവര്‍ഷത്തിന് ശേഷം മറ്റൊരു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോഴും പാര്‍ട്ടിയുടെ നയം സുവ്യക്തമായിരുന്നു. ബിജെപിക്കെതിരായ പോരാട്ടത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് പ്രഖ്യാപിച്ചാണ് ദീപാങ്കര്‍ മഹാസഖ്യത്തിനൊപ്പം ചേര്‍ന്ന് തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയത്. സര്‍ക്കാരിനെതിരേ തീവ്ര വോട്ടര്‍ പരിഷ്‌കരണമുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു പ്രചാരണം. കഴിഞ്ഞ തവണ 19 സീറ്റുകളില്‍ മത്സരിച്ച പാര്‍ട്ടി ഇക്കുറി 20 സീറ്റുകളിലാണ് മത്സരിച്ചത്. സിപിഎം നാലുസീറ്റിലും സിപിഐ ഒന്‍പതിടങ്ങളിലും മത്സരിച്ചു. ആകെ 33 സീറ്റുകളിലാണ് ഇടതുപക്ഷം ജനവിധി തേടിയത്.

2020 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും സാന്നിധ്യമറിയിച്ച സിപിഐ(എംഎല്‍), പ്രഭാവം വീണ്ടെടുക്കുകയാണെന്ന് തോന്നിച്ച ഘട്ടത്തിലാണ് ഈ കനത്ത പരാജയം.  ബിഹാറിന്റെ മണ്ണില്‍ നിലയുറപ്പിക്കാന്‍ പുതിയ ഫോര്‍മുല തേടേണ്ടതുണ്ടെന്ന യാഥാര്‍ഥ്യം ഇടതിനെ ഓര്‍മിപ്പിക്കുന്നതുകൂടിയാണ് ബിഹാറിലെ വിധിയെഴുത്ത്.