ന്യൂഡൽഹി: ജമ്മു കശ്മീർ, ഹരിയാണ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. ജമ്മു കശ്മീരിൽ മൂന്ന് ഘട്ടമായിട്ടാകും വോട്ടെടുപ്പ്. ആദ്യഘട്ടം സെപ്‍റ്റംബർ 18-നും രണ്ടാഘട്ടം സെപ്‍റ്റംബർ 25-നും മൂന്നാം ഘട്ടം ഒക്ടോബർ ഒന്നിനും നടക്കും. ഹരിയാന ഒക്ടോബർ ഒന്നിന് ഒറ്റഘട്ടമായി വിധിയെഴുതും. ഒക്ടോബർ നാലിന് വോട്ടെണ്ണൽ.
പത്തു വർഷങ്ങൾക്ക് ശേഷമാണ് ജമ്മു കശ്മീരിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. 90 മണ്ഡലങ്ങളാണുള്ളത്. സെപ്റ്റംബർ 30-ന് മുമ്പ് തിരഞ്ഞെടുപ്പ് നടത്തണമെന്ന സുപ്രീം കോടതിയുടെ ഉത്തരവുണ്ടായിരുന്നു. ജമ്മുവിൽ ബാലറ്റ് വഴിയാവും തിരഞ്ഞെടുപ്പ്. എല്ലാ വിഭാഗത്തിനും വോട്ടവകാശമുണ്ട്. കുടിയേറിയവർക്കും വോട്ട് രേഖപ്പെടുത്താമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണർ രാജിവ് കുമാർ വ്യക്തമാക്കി. 11,838 പോളിങ് ബൂത്തുകളാണുള്ളത്. ഓരോ ബൂത്തിലും 735 വോട്ടർമാരാണുള്ളത്.
ഝാർഖണ്ഡ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് തീയതികളും കേരളം അടക്കമുള്ള ഉപതിരഞ്ഞെടുപ്പ് തീയതികളും പ്രഖ്യാപിച്ചിട്ടില്ല.
ഹരിയാണ കക്ഷിനില-ആകെ സീറ്റ് 90
| 2019-ലെ കക്ഷി നില | |
| ബി.ജെ.പി. | 40 |
| കോണ്‍ഗ്രസ് | 31 |
| ജെ.ജെ.പി. | 10 |
പത്ത് വര്‍ഷമായി ബി.ജെ.പി. ഭരണം നടത്തുന്ന ഹരിയാണയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് മുഖ്യമന്ത്രിയെ മാറ്റി മുഖംമിനുക്കലിന് ബി.ജെ.പി. ശ്രമിച്ചത്. മനോഹര്‍ലാല്‍ ഖട്ടാറിന് പകരം നയാബ് സിങ് സെയ്‌നിയെ മുഖ്യമന്ത്രിയാക്കി. ലോക്ദളിന്റെ തട്ടകത്തില്‍ നേതാവില്ലാതെ മോദി തരംഗത്തിലാണ് 2014-ല്‍ ബി.ജെ.പി. അധികാരം പിടിച്ചത്. കടുത്ത ഭരണവിരുദ്ധ വികാരത്തേയും കര്‍ഷകപ്രക്ഷോഭത്തേയും നേരിട്ട് 2019-ല്‍ ദുഷ്യന്ത് ചൗട്ടാലയുടെ ജനനായക് ജനതാ പാര്‍ട്ടിയുടെ പിന്തുണയില്‍ ബി.ജെ.പി. ഭരണം നിലനിര്‍ത്തി.
കര്‍ഷകരോഷം തിരിച്ചറിഞ്ഞ് ജെ.ജെ.പി. സര്‍ക്കാരിനുള്ള പിന്തുണ അടുത്തിടെ പിന്‍വലിച്ചെങ്കിലും ദുഷ്യന്തിന്റെ പാര്‍ട്ടിയെ പിളര്‍ത്തിയാണ് ബി.ജെ.പി. സര്‍ക്കാര്‍ സഭയില്‍ വിശ്വാസം വീണ്ടെടുത്തത്. ഭരണം തിരിച്ചുപിടിക്കാന്‍ സുവര്‍ണാവസരമായി കരുതുന്ന കോണ്‍ഗ്രസിന് ഏറ്റവും വലിയ വെല്ലുവിളി പാര്‍ട്ടിക്കുള്ളിലെ ഹൂഡ-ഷെല്‍ജ ചേരികളുടെ തമ്മിലടിയാണ്. ജാട്ടുകളുടെ ബി.ജെ.പിയോടുള്ള അനിഷ്ടവും കര്‍ഷകരോഷവും ബി.ജെ.പിക്ക് വലിയ വെല്ലുവിളിയാണ് ഇത്തവണ.
ജമ്മു കശ്മീര്‍
10 വര്‍ഷത്തിന് ശേഷമാണ് ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കുന്നത്. ജമ്മു കശ്മീര്‍ വിഭജിച്ച് ലഡാക്ക് കേന്ദ്രഭരണപ്രദേശമാക്കിയ ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ് കൂടിയാണിത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെയാണ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി നഷ്ടമായത്. അതിന് ശേഷം നടക്കുന്ന തിരഞ്ഞെടുപ്പില്‍ ജനഹിതം എങ്ങനെയാകും എന്നാണ് രാഷ്ട്രീയ നിരീക്ഷരും ഉറ്റുനോക്കുന്നത്. ജമ്മു മേഖലയിലാണ് ബി.ജെ.പി. ഇത്തവണ ഏറെ പ്രതീക്ഷ വെക്കുന്നത്. ഗുലാം നബി ആസാദ് കോണ്‍ഗ്രസ് വിട്ട ശേഷമുള്ള തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിനും ജീവന്മരണ പോരാട്ടമാണ്.
കശ്മീര്‍ മേഖലയില്‍ പി.ഡി.പിയും നാഷണല്‍ കോണ്‍ഫറന്‍സുമാണ് പ്രബല ശക്തികള്‍. ഇതിന് പുറമെ പീപ്പിള്‍സ് കോണ്‍ഫറന്‍സ് പിടിക്കുന്ന വോട്ടുകളും നിര്‍ണായകമാകും. രണ്ട് മാസം മുമ്പ് നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള അഞ്ച് സീറ്റില്‍ നാഷണല്‍ കോണ്‍ഫറന്‍സ് രണ്ട് സീറ്റിലും ബി.ജെ.പി. രണ്ട് സീറ്റിലുമാണ് ജയിച്ചത്. ബരാമുള്ളയില്‍ ഉമര്‍ അബ്ദുള്ള തോല്‍ക്കുകയുണ്ടായി.
2014-ലെ കക്ഷിനില
| ആകെ സീറ്റ് | 90 |
| പി.ഡി.പി. | 28 |
| ബി.ജെ.പി. | 25 |
| എന്‍.സി. | 15 |
| കോണ്‍ഗ്രസ് | 12 |
Content Highlights: EC announced Assembly elections dates
Published: 16 Aug 2024, 03:35 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented