ന്യൂഡല്‍ഹി:  ബി.ജെ.പി തരംഗത്തില്‍ അരവിന്ദ് കെജ്‌രിവാളിനും മനീഷ് സിസോദിയയ്ക്കും കാലിടറിയപ്പോള്‍ പിടിച്ചുനിന്ന് ഡല്‍ഹി മുഖ്യമന്ത്രി അതിഷി. കല്‍ക്കാജി മണ്ഡലത്തില്‍ മത്സരിച്ച അതിഷി ബി.ജെ.പിയുടെ രമേഷ് ബിദൂരിയയെയാണ് തോല്‍പ്പിച്ചത്. മുഖ്യമന്ത്രിയാകാന്‍ സാധ്യതയുണ്ടായിരുന്ന മുന്‍ എം.പി രമേഷ് ബിദൂരിയയ്‌ക്കെതിരെ കടുത്ത വെല്ലുവിളിക്കൊടുവിലാണ് അവസാന റൗണ്ടില്‍ മുന്നിലെത്തി വിജയം പിടിച്ചെടുത്തത്‌. അവസാന രണ്ട് റൗണ്ട് എണ്ണാന്‍ തുടങ്ങുമ്പോള്‍ 200 ഓളം വോട്ടുകള്‍ക്ക് അതിഷി പിന്നിലായിരുന്നു.

To advertise here,

3521 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അതിഷി വിജയിച്ചത്. അതിഷി 52154 വോട്ടുകള്‍ നേടി. ബിദൂരിയുടെ അക്കൗണ്ടിലെത്തിയത് 48633 വോട്ടാണ്. അതിഷിക്കെതിരെ കോണ്‍ഗ്രസ് രംഗത്തിറക്കിയ വനിതാ നേതാവ് അല്‍ക്ക ലാംബയ്ക്ക് 4392 വോട്ടുകള്‍ മാത്രമാണ് നേടാനായത്. 

ജയില്‍ മോചിതനായ കെജ്‌രിവാള്‍ നാടകീയമായി രാജി പ്രഖ്യാപിച്ചതോടെയാണ് അതിഷി ഡല്‍ഹിയുടെ മുഖ്യമന്ത്രിയായത്. 140 ദിവസങ്ങള്‍ അവര്‍ ഡല്‍ഹിയെ നയിച്ചു. സുഷമാ സ്വരാജിനും ഷീലാ ദീക്ഷിതിനും ശേഷം രാജ്യതലസ്ഥാനം ഭരിക്കുന്ന വനിത കൂടിയാണ് അവര്‍. ഡല്‍ഹിയുടെ വിദ്യാഭ്യാസ വിപ്ലവത്തില്‍ നിര്‍ണായക പങ്ക് വഹിച്ചതും അതിഷിയായിരുന്നു. അന്ന് വിദ്യാഭ്യാസ മന്ത്രിയായിരുന്ന മനീഷ് സിസോദിയയുടെ പിന്നില്‍ പ്രവര്‍ത്തിച്ച കരങ്ങളിലൊന്ന് അതിഷിയുടേതായിരുന്നു.