ശ്രീന​ഗർ: ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിൽ മിന്നും ജയം സ്വന്തമാക്കിയിരിക്കുകയാണ് ഒമർ അബ്ദുള്ളയും അദ്ദേഹത്തിന്റെ പാർട്ടിയായ നാഷണൽ കോൺഫറൻസും. ഒമർ മുഖ്യമന്ത്രിയായേക്കുമെന്നാണ് റിപ്പോർട്ട്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ പഴയ ഒരു സാമൂഹിക മാധ്യമ പോസ്റ്റ് ആഘോഷമാക്കുകയാണ് പാർട്ടി അനുയായികൾ ഉൾപ്പെടെയുള്ളവർ.

To advertise here,

2014-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കനത്ത പരാജയം ഏറ്റുവാങ്ങിയശേഷം ഒമർ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വരികളാണ് ഇപ്പോൾ ശ്രദ്ധയാകർഷിക്കുന്നത്. സമാധാനമായിരിക്കൂ, കാരണം ഞാൻ തിരിച്ചുവരും എന്നാണ് അദ്ദേഹം അന്ന് പോസ്റ്റ് ചെയ്തിരുന്നത്. ഒമർ അന്നുപറഞ്ഞ തിരിച്ചുവരവാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നതെന്നാണ് സാമൂഹിക മാധ്യമങ്ങളിൽ അദ്ദേഹത്തിനെ പിന്തുണയ്ക്കുന്നവരുടെ അഭിപ്രായം.

placeholder
ഒമർ അബ്ദുള്ളയുടെ പഴയ ട്വീറ്റ്

ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് അഞ്ചുവർഷങ്ങൾക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പിൽ നാഷണൽ കോൺഫറൻസ് - കോൺ​ഗ്രസ് സഖ്യം 48 സീറ്റുകളാണ് പിടിച്ചടക്കിയത്. 51 സീറ്റുകളിൽ മത്സരിച്ച നാഷണൽ കോൺഫറൻസ് 42 ഇടങ്ങളിലും 32 സീറ്റുകളിൽ മത്സരിച്ച കോൺ​ഗ്രസ് ആറിടങ്ങളിലും വിജയം രുചിച്ചു.

രണ്ട് സീറ്റുകളിൽ മത്സരിച്ച ഒമർ അബ്ദുള്ള ഈ രണ്ടിടത്തും വിജയിച്ചു. ബദ്ഗാം, ​ഗന്ദേർബാൽ മണ്ഡലങ്ങളിലായിരുന്നു ഒമർ അബ്ദുള്ള മത്സരിച്ചത്.