ന്യൂഡല്ഹി: ഡല്ഹി നിയമസഭ തിരഞ്ഞെടുപ്പില് ന്യൂഡല്ഹി നിയോജകമണ്ഡലത്തില് ബി.ജെ.പി.ക്കിത് ചരിത്രവിജയം. പതിറ്റാണ്ടിലേറെ കാലം കോണ്ഗ്രസും പിന്നീട് ആംആദ്മി പാര്ട്ടിയും കൈവശംവെച്ചിരുന്ന മണ്ഡലമാണ് പര്വേശ് സാഹിബ് സിങ് വര്മയിലൂടെ ബി.ജെ.പി. തിരിച്ചുപിടിച്ചത്. അതും മുന് മുഖ്യമന്ത്രിയും ആംആദ്മി കണ്വീനറുമായ അരവിന്ദ് കെജ്രിവാളിനെ വീഴ്ത്തിക്കൊണ്ട്.
ഡല്ഹിയില് കാല്നൂറ്റാണ്ടിന് ശേഷം ബി.ജെ.പി. വമ്പന് തിരിച്ചുവരവ് നടത്തിയപ്പോള് ഏറെ തിളക്കമുള്ള വിജയമാണ് പര്വേശ് വര്മയുടേത്. ന്യൂഡല്ഹി മണ്ഡലത്തില് ആംആദ്മിയുടെ നേതാവ് അരവിന്ദ് കെജ്രിവാളും മുന് കോണ്ഗ്രസ് മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ മകന് സന്ദീപ് ദീക്ഷിതുമായിരുന്നു പര്വേശ് വര്മയുടെ എതിര്സ്ഥാനാര്ഥികള്. ഒടുവില് ഫലം പുറത്തുവന്നപ്പോള് ആംആദ്മിയുടെ 'വന്മരം' സാക്ഷാല് കെജ്രിവാളിനെതിരേ പര്വേശ് വര്മ അട്ടിമറിജയം നേടുകയായിരുന്നു. 4089 വോട്ടുകള്ക്കാണ് പര്വേശ് വര്മ കെജ്രിവാളിനെ തറപറ്റിച്ചത്. കോണ്ഗ്രസ് സ്ഥാനാര്ഥിയായ സന്ദീപ് ദീക്ഷിത് നേടിയ 4568 വോട്ടുകളും ബി.ജെ.പി. വിജയത്തില് നിര്ണായകമായി.
ഡല്ഹി മുന്മുഖ്യമന്ത്രിയും മുതിര്ന്ന ബി.ജെ.പി. നേതാവുമായിരുന്ന സാഹിബ് സിങ് വര്മയുടെ മകനാണ് 47-കാരനായ പര്വേശ് വര്മ. എം.ബി.എ. ബിരുദധാരിയായ അദ്ദേഹം 2013-ലെ നിയമസഭ തിരഞ്ഞെടുപ്പിലാണ് ബി.ജെ.പി.യില് സജീവമാകുന്നത്. 2013-ല് ബി.ജെ.പി. തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗമായ പര്വേശ് വര്മ അതേവര്ഷം മെഹ്രൗളി മണ്ഡലത്തില്നിന്ന് ബി.ജെ.പി. ടിക്കറ്റിലേക്ക് മത്സരിക്കുകയും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയുംചെയ്തു. 2014-ല് ഡല്ഹി വെസ്റ്റില്നിന്ന് അദ്ദേഹം ലോക്സഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. 2019-ല് ഡല്ഹിയിലെ ലോക്സഭ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ഉയര്ന്ന ഭൂരിപക്ഷവുമായി പര്വേശ് വര്മ വീണ്ടും വെസ്റ്റ് ഡല്ഹിയില്നിന്ന് എം.പി.യായി.
2025-ലെ ഡല്ഹി നിയമസഭ തിരഞ്ഞെടുപ്പില് ന്യൂഡല്ഹി മണ്ഡലത്തിലാണ് പര്വേശ് വര്മ ബി.ജെ.പി.ക്കായി ഗോദയിലിറങ്ങിയത്. ആംആദ്മി കണ്വീനര് അരവിന്ദ് കെജ്രിവാവാളിനെ നേരിടാന് പര്വേശ് വര്മ എന്ന കരുത്തനെ തന്നെ ബി.ജെ.പി. കളത്തിലിറക്കി. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള് കെജ്രിവാളിനെ പരാജയപ്പെടുത്തി പര്വേശ് വര്മ കരുത്ത് തെളിയിച്ചു.

ഡല്ഹിയില് ബി.ജെ.പി. മുഖ്യമന്ത്രിയായി ഏറ്റവും കൂടുതല് സാധ്യതകല്പ്പിക്കപ്പെടുന്നത് പര്വേശ് വര്മയ്ക്കാണ്. എന്നാല്, മുഖ്യമന്ത്രിയാകുമോ എന്ന ചോദ്യത്തിന് എല്ലാം പാര്ട്ടി തീരുമാനിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പാര്ട്ടി മുഖ്യമന്ത്രിയാകാന് ആവശ്യപ്പെട്ടാല് അത് നിറവേറ്റുമെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.
ഔദ്യോഗികമായി തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കും മുന്പേ പര്വേശ് വര്മ ഇത്തവണ ന്യൂഡല്ഹി മണ്ഡലത്തില് സജീവമായിരുന്നു. മണ്ഡലത്തിലെ ചേരികള് സന്ദര്ശിച്ച് അവരുടെ ആവശ്യങ്ങള് ചോദിച്ചറിഞ്ഞു. പലര്ക്കും സൗജന്യ വെള്ളമോ വൈദ്യുതിയോ ലഭിക്കുന്നില്ലെന്ന് അദ്ദേഹം തുറന്നടിച്ചു. ആര്ക്കെങ്കിലും ശുദ്ധമായ വെള്ളവും സൗജന്യ വൈദ്യുതിയും ലഭിക്കുന്നുണ്ടെങ്കില് അവരെല്ലാം കെജ്രിവാളിന് വോട്ട് ചെയ്തോളൂ എന്നായിരുന്നു പ്രചാരണവേളയില് പര്വേശ് വര്മ പറഞ്ഞത്. യമുനയെ സബര്മതി നദീതീരത്തിന് സമാനമാക്കി മാറ്റും, ചേരിനിവാസികള്ക്ക് വീടുകള് നല്കും. 50,000 സര്ക്കാര് ജോലികള്, ഫ്ളൈഓവറുകള്, മലിനീകരണമില്ലാത്ത ഡല്ഹി എന്നിവയെല്ലാമായിരുന്നു പര്വേശ് വര്മയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്.
ആഹ്ലാദം പങ്കുവെച്ച് കുടുംബവും...
പര്വേശ് വര്മയുടെ തിരഞ്ഞെടുപ്പ് വിജയത്തില് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും ആഹ്ലാദം പങ്കുവെച്ചു. അച്ഛന്റെ വിജയത്തില് ഏറെ സന്തോഷമുണ്ടെന്നും അടുത്ത അഞ്ചുവര്ഷത്തേക്ക് ബി.ജെ.പി.ക്ക് അവസരം നല്കിയ ന്യൂഡല്ഹിയിലെ ജനങ്ങളോട് നന്ദിയുണ്ടെന്നും പര്വേശ് വര്മയുടെ മകള് സനിധി വാര്ത്താ ഏജന്സിയായ എ.എന്.ഐ.യോട് പ്രതികരിച്ചു.
പാര്ട്ടി പിതാവിനെ ഏല്പ്പിച്ച എല്ലാ ചുമതലകളും സ്വീകരിച്ചിട്ടുണ്ട്. ഇത്തവണയും അത് സന്തോഷത്തോടെ നിറവേറ്റുമെന്നും മകള് പറഞ്ഞു. ന്യൂഡല്ഹിയിലെ വോട്ടര്മാര്ക്ക് നന്ദിയുണ്ടെന്ന് പര്വേശ് വര്മയുടെ മറ്റൊരു മകളായ തൃഷയും വാര്ത്താ ഏജന്സിയോട് പ്രതികരിച്ചു. ഇത്തവണ ഡല്ഹിയിലെ ജനങ്ങള് കള്ളം പറയുന്നവരെ വിജയിപ്പിച്ചില്ലെന്നും അവര്ക്ക് അവസരം നല്കിയില്ലെന്നും മകള് പറഞ്ഞു.
സ്വാതി സിങ് ആണ് പര്വേശ് വര്മയുടെ ഭാര്യ. രണ്ടുപെണ്മക്കളെ കൂടാതെ ഒരു മകനും അദ്ദേഹത്തിനുണ്ട്.
Content Highlights: Who is parvesh sahib singh verma, bjp leader who defeated arvind kejriwal
Published: 08 Feb 2025, 05:46 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented