ന്യൂഡല്‍ഹി:  ഡല്‍ഹിയില്‍ അരവിന്ദ് കെജ്‌രിവാളിന്റെ ആധിപത്യത്തിന് അന്ത്യം. വന്‍ തിരിച്ചടിക്കിടയിലും പാര്‍ട്ടിയുടെ മുഖമായ കെജ് രിവാള്‍ കൂടി തോറ്റതോടെ എഎപിയുടെ പതനം പൂര്‍ണമായി. ന്യൂഡല്‍ഹി മണ്ഡലത്തില്‍  ബി.ജെ.പിയുടെ പര്‍വേശ് സാഹിബ് സിങ്ങിനോടാണ് കെജ്‌രിവാള്‍ പരാജയപ്പെട്ടത്. 4089 വോട്ടിനായിരുന്നു തോല്‍വി.

To advertise here,

കെജ്‌രിവാള്‍ 25999 വോട്ട് നേടിയപ്പോള്‍ പര്‍വേശ് 30088 വോട്ടും നേടി. മൂന്നാമതെത്തിയ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും ഷീലാ ദീക്ഷിതിന്റെ മകനുമായ സന്ദീപ് ദീക്ഷിത് നേടിയ 4568  വോട്ടും കെജ്‌രിവാളിന്റെ പരാജയത്തില്‍ നിര്‍ണായകമായി. 2013-ല്‍ ഷീലാ ദീക്ഷിതിനെ തോല്‍പിച്ചായിരുന്നു കെജ്‌രിവാളിന്റെ വരവ്.

ജംഗ്പുരയില്‍ മനീഷ് സിസോദിയയ്ക്കും കാലിടറി. 675 വോട്ടിനായിരുന്നു സിസോദിയയുടെ തോല്‍വി. ബി.ജെ.പിയുടെ തര്‍വീന്ദര്‍ സിങ്ങാണ് ഇവിടെ വിജയിച്ചത്. മനീഷ് സിസോദിയ 38184 വോട്ട് നേടിയപ്പോള്‍ തര്‍വീന്ദര്‍ 38859 വോട്ട് നേടി.