തിരുവനന്തപുരം: ഡല്‍ഹിയില്‍ ബിജെപിയെ അധികാരത്തിലെത്തിച്ചത് കോണ്‍ഗ്രസ് ആണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സ്വയം ഇല്ലാതാകാനും ആം ആദ്മി പാര്‍ട്ടിയെ തോല്‍പിക്കാനും കോണ്‍ഗ്രസ് ചിന്തിച്ചതുകൊണ്ടാണ് ബിജെപി അധികാരത്തില്‍വന്നതെന്ന് എംവി ഗോവിന്ദന്‍ ആരോപിച്ചു.

To advertise here,

എഎപിയാണ് ഏറ്റവും പ്രധാനപ്പെട്ട ശത്രു എന്ന നിലപാട് കോണ്‍ഗ്രസ് എടുത്തതുകൊണ്ടാണ് ബിജെപി ജയിച്ചത്. കോണ്‍ഗ്രസും എഎപിയും ചേര്‍ന്നിരുന്നുവെങ്കില്‍ ഏകദേശം 50 ശതമാനം വോട്ടായി. രാഹുല്‍ ഗാന്ധി ഉള്‍പ്പടെ എഎഎപിയെ വിമര്‍ശിച്ചു. ഒരു ഐക്യമുന്നണി രൂപപ്പെടുത്തി വിശാലമായ ഒരു ബിജെപി വിരുദ്ധ മുന്നണിക്ക് രൂപംകൊടുക്കുന്ന നിലപാട് സ്വീകരിക്കാത്തതിന്റെ ഫലമായി വലിയ നഷ്ടമാണ് ഇന്ത്യാ ബ്ലോക്കിന് മുഴുവന്‍ ഉണ്ടായതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. 

27 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഡല്‍ഹിയില്‍ ബിജെപി അധികാരത്തിലേറുന്നത്. ഡല്‍ഹി അസംബ്ലി തിരഞ്ഞെടുപ്പില്‍ 70 സീറ്റുകളില്‍ 47 സീറ്റുകളില്‍ ഇതിനകം ബിജെപി വിജയിച്ചുകഴിഞ്ഞു. ഒരു സീറ്റില്‍ ബിജെപി മുന്നിട്ട് നില്‍ക്കുകയാണ്. 22 സീറ്റുകളിലാണ് ആം ആദ്മി പാര്‍ട്ടി വിജയിച്ചത്. മിക്ക മണ്ഡലങ്ങളിലും നേരിയ ഭൂരിപക്ഷത്തിലാണ് ബിജെപി വിജയിച്ചുകയറിയത്. കോണ്‍ഗ്രസിന്റെ പിന്തുണ ഉണ്ടായിരുന്നുവെങ്കില്‍ ആം ആംദ്മി പാര്‍ട്ടിക്ക് മുന്നേറാമായിരുന്നുവെന്ന വിലയിരുത്തലുണ്ടാകുന്നത് ഈ സാഹചര്യത്തിലാണ്.