
ന്യൂഡല്‍ഹി: ലോക്സഭയിലേക്കയക്കുന്ന പാര്‍ട്ടിയെ നിയമസഭയിലേക്കു വിടാത്ത പതിവ് ഡല്‍ഹി തെറ്റിച്ചിരിക്കുന്നു. കാല്‍നൂറ്റാണ്ടിനപ്പുറം ഭരണചക്രം തിരിക്കാന്‍ ഡബിള്‍ എന്‍ജിന്‍ സര്‍ക്കാരിന് ബി.ജെ.പി.യുമായി ഡല്‍ഹിക്കാര്‍ ഡീലുറപ്പിച്ചു. 2013 മുതല്‍ രാജ്യതലസ്ഥാനത്ത് രാഷ്ട്രീയപരീക്ഷണത്തിലായിരുന്ന ആം ആദ്മി പാര്‍ട്ടി പ്രതിപക്ഷത്തിരിക്കും. എ.എ.പി.യെന്ന രാഷ്ട്രീയഭീഷണിയെ തളച്ചതിന്റെ ആത്മവിശ്വാസം കോണ്‍ഗ്രസിനുണ്ടാകും.
നിര്‍ണായകമായി സ്ത്രീവോട്ടര്‍മാര്‍
10 വര്‍ഷത്തിനിടയിലെ കുറഞ്ഞ പോളിങ് രേഖപ്പെടുത്തിയ ഇത്തവണത്തെ നിയമസഭാതിരഞ്ഞെടുപ്പില്‍ സ്ത്രീവോട്ടര്‍മാരാണ് ഡല്‍ഹിയുടെ വിധി നിര്‍ണയിച്ചത്. ആകെ 60.54 ശതമാനമായിരുന്നു പോളിങ്. ഇതില്‍ 60.9 ശതമാനവും സ്ത്രീവോട്ടര്‍മാരായിരുന്നു. കാല്‍നൂറ്റാണ്ടിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്. മുന്‍പ്, കെജ്രിവാളിനൊപ്പം ഉറച്ചുനിന്ന സ്ത്രീകള്‍ കൂടുതലായി വോട്ടുചെയ്യാനിറങ്ങിയപ്പോള്‍ ഭരണം കിട്ടിയത് ബി.ജെ.പി.ക്കാണ്. എന്നാല്‍, കണക്കുകള്‍ ഇഴകീറി പരിശോധിക്കുമ്പോള്‍ പുറത്തുപോകുന്ന ആം ആദ്മി പാര്‍ട്ടിക്കും ബി.ജെ.പി.ക്കും തമ്മില്‍ രണ്ടുശതമാനമേ വോട്ടുവ്യത്യാസം വരുന്നുള്ളൂവെന്ന് കാണാം.
ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളും പാര്‍ട്ടിയും ക്ഷേമപദ്ധതികള്‍ നടപ്പാക്കുന്നതിലും ആനുകൂല്യങ്ങളും സൗജന്യങ്ങളും നല്‍കുന്നതിലും എതിരഭിപ്രായമില്ലെങ്കിലും ഡല്‍ഹിക്ക് അതുമാത്രം പോരെന്നും ഫലം വ്യക്തമാക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി പറയുന്നതുപോലെ ഡബിള്‍ എന്‍ജിന്‍ സര്‍ക്കാര്‍ വരുമ്പോള്‍ പുരോഗതിക്ക് വേഗംകൂടുമെന്ന് വോട്ടര്‍മാര്‍ കണക്കുകൂട്ടി. മാത്രമല്ല, എ.എ.പി.യെക്കാള്‍ മിന്നുന്ന ആനുകൂല്യങ്ങളും, പ്രത്യേകിച്ച് സ്ത്രീകള്‍ക്കായി ബി.ജെ.പി. വാഗ്ദാനംചെയ്തിരുന്നു.
പൂര്‍വാഞ്ചല്‍ വോട്ടുകള്‍ ബി.ജെ.പി.യിലേക്ക്
യു.പി.യില്‍നിന്നും ബിഹാറില്‍നിന്നുമൊക്കെ കുടിയേറിയ പൂര്‍വാഞ്ചല്‍ വിഭാഗക്കാരാണ് ഡല്‍ഹിയിലെ വോട്ടര്‍മാരില്‍ 30 ശതമാനത്തോളം. പല മണ്ഡലങ്ങളിലായി ചിതറിക്കിടക്കുന്ന ഈ വോട്ടര്‍മാര്‍ മുന്‍പ് എ.എ.പി.ക്കൊപ്പമായിരുന്നെങ്കില്‍ ഇത്തവണ മാറ്റത്തിന്റെ കാറ്റ് ബി.ജെ.പി.യിലേക്ക് വീശിയിട്ടുണ്ടെന്ന് ഫലത്തില്‍ പ്രകടമാണ്. എന്നാല്‍, ബിഹാറില്‍നിന്നുള്ള ജെ.ഡി.യു.വും എല്‍.ജെ.പി.യും (രാംവിലാസ്) പച്ചതൊട്ടില്ല. പൂര്‍വാഞ്ചലുകാരുടെ വിശ്വാസവുമായി ബന്ധപ്പെടുകിടക്കുന്ന യമുനാനദി വൃത്തിയാക്കാനായില്ലെന്നത് കെജ്രിവാളിനും പാര്‍ട്ടിക്കും കറുത്തമറുകായി. യമുനയില്‍ ഹരിയാണയിലെ ബി.ജെ.പി. സര്‍ക്കാര്‍ വിഷംകലര്‍ത്തുന്നുവെന്ന രാഷ്ട്രീയാരോപണമുയര്‍ത്തി കെജ്രിവാള്‍ പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും അത് ഏശിയില്ല.
വോട്ടര്‍മാരുടെ മനഃശാസ്ത്രം
ഒരുവശത്ത് വഴിപിരിഞ്ഞുനില്‍ക്കുന്ന ഇന്ത്യസഖ്യവും മറുവശത്ത് ശക്തമായ ബി.ജെ.പി. സഖ്യവുമെന്ന ചിത്രമാണ് അടിസ്ഥാനപരമായി ഡല്‍ഹിയില്‍ വോട്ടര്‍മാര്‍ക്കുമുന്നിലുണ്ടായിരുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പിന് ഒന്നിച്ച് വോട്ടുചോദിച്ചെത്തിയവര്‍ മാസങ്ങള്‍ക്കുശേഷം പരസ്പരം പോരടിച്ചു. അരവിന്ദ് കെജ്രിവാളും രാഹുല്‍ഗാന്ധിയും പരസ്പരം ചെളിവാരിയെറിയുമ്പോള്‍ അപ്പുറത്ത് ബ്രാന്‍ഡ് മോദി ശക്തമായിനിന്നു. ഇതിനിടെ സീറ്റുകിട്ടാത്ത എട്ട് എ.എ.പി. എം.എല്‍.എ.മാര്‍ ബി.ജെ.പി.യിലേക്ക് ചാടിയതോടെ പൊതുമധ്യത്തില്‍ ചര്‍ച്ചകളായി.
Content Highlights: Delhi Assembly election results show BJP`s victory, ending AAP`s rule.
Published: 09 Feb 2025, 06:28 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented