
മലപ്പുറത്തിന്റെ മൂന്നിലൊന്നുപോലുംവരില്ല മിസോറമിലെജനസംഖ്യ.ഏതാണ്ട് കാസര്‍ക്കോടുള്ളത്ര ജനങ്ങളേ അവിടെയുള്ളൂ.പക്ഷേ, മധ്യപ്രദേശിനും രാജസ്ഥാനും തെലങ്കാനയ്ക്കുംഛത്തീസ്ഗഢിനുമൊപ്പം നിര്‍ത്തിചര്‍ച്ച ചെയ്യേണ്ടത്ര പ്രാധാന്യംമിസോറമിലെതിരഞ്ഞെടുപ്പിനുമുണ്ട് എന്നതാണ് വാസ്തവം.
അരക്കേരളത്തിന്റെ വലുപ്പമേ ഉള്ളുവെങ്കിലും, രാജ്യാന്തര അതിര്‍ത്തികള്‍ പങ്കിടുന്ന സംസ്ഥാനമെന്ന പ്രത്യേകതകൂടി മിസോറമിനുണ്ട്. അതുകൊണ്ടുതന്നെ അവിടെ നടക്കുന്ന തിരഞ്ഞെടുപ്പിനും ഒരു അന്തര്‍ദേശീയ സ്വഭാവം കൈവരും. മ്യാന്മറും ബംഗ്ലാദേശും മതവും മണിപ്പുരും കുക്കിയും ഗോത്ര പാരമ്പര്യവുമൊക്കെ പറഞ്ഞുപോകാതെ മിസോറമിന്റെ തിരഞ്ഞെടുപ്പു ചിത്രം പൂര്‍ത്തിയാവില്ല.
നവംബര്‍ ഏഴിനാണ് വിധിയെഴുത്ത്. ഡിസംബര്‍ മൂന്നിന് ഫലപ്രഖ്യാപനവും. 40 നിയമസഭാ സീറ്റുകളാണുള്ളത്. നിലവില്‍ ഭരിക്കുന്ന എം.എന്‍.എഫും (മിസോ നാഷണല്‍ ഫ്രണ്ട്) സെഡ്.പി.എമ്മും (സോറം പീപ്പിള്‍സ് മുവ്‌മെന്റ്) കോണ്‍ഗ്രസും ബി.ജെ.പി.യുമാണ് മത്സരരംഗത്തെ പ്രധാനികള്‍. വിവിധ പാര്‍ട്ടികളെ പ്രതിനിധാനം ചെയ്തും സ്വതന്ത്രരും അടക്കം 174 പേര്‍ ഇത്തവണ പോര്‍മുഖത്തുണ്ട്. എല്ലാവരുടെയും നാമനിര്‍ദേശപ്പത്രിക അംഗീകരിച്ചു. 174-ല്‍ വനിതകളായി 16 പേര്‍.
തള്ളിക്കളയാന്‍ വരട്ടെ...
ദേശീയതലത്തിലും തങ്ങള്‍ക്ക് ഒരു വമ്പിച്ച ഇരിപ്പിടമുണ്ടെന്ന് സ്ഥാപിക്കാനാവുന്ന ചിലതും ഈ കുഞ്ഞന്‍ സംസ്ഥാനത്തിന് പ്രത്യേകമായുണ്ട്. ഇന്ത്യയുടെ ആകെ വിസ്തൃതിയുടെ 0.6 ശതമാനമേ മിസോറമുള്ളൂ. രാജ്യത്തെ നൂറ്റിനാല്‍പ്പതോളം കോടി ജനസംഖ്യയില്‍ മിസോറം ഭാഗവാക്കാകുന്നത് 0.1 ശതമാനം മാത്രം. അതുപോലെ ഇന്ത്യയുടെ മൊത്തം സമ്പദ് വ്യവസ്ഥയില്‍ മിസോറം നല്‍കുന്നതും 0.1 ശതമാനം തന്നെ.
എന്നാല്‍ അതെത്ര ചെറുതെന്ന് തള്ളിക്കളയാന്‍ വരട്ടെ. വലിപ്പവും ജനസംഖ്യയും പരിഗണിച്ചാൽ മിസോറമിന്റെ ആളോഹരി വരുമാനം ദേശീയ ശരാശരിയെക്കാള്‍ കൂടും. മുന്‍പ് കോണ്‍ഗ്രസ് ഭരിച്ചപ്പോഴും ഇപ്പോള്‍ എം.എന്‍.എഫ്. ഭരിക്കുമ്പോഴും ഈ സ്ഥിതിയില്‍ മാറ്റമില്ല. എന്നാല്‍ സൊറംതങ്ക സര്‍ക്കാരിന്റെ കീഴില്‍ അടുത്തകാലത്തായി സാധനങ്ങളുടെ വിലവര്‍ധന ഒരാശങ്കയായി നിലനിന്നിരുന്നു. പലപ്പോഴും ദേശീയ ശരാശരിയേക്കാള്‍ കൂടി. സമീപ മാസങ്ങളില്‍ ഇത് കുറഞ്ഞു എന്നത് തിരഞ്ഞെടുപ്പില്‍ ആശ്വാസമാകുമെന്ന് പ്രതീക്ഷിക്കുകയാണ് എം.എന്‍.എഫ്.
തിരിച്ചെത്തുമോ കോണ്‍ഗ്രസ്?
2018 തിരഞ്ഞെടുപ്പിലെ ചിത്രം പരിശോധിക്കാം. 40 സീറ്റുകളില്‍ ഇരുപത്തിയാറെണ്ണം വിജയിച്ചാണ് എം.എന്‍.എഫ്. അധികാരക്കസേരയിലേറിയത്. പ്രാദേശികപ്പാര്‍ട്ടിയായ സെഡ്.പി.എം. എട്ടും കോണ്‍ഗ്രസ് അഞ്ചും സീറ്റുകളിലൊതുങ്ങി. ബി.ജെ.പി. ഒന്നും നേടി.
സംസ്ഥാനത്തിന്റെ തിരഞ്ഞെടുപ്പു ചരിത്രത്തോളം മേല്‍വിലാസമുള്ള പാര്‍ട്ടി കോണ്‍ഗ്രസാണ്. ഏറ്റവും കൂടുതല്‍ സീറ്റുനേടിയ പാര്‍ട്ടി എന്ന റെക്കോഡിന്റെ അമരത്തും രണ്ടാം സ്ഥാനത്തും കോണ്‍ഗ്രസ് തുടരുന്നു. 2013-ല്‍ 40-ല്‍ 34 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ്, 2008-ല്‍ 32 സീറ്റുകള്‍ നേടിയിരുന്നു. ഇതു രണ്ടുമാണ് സംസ്ഥാനത്തെ ഏറ്റവും മൃഗീയമായ ഭൂരിപക്ഷം.
കോണ്‍ഗ്രസിനെ സംബന്ധിച്ച്, ഇത്തവണ വളരാന്‍ ഏറ്റവും അനുകൂലമായ മണ്ണാണ് മിസോറമിലേത്. ക്രിസ്ത്യന്‍ ഭൂരിപക്ഷ സംസ്ഥാനത്ത് ബി.ജെ.പി.യുടെ ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരേ ശക്തമായ പ്രചാരണമാണ് കോണ്‍ഗ്രസ് അഴിച്ചുവിട്ടത്. സുരക്ഷയുടെ രാഷ്ട്രീയം പറഞ്ഞാണ് നേതാക്കള്‍ ജനങ്ങളെ അഭിസംബോധന ചെയ്തത്. കാവിപ്പാര്‍ട്ടിക്കെതിരേ സ്വയം ഒരു കോട്ട എന്ന നിലയിലാണ് കോണ്‍ഗ്രസ് അതിനെ അടയാളപ്പെടുത്തുന്നത്.
രാഹുല്‍ ഗാന്ധി മിസോറമിലെത്തിയപ്പോള്‍ സൃഷ്ടിച്ച ഓളം ചെറുതല്ല. സംസ്ഥാനത്ത് വന്‍ വരവേല്‍പ്പാണ് രാഹുലിന് ലഭിച്ചത്. എം.എന്‍.എഫും സെഡ്.പി.എമ്മും ആര്‍.എസ്.എസിലേക്കുള്ള പ്രവേശന കവാടമാണെന്നാണ് രാഹുല്‍ മിസോറം പ്രചാരണത്തില്‍ ഊന്നിയത്. ഇതുതന്നെയാണ് കോണ്‍ഗ്രസും ഉന്നയിക്കുന്ന പ്രധാന ആരോപണം. പ്രാദേശികപ്പാര്‍ട്ടികളായ എം.എന്‍.എഫിനെയും സെഡ്.പി.എമ്മിനെയും വിശ്വസിക്കാന്‍ കൊള്ളില്ലെന്നു പറഞ്ഞുപറഞ്ഞാണ് കോണ്‍ഗ്രസ് പ്രചാരണം സംസ്ഥാനത്തിന്റെ മുക്കുമൂലകളിലെല്ലാം കൊഴുപ്പിക്കുന്നത്.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ സാമൂഹിക ഘടനയെയും സാംസ്‌കാരിക വൈവിധ്യത്തെയും അപകടകരമാംവിധം ബി.ജെ.പി ഇല്ലായ്മ ചെയ്യുന്നുവെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. മണിപ്പുരില്‍ സംഭവിച്ചത് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കാകെയുള്ള താക്കീതാണ്. ജമ്മു കശ്മീരിന്റെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ പോലെ മിസോറമിന് പ്രത്യേക നിയമങ്ങള്‍ ബാധകമാകുന്ന ആര്‍ട്ടിക്ക്ള്‍ 371G-യില്‍ ബി.ജെ.പി. കത്തിവയ്ക്കുമെന്നുമുള്ള മുന്നറിയിപ്പുകൾ കോണ്‍ഗ്രസ് നല്‍കുന്നു. ആര്‍ട്ടിക്കിള്‍ 371A മുതല്‍ J വരെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കുള്ള പ്രത്യേകമായ അധികാരങ്ങളെ പരാമര്‍ശിക്കുന്നതാണ്.
മിസോറമിന്റെ വനഭൂമിയും ജനതയുടെ സവിശേഷമായ ആചാരാനുഷ്ഠാന രീതികളും സംരക്ഷിക്കാന്‍ കോണ്‍ഗ്രസിനേ കഴിയൂ എന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുതിര്‍ന്ന നേതാവ് ജയ്‌റാം രമേശ് പ്രഖ്യാപിച്ചിരുന്നു. ഇത് അന്നാട്ടില്‍ ഏറ്റവും സ്വാധീനം ചെലുത്താന്‍ തക്കവണ്ണം ശക്തമായ വാക്കുകളാണ്. നേരത്തേ ഏകസിവില്‍കോഡ് നടപ്പാക്കാന്‍ പോകുന്നുവെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നപ്പോള്‍ത്തന്നെ മിസോറം നിയമസഭ അതിനെതിരേ നിയമസഭയില്‍ പ്രമേയം പാസാക്കി. കഴിഞ്ഞ ഫെബ്രുവരി 14-നായിരുന്നു ഇത്.
750 രൂപയ്ക്ക് എല്‍.പി.ജി. സിലിന്‍ഡര്‍, വയോധികര്‍ക്ക് പ്രതിമാസം 2,000 രൂപ, 15 ലക്ഷം രൂപ വരെയുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ, മറ്റു ക്ഷേമ പദ്ധതികള്‍... തുടങ്ങി വന്‍ വാഗ്ദാനങ്ങളാണ് മിസോറമിനെ കാത്തിരിക്കുന്നതെന്നാണ് കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രകടനപ്പത്രിക. കൂടാതെ വിമാനത്താവളം, വൈദ്യുതി, കൃഷി മേഖലകളിലെല്ലാം വികസനോന്മുഖമായ പദ്ധതികള്‍ നടപ്പാക്കുമെന്നും പത്രികയിലുണ്ട്. യുവാക്കള്‍ക്കായി ഒരു ലക്ഷം തൊഴിലവസരം സൃഷ്ടിക്കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കുന്നു.
ലാല്‍ സാവ്തയാണ് മിസോറമിലെ പുതിയ കോണ്‍ഗ്രസ് മുഖം. മുന്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയുടെ വന്ദ്യ വയോധികനുമായ ലാല്‍ തന്‍ഹാവ്‌ല 2021-ല്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍നിന്ന് വിരമിച്ചു. അഞ്ചുതവണ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തെത്തിയ നേതാവാണ് തന്‍ഹാവ്‌ല.
മാറിക്കൊടുക്കുമോ എം.എന്‍.എഫ്.
കളമറിഞ്ഞു കളിക്കാന്‍ മിടുക്കരാണ് എം.എന്‍.എഫ്. പാര്‍ട്ടിയുടെയും പാര്‍ട്ടി ജയിച്ചാല്‍ രൂപവത്കരിക്കുന്ന സര്‍ക്കാരിന്റെയും ജീവാത്മാവും പരമാത്മാവുമായി സൊറംതങ്ക തന്നെ മുന്നിലുണ്ടാകും. നിലവില്‍ മുഖ്യമന്ത്രിയായിരിക്കെത്തന്നെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷ പദവിയും കൈയാളുന്നു. കോണ്‍ഗ്രസിനെപ്പോലെത്തന്നെ ശ്രദ്ധേയമായ തിരഞ്ഞെടുപ്പ് വിജയങ്ങള്‍ എം.എന്‍.എഫും നേടിയിട്ടുണ്ട്. പ്രാദേശിക വികാരങ്ങളിലൂന്നി പ്രവര്‍ത്തിക്കുകയെന്നതാണ് എം.എന്‍.എഫിന്റെ തിരഞ്ഞെടുപ്പു തന്ത്രം.
മ്യാന്മര്‍ എന്നോ മണിപ്പുരെന്നോ കണക്കില്ലാതെ ഒട്ടേറെ അഭയാര്‍ഥികളെ സംസ്ഥാനത്ത് കുടിയിരുത്തിയ നായകനാണ് സൊറംതങ്ക. വിധിയെഴുത്തില്‍ അത് എം.എന്‍.എഫിന് മുതല്‍ക്കൂട്ടാകുമെന്ന കാര്യം ഉറപ്പാണ്. 2018-ല്‍ 27 സീറ്റുകള്‍ നേടിയാണ് പാര്‍ട്ടി അധികാരത്തിലെത്തിയത്. സംസ്ഥാനത്ത് ഇത്തവണയും ജയം നിലനിര്‍ത്തി മുന്നോട്ടുപോകാന്‍ പാകത്തിലുള്ള ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ സൊറംതങ്ക കൊണ്ടുവന്നിട്ടുണ്ട്.
'ആപ്പാ'കാന്‍ സെഡ്.പി.എം.
2017-ല്‍ സ്ഥാപിതമായ പാര്‍ട്ടിയാണ് എം.എന്‍.എഫ്. 2018-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ത്തന്നെ എട്ടു സീറ്റുകള്‍ പിടിച്ചെടുത്തു. അന്നുതന്നെ അത് സംസ്ഥാനത്തെ അമ്പരപ്പിച്ചതാണ്. മിസോറമിലെ എ.എ.പി. എന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാനാവുന്ന വിധത്തിലുള്ള കരുത്തും ജനസ്വാധീനവും പാര്‍ട്ടി ഇതിനകംതന്നെ നേടിക്കഴിഞ്ഞു; തെളിയിച്ചും കഴിഞ്ഞു. ഇത്തവണത്തെ തിരഞ്ഞെടുപ്പ് രാഷ്ട്രീയ ചതുരംഗപ്പലകയില്‍ സെഡ്.പി.എം. കാത്തുവച്ചതെന്തെന്ന് അദ്ഭുതത്തോടെത്തന്നെ കാണേണ്ടിവരും.
എം.എന്‍.എഫിന് കടുത്ത വെല്ലുവിളിയായിട്ടാണ് സെഡ്.പി.എമ്മിന്റെ കടന്നുവരവ്. രണ്ട് അംഗീകൃത രാഷ്ട്രീയപ്പാര്‍ട്ടികളായ സെഡ്.എം.പി., എം.പി.സി. എന്നിവയും സിവില്‍ സൊസൈറ്റ് ഓര്‍ഗനൈസേഷനുകള്‍ ഉള്‍പ്പെടെ മറ്റ് ആറ് സംഘടനകളും കൂടിച്ചേര്‍ന്നാണ് സെഡ്.പി.എം. ഉണ്ടാവുന്നത്. മുന്‍ ഐ.പി.എസ്. ഉദ്യോഗസ്ഥനും മുന്‍ എം.പി.യുമായ ലാല്‍ഡുഹോമയാണ് പാര്‍ട്ടി സ്ഥാപിച്ചത്. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായിരുന്ന കെജ്‌രിവാള്‍ എ.എ.പി. അവതരിപ്പിച്ചതുപോലെത്തന്നെയാണ് ഇതും സംഭവിച്ചത്. അതുകൊണ്ടുതന്നെ മിസോറമിലെ എ.എ.പി. എന്ന് സെഡ്.പി.എമ്മിനെ വിശേഷിപ്പിക്കുന്നവരുമുണ്ട്.
നിലവില്‍ വന്ന അഭിപ്രായസര്‍വെകളിലെല്ലാം സെഡ്.പി.എം നിര്‍ണായക ശക്തിയാകുമെന്ന വിലയിരുത്തലുണ്ട്. അങ്ങനെ വന്നാല്‍ അത് ഏറ്റവും കൂടുതല്‍ ഭീഷണിയാവുക എം.എന്‍.എഫിനു തന്നെയാകും. പ്രാദേശിക വികാരങ്ങളിലൂന്നി പ്രവര്‍ത്തിക്കുന്ന രണ്ട് പാര്‍ട്ടികളിലേക്ക് വോട്ടുകള്‍ ചിതറുന്നത് കോണ്‍ഗ്രസിനെ തുണയ്ക്കുമോ എന്നതും കണ്ടറിയാം.
കൗശലക്കണ്ണുമായി ബി.ജെ.പി.
മിസോറമില്‍ വളരെ പരിമിതമായ സാന്നിധ്യമാണ് ബി.ജെ.പി.ക്കുള്ളത്. അവിടെയും ഇവിടെയുമൊക്കെയായിട്ട് കുറച്ചു പേരേയുള്ളൂ. നിലവില്‍ ഒരു നിയമസഭാംഗമാണുള്ളത്. പക്ഷേ, ഇത്തവണ ഒരു കിങ് മേക്കര്‍ ആവാനുള്ള പദ്ധതിയുണ്ടവര്‍ക്ക്. ആര്‍ക്കും കേവല ഭൂരിപക്ഷമില്ലാത്ത സ്ഥിതിയില്‍, കസേര വലിച്ചിട്ടിരിക്കാനുള്ള ബി.ജെ.പി.യുടെ കഴിവ് എഴുതിത്തള്ളാനാവില്ല. മിസോറമിലും അതാണ് പാര്‍ട്ടി ലക്ഷ്യംവയ്ക്കുന്നതെന്ന് പാര്‍ട്ടി നേതൃത്വം നേരത്തേതന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു.
പക്ഷേ, അതത്ര എളുപ്പമാവാനിടയില്ല. 87 ശതമാനത്തോളം ക്രൈസ്തവര്‍ അധിവസിക്കുന്ന മിസോറമില്‍ ബി.ജെ.പി. അജണ്ട എത്രകണ്ട് വിലപ്പോവുമെന്നത് ഊഹിക്കാവുന്നതേയുള്ളൂ. പ്രത്യേകിച്ച് മണിപ്പുരില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തത് ക്രൈസ്തവരെ നന്നായി ചൊടിപ്പിച്ചിട്ടുണ്ട്. അത് ബി.ജെ.പി. വിരുദ്ധ വികാരമായി തിരഞ്ഞെടുപ്പില്‍ രൂപപ്പെട്ടാല്‍ ഉള്ള കരുത്തുകൂടി ചോര്‍ന്നുപോയേക്കും.
മണിപ്പുര്‍ വിഷയം കത്തും
കലാപം മണിപ്പുരിനെ എങ്ങനെ ബാധിച്ചു എന്നറിയാന്‍ മിസോറമിലേക്ക് നോക്കിയാല്‍ മതി. മണിപ്പുരില്‍ നിലവില്‍ തിരഞ്ഞെടുപ്പില്ലാത്തതിനാല്‍ അതിന്റെ അനന്തരഫലങ്ങള്‍ അവിടെനിന്ന് കൃത്യമായി ലഭിക്കില്ല. പക്ഷേ, ഒന്നുണ്ട്. മിസോറം എന്ത് ചിന്തിക്കുന്നുവോ അതു തന്നെയായിരിക്കും മിക്കവാറും മണിപ്പുരും ചിന്തിക്കുക.
ബീരേന്‍ സിങ് സര്‍ക്കാരിന്റെ വീഴ്ചയും കലാപം അടിച്ചമര്‍ത്തുന്നതില്‍ പരാജയപ്പെട്ടതും മിസോറമിലും സജീവ ചര്‍ച്ചയാണ്. കുക്കി-മെയ്തി സംഘര്‍ഷം വംശഹത്യയായി രൂപാന്തരം പ്രാപിച്ചത് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പി.ക്കുണ്ടാക്കിയ ഇടിവ് ചെറുതല്ല. ആ വിടവിലൂടെ തൂങ്ങിപ്പിടിച്ച് കയറാനാണിപ്പോള്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നത്.
മണിപ്പുരിനെ അങ്ങേയറ്റം വികാരപരമായിത്തന്നെ നേരിടാനാണ് എം.എന്‍.എഫിന്റെയും ഉദ്ദേശ്യം. മണിപ്പുരില്‍നിന്ന് പലായനം ചെയ്ത ഏതാണ്ട് 12,000 പേര്‍ക്ക് സൊറംതങ്ക സര്‍ക്കാര്‍ അഭയം നല്‍കി. മ്യാന്മറില്‍ സൈനിക അട്ടിമറി നടന്നപ്പോള്‍ അവിടെനിന്ന് അഭയം തേടിയെത്തിയ 40,000 പേര്‍ക്കും സോറംതങ്ക സ്വന്തം സംസ്ഥാനത്ത് അഭയം നല്‍കി. ഇവരില്‍ പതിനായിരം പേര്‍ തിരിച്ചുപോയെങ്കിലും ശേഷിച്ചവര്‍ മിസോറമിലെ അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്നു.
അയല്‍രാജ്യമായ മ്യാന്മറില്‍നിന്നും അയല്‍സംസ്ഥാനമായ മണിപ്പുരില്‍നിന്നും അഭയം തേടിയെത്തുന്നവരെ സൊറംതങ്ക ഹാര്‍ദമായി സ്വീകരിക്കുന്നതിനു പിന്നില്‍ വംശീയമായ കാരണങ്ങളുണ്ട്. ഒരര്‍ഥത്തില്‍ പറഞ്ഞാല്‍ സഹോദരസ്‌നേഹം. സ്വന്തം സഹോദരര്‍ മ്യാന്മറില്‍ കഷ്ടപ്പെട്ടാലും സഹായിക്കും. അതിന് രാജ്യക്കണക്കൊന്നുമില്ലെന്നതാണ് എം.എന്‍.എഫിന്റെ നിലപാട്.
മിസോയും മ്യാന്മറും കുക്കി വിഭാഗവും
'ആളുകള്‍' എന്നാണ് 'മി' എന്നതുകൊണ്ടുള്ള വിവക്ഷ. 'സോ' എന്നത് ഒരും വംശത്തിന്റെ പേരാണ്. മലനിരകളില്‍ കഴിയുന്നവരെന്നും തണുപ്പു പ്രദേശത്ത് കഴിയുന്നവരെന്നും 'സോ'യ്ക്ക് അര്‍ഥമുണ്ടെന്ന് രണ്ട് അഭിപ്രായമുണ്ട്. ഏതായിരുന്നാലും മിസോ എന്നാല്‍ ഒരു വംശസ്വത്വത്തിന്റെ പേരാണ്. 'റം' എന്നാല്‍ ഭൂമി എന്നര്‍ഥം. അങ്ങനെ വരുമ്പോള്‍ സോ വംശത്തില്‍പ്പെട്ട ആളുകള്‍ക്ക് അധിവസിക്കാനുള്ള ഒരിടമാണ് മിസോറം എന്നുവരും.
മിസോകളെ കുക്കികളെന്നാണ് മുന്‍പ് വിളിച്ചിരുന്നതെന്ന് പറയപ്പെടുന്നു. 1500-കളില്‍ ഇവര്‍ അയല്‍ പ്രദേശങ്ങളിലേക്കെല്ലാം കുടിയേറി. പിന്നീട് മ്യാന്‍മര്‍, മണിപ്പുര്‍, മിസോറം, ബംഗ്ലദേശ് എന്നിവിടങ്ങളിലെല്ലാം മിസോ വംശജര്‍ വ്യാപിച്ചു. മണിപ്പുരിലെ കുക്കി-സോ വംശജരും മ്യാന്മറിലെ ചിന്‍-കുക്കി വംശജരും മിസോ വംശജരുടെ സഹോദരര്‍ തന്നെയാണ്.
ആ അര്‍ഥത്തിലാണ് മ്യാന്മര്‍, ചിറ്റഗോങ് (ബംഗ്ലാദേശ്), മണിപ്പുര്‍ എന്നിവിടങ്ങളില്‍നിന്ന് അഭയം തേടിയെത്തുന്ന കുക്കി വംശജരെയെല്ലാം മിസോറം സ്വീകരിക്കുന്നത്. അത്തരം നടപടികള്‍ വഴി സ്വന്തം നാട്ടില്‍ വലിയ കൈയടികള്‍ നേടാന്‍ സൊറംതങ്ക സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. അതിനാല്‍ത്തന്നെ ചെയ്ത വികസനങ്ങള്‍ എടുത്തു പറയുന്നതിനെക്കാളേറെ, സോ വംശത്തിന്റെ അവാന്തര വംശത്തെ ചേര്‍ത്തുപിടിച്ചതു പറഞ്ഞാണ് എം.എന്‍.എഫ്. ഈ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. മിസോറം ജനതയില്‍ മറ്റെന്തിനെക്കാളുമേറെ അത് ആഴത്തില്‍ കൊള്ളുമെന്ന് സൊറംതങ്കയ്ക്കറിയാം. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റെ സമീപനം ഇതല്ല. മ്യാന്മറില്‍നിന്ന് മിസോറമിലെത്തിയ ചിന്‍സുകളുടെ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടെങ്കിലും മിസോറം ഇതുവരെ അതിനു തയ്യാറായിട്ടില്ല.
അതിനിടെ മിസോറമില്‍ അധിവസിച്ചിരുന്ന മെയ്‌തെയ് വിഭാഗക്കാര്‍ ഒരുപാടുപേര്‍ സംസ്ഥാനം വിട്ടുപോയ സംഭവവുമുണ്ടായി. മണിപ്പുര്‍ കലാപത്തുടര്‍ച്ചയുടെ ഫലമായാണത്. മണിപ്പുരില്‍ കുക്കികളനുഭവിച്ച പീഡനത്തിന്റെ പ്രതികാരമായി മിസോറമില്‍ തങ്ങള്‍ അക്രമിക്കപ്പെട്ടേക്കുമെന്ന ഭയമായിരുന്നു കാരണം. ആ തരത്തിലുള്ള പ്രചാരണങ്ങളും മിസോറമിലുണ്ടായിരുന്നു.
അങ്കക്കൊതി തീരുന്നില്ല സോറംതങ്കയ്ക്ക്
79 വയസ്സായി മിസോറം മുഖ്യമന്ത്രി സോറംതങ്കയ്ക്ക്. വീണ്ടുമൊരു അങ്കത്തിന്റെ മുന്‍നിരയിലാണദ്ദേഹം. ജയിച്ചാല്‍ മുഖ്യമന്ത്രി. ഒരേസമയം പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും കാവലാളായി വര്‍ത്തിക്കുന്നു. അത്രമേല്‍ കരുത്തും ജനകീയ പിന്തുണയും അദ്ദേഹത്തിനുണ്ട്. 1998-ലാണ് ആദ്യമായി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാവുന്നത്. പിന്നീട് 2008-ല്‍. 2018 മുതല്‍ വീണ്ടും മുഖ്യമന്ത്രി പദം വഹിച്ചുവരുന്നു. നാലാമതൊരിക്കല്‍ക്കൂടി ആ കസേര അദ്ദേഹത്തെ തുണയ്ക്കുമോ എന്നത് കൗതുകത്തോടെ നോക്കിക്കാണണം.
മിസോറമിന്റെ പ്രഥമ മുഖ്യമന്ത്രിയായ ലാല്‍ദങ്കയുടെ സെക്രട്ടറിയായാണ് സോറംതങ്ക രംഗപ്രവേശം ചെയ്യുന്നത്. പിന്നീട് 1986-ല്‍ സംസ്ഥാനത്തെ മന്ത്രിയായി. 1987-ല്‍ വിദ്യാഭ്യാസ-സാമ്പത്തിക ചുമതലയുള്ള മന്ത്രിയുമായി. ലാല്‍ദങ്ക സര്‍ക്കാരിലായിരുന്നു ഈ പദവി. 1990-ല്‍ ലാല്‍ദങ്ക അന്തരിച്ചതോടെ പാര്‍ട്ടി നേതൃസ്ഥാനം ഏറ്റെടുത്തു. പിന്നീട് 1998-ല്‍ എം.എന്‍.എഫ്. വിജയിക്കുകയും മുഖ്യമന്ത്രിയാവുകയും ചെയ്തു.
കേന്ദ്രത്തില്‍ എന്‍.ഡി.എഎയുടെ കൂട്ടുകക്ഷിയാണ് എം.എന്‍.എഫ്. എന്നാല്‍ സംസ്ഥാനത്ത് ബി.ജെ.പി.യോട് ഒരു അനുകമ്പയുമില്ലെന്ന് അദ്ദേഹം ആണയിട്ട് വ്യക്തമാക്കുന്നു. മണിപ്പുരില്‍ സ്വന്തം വംശജര്‍ക്കുനേരെ ബി.ജെ.പി. സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ആക്രമണം അരങ്ങേറിയതോടെ ആ അനിഷ്ടം കൂടുതല്‍ വ്യക്തമാക്കി അദ്ദേഹം മുന്നോട്ടുപോകുന്നു.
ഒരു നിലയ്ക്കും മോദിയുമായി സഹകരിക്കില്ലെന്നാണ് സോറംതങ്കയുടെ പക്ഷം. തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുന്ന മോദിയുമായി വേദി പങ്കിടാനില്ലെന്ന് അദ്ദേഹം അറിയിച്ചുകഴിഞ്ഞു. ഇത്തവണ അത്തരത്തില്‍ ഒരു കടുത്ത നിലപാടെടുക്കാന്‍ സൊറംതങ്കയെ നിര്‍ബന്ധിക്കുന്ന മറ്റൊരു രാഷ്ട്രീയ ഘടകംകൂടിയുണ്ട്; മണിപ്പുരാണത്.
ക്രൈസ്തവ വോട്ടുകളാണ് സൊറംതങ്കയുടെ ലക്ഷ്യം. മിസോറമിലെ ജനസംഖ്യയില്‍ 87 ശതമാനത്തിലധികം ക്രൈസ്തവരാണ്. സംസ്ഥാനത്തെ എട്ടു ജില്ലകളിലും ക്രൈസ്തവര്‍ തന്നെ ഭൂരിപക്ഷം.
മണിപ്പുരില്‍ മെയ്തി വിഭാഗക്കാര്‍ ക്രൈസ്തവ ആരാധനാലയങ്ങള്‍ അഗ്‌നിക്കിരയാക്കിയ രാഷ്ട്രീയ സാഹചര്യം മുന്‍പിലുണ്ടല്ലോ. അതുപോലെ മിസോ വംശത്തില്‍പ്പെടുന്ന കുക്കി വിഭാഗക്കാര്‍ക്കുനേരെ ക്രൂരമായ അതിക്രമം അഴിച്ചുവിട്ടതും മിസോറമില്‍ അസ്വസ്ഥതയുണ്ടാക്കിയിട്ടുണ്ട്. ഇതിന്റെയെല്ലാം പിന്നില്‍ പ്രവര്‍ത്തിച്ചത് ഡല്‍ഹി - ഇംഫാല്‍ ഇരട്ട എന്‍ജിന്‍ ബി.ജെ.പി. സര്‍ക്കാരാണെന്ന വിലയിരുത്തലുണ്ട്.
അതുകൊണ്ടുതന്നെ മിസോറമിലെ ക്രൈസ്തവര്‍ക്കിടയില്‍ ബി.ജെ.പി.യോടുള്ള അനിഷ്ടം മുന്‍പില്ലാത്ത വിധം വര്‍ധിച്ചിട്ടുണ്ട്. ആ സാഹചര്യം മനസ്സിലാക്കിയാണ് സോറംതങ്ക മോദിക്കെതിരേ വേദി പങ്കിടില്ലെന്നതടക്കമുള്ള കടുത്ത തന്ത്രം പ്രയോഗിക്കാന്‍ മുതിര്‍ന്നത്. ക്രൈസ്തവ വോട്ടുകള്‍ തങ്ങളുടെ പെട്ടിയിലാക്കുക എന്ന ലക്ഷ്യമാണ് ഇതിനു പിന്നില്‍. കേന്ദ്രത്തില്‍ സഖ്യത്തിലായിരിക്കുമ്പോള്‍, സംസ്ഥാനത്ത് അതല്ലെന്ന് അരക്കിട്ടുറപ്പിച്ചു പറയേണ്ട ബാധ്യത നിറവേറ്റുകയാണ് അദ്ദേഹം.
സഖ്യമുണ്ടെങ്കിലും നിറം പോരാ...
കേന്ദ്രത്തില്‍ എന്‍.ഡി.എ.യ്ക്കൊപ്പമാണെങ്കിലും നിലപാടില്‍ വിട്ടുവീഴ്ചയില്ലെന്ന സന്ദേശം എം.എന്‍.എഫ്. ഇതിനകം നല്‍കിക്കഴിഞ്ഞു. രാജ്യസഭയിലും ലോക്സഭയിലുമായി രണ്ട് എം.പി.മാരാണ് എം.എന്‍.എഫിനുള്ളത്; സി. ലാല്‍റോസങ്കയും കെ. വന്‍ലാല്‍വെനയും.
ക്രൈസ്തവ താത്പര്യം മുന്‍നിര്‍ത്തി, കുക്കികള്‍ക്കെതിരായി നടക്കുന്ന പീഡനം പാര്‍ലമെന്റില്‍ ഉയര്‍ത്തിക്കാട്ടാനുള്ള ഒരവസരവും പാഴാക്കരുതെന്ന് ഇരുവര്‍ക്കും സോറംതങ്ക നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയത്തില്‍വരെ എം.എന്‍.എഫ്. എം.പി.മാര്‍ പിന്തുണയറിയിച്ചത്. അത് എന്‍.ഡി.എ.യിലുണ്ടാക്കിയ ആഘാതം ചെറുതല്ല. കൂടാതെ ബി.ജെ.പി.യുടെ ഏക സിവില്‍കോഡ് കൊണ്ടുവരാനുള്ള നീക്കത്തിനെതിരേ മിസോറം നിയമസഭയില്‍ പ്രമേയം കൊണ്ടുവന്നതും ബി.ജെ.പി.ക്ക് ഇരുട്ടടിയായി.
കാര്യങ്ങള്‍ ഇവ്വിധമൊക്കെയാണെങ്കിലും 2018-ല്‍ 26 സീറ്റ് നേടിയ പാര്‍ട്ടിക്ക് ഇത്തവണയും പിടിച്ചുകയറാന്‍ ഇതു മതിയാകുമോ എന്ന് കണ്ടറിയണം. ഇത്തവണ മറുപുറത്തെ കോണ്‍ഗ്രസിനെ മാത്രം പേടിച്ചാല്‍ പോരാ. മുന്‍ ഐ.പി.എസ്. ഓഫീസര്‍ ലാല്‍ഡുഹോമയുടെ നേതൃത്വത്തില്‍ പിറവികൊണ്ട സെഡ്.പി.എമ്മിനെക്കൂടി കരുതിയിരിക്കണം. 2017-ല്‍ സ്ഥാപിതമായ പാര്‍ട്ടി ഇതിനകം തന്നെ സംസ്ഥാന രാഷ്ട്രീയത്തിന്റെ മുക്കുമൂലകളില്‍ നിറഞ്ഞ സാന്നിധ്യമായി വളര്‍ന്നിട്ടുണ്ട്.
കുക്കികളും മിസോകളും ഒരേ വംശത്തില്‍പ്പെട്ടവരാണ്. ഇതേ വംശത്തില്‍പ്പെട്ടവര്‍ തന്നെയാണ് മ്യാന്മറിലെ ചിന്‍ വിഭാഗക്കാരും. തങ്ങളുടെ ചോരയാണെന്നതിനാലാണ് കുക്കികള്‍ക്കും മ്യാന്മറിലെ ചിന്‍സുകള്‍ക്കും മിസോറം അഭയം നല്‍കുന്നത്.
മ്യാന്മറില്‍നിന്നെത്തുന്ന അഭയാര്‍ഥികളെ ഹാര്‍ദമായി സ്വീകരിക്കുന്ന സമീപനമാണ് സോറംതങ്ക ഭരണകൂടത്തിന്റേത്. രാജ്യത്തെ സൈനിക അട്ടിമറിയെത്തുടര്‍ന്നുള്ള അടിച്ചമര്‍ത്തലില്‍നിന്ന് രക്ഷ തടിയെത്തുന്നവരെ ഇതുവരെ കൈവിടാന്‍ സോറംതങ്ക തയ്യാറായിട്ടില്ല.
സ്ത്രീ പ്രാതിനിധ്യം
174 സ്ഥാനാര്‍ഥികളില്‍ 16 സ്ത്രീകള്‍ മാത്രമാണ് ഇത്തവണ മത്സരമുഖത്തുള്ളത്. പത്തുശതമാനം പോലുമില്ല. 33 ശതമാനം വനിതാ സംവരണ ബില്‍ പാര്‍ലമെന്റില്‍ പാസായതിനു ശേഷമുള്ള ഒരു സംസ്ഥാന തിരഞ്ഞെടുപ്പിലാണ് സ്ഥാനാര്‍ഥികളില്‍ പോലും പത്തു ശതമാനം വനിതാ പ്രാതിനിധ്യമില്ലാതിരിക്കുന്നത്. 16 പേരില്‍ മൂന്നുപേര്‍ ബി.ജെ.പി.യില്‍നിന്നാണ്. എം.എന്‍.എഫ്., ഇസഡ്.പി.എം., കോണ്‍ഗ്രസ് പാര്‍ട്ടികളില്‍നിന്ന് രണ്ടുപേര്‍വീതം. ബാക്കിയുള്ളവരെല്ലാം സ്വതന്ത്രര്‍.
നിലവിലെ മത്സരാര്‍ഥികളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വന്‍ലാലോംപി മാത്രമാണ് നേരത്തേ എം.എല്‍.എ.യായിട്ടുള്ള വനിത. ഐസ്വാള്‍ 2-ല്‍നിന്നാണ് ഇവര്‍ ഇത്തവണ ജനവിധി തേടുന്നത്. 2014-ല്‍ റാങ്തുര്‍സോ മണ്ഡലത്തില്‍നിന്ന് ജയിച്ച ചോങ്തുവാണ് മിസോറമിലെ ആദ്യ വനിതാ എം.എല്‍.എ. അന്നത്തെ കോണ്‍ഗ്രസ് മന്ത്രിസഭയില്‍ സെറികള്‍ച്ചര്‍, ഫിഷറീസ്, സഹകരണമന്ത്രിയായി. 2018-ല്‍ ഇവര്‍ പരാജയപ്പെട്ടു.
2018-ല്‍ എം.എന്‍.എഫ്. ഒറ്റ വനിതാ സ്ഥാനാര്‍ഥിയെപ്പോലും മത്സരിപ്പിച്ചിരുന്നില്ല. സംസ്ഥാനത്ത് പുരുഷന്മാരേക്കാള്‍ കൂടുതല്‍ വോട്ട് ചെയ്യുന്നവര്‍ സ്ത്രീകളാണ്. നിലവില്‍ 4,38,925 വനിതാ വോട്ടര്‍മാരും 4,12,969 പുരുഷ വോട്ടര്‍മാരുമാണ് മിസോറമിലുള്ളത്. 2018-ല്‍ 81.09 ശതമാനം സ്ത്രീകള്‍ വോട്ടവകാശം വിനിയോഗിച്ചപ്പോള്‍ 78.92 ശതമാനം പുരുഷന്മാര്‍ മാത്രമാണ് വോട്ടുചെയ്തത്.
പുരുഷാധിപത്യം നിലനില്‍ക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് മിസോറം. സാമൂഹികമായ ഉച്ചനീചത്വങ്ങള്‍ക്ക് അവിടെ ഒരു കുറവുമില്ല. തങ്ങളുടെ എം.എല്‍.എ.യായി ഒരു സ്ത്രീ വരുന്നതില്‍ അനഭിമതരാണ് അന്നാട്ടുകാര്‍. സ്ത്രീ ഭരിക്കുന്നുവെന്ന തോന്നലാണ് അത് അവര്‍ക്കുണ്ടാക്കുകയെന്ന് ഇത്തവണ ഇസഡ് പി.എമ്മില്‍നിന്ന് മത്സരിക്കുന്ന ബറില്‍ വന്നെയ്‌സങ്കി എന്ന 32-കാരി പറയുന്നു.
മിസോറം നിയമസഭയില്‍ ഇക്കാലയളവുവരെയുള്ള കണക്കുപ്രകാരം 4 സ്ത്രീകളാണ് എം.എല്‍.എ.മാരായിട്ടുള്ളത്. നിലവില്‍ ഭരിക്കുന്ന സര്‍ക്കാരില്‍ ഒരു വനിതാ എം.എല്‍.എ. പോലുമില്ല. കോണ്‍ഗ്രസിന്റെ രണ്ട് വനിതാ സ്ഥാനാര്‍ഥികളില്‍ ഒരാളായ, ലുങ്‌ലെയ് സൗത്തില്‍ മത്സരിക്കുന്ന മെറിയം ഹ്രാങ്ചല്‍ ഇതിനകംതന്നെ സംസ്ഥാനത്തെ വിദ്യാര്‍ഥി സംഘടനയായ മിസോ സിര്‍ലായ് പൗളില്‍നിന്ന് ചൂട് നേരിടുന്നു. ഇവര്‍ മിസോയല്ലാത്ത ആളെ വിവാഹം കഴിച്ചതിനെച്ചൊല്ലിയാണ് തര്‍ക്കം.
സര്‍വേ ഫലം
ശക്തമായ ത്രികോണ മത്സരമായിരിക്കും മിസോറമിലെന്നാണ് എ.ബി.പി. സീ വോട്ടര്‍ സര്‍വേ നല്‍കുന്ന സൂചനകള്‍. എം.എന്‍.എഫ്., കോണ്‍ഗ്രസ്, സെഡ്.പി.എം. എന്നീ പാര്‍ട്ടികളില്‍ ആര്‍ക്കും ഭരിക്കാന്‍ ആവശ്യമായ കേവല ഭൂരിപക്ഷമുണ്ടാവില്ലെന്നാണ് വിലയിരുത്തല്‍.
40 അംഗ നിയമസഭയില്‍ 13 മുതല്‍ 17 വരെ സീറ്റുകള്‍ എം.എന്‍.എഫ്. നേടുമെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് പത്തു മുതല്‍ 14 വരെയും സെഡ്.പി.എം. ഒന്‍പത് മുതല്‍ 13 വരെയും സീറ്റുകള്‍ നേടുമെന്നും സര്‍വേയില്‍ പറയുന്നു. മറ്റു പാര്‍ട്ടികള്‍ പരമാവധി മൂന്നു സീറ്റുകള്‍ നേടുമെന്നും സര്‍വേ ചൂണ്ടിക്കാണിക്കുന്നു.
വോട്ടു വിഹിതം പരിഗണിച്ചാല്‍, എം.എന്‍.എഫ്. 30.5 ശതമാനം നേടും. 2017-ല്‍ ഇത് 37.7 ശതമാനമായിരുന്നു. അപ്പോള്‍ 7.2 ശതമാനം കുറവ്. 28.3 ശതമാനം വോട്ടുവിഹിതമാണ് കോണ്‍ഗ്രസിനെന്നാണ് സര്‍വേ കണക്ക്. 2018-ലെ കണക്കിനെക്കാള്‍ (29.9% നേരിയ കുറവ് (1.6%). എന്നാല്‍ സെഡ്.പി.എം. മുന്‍ തിരഞ്ഞെടുപ്പിനെക്കാള്‍ നില മെച്ചപ്പെടുത്തുമെന്നാണ് സര്‍വേ പറയുന്നത്. 27.1 ശതമാനം വോട്ടുകള്‍ നേടും. 2018-ല്‍ ഇത് 22.9 ശതമാനമായിരുന്നു.
Content Highlights: mizoram election 2023, zoramthanga, mnf, zpm,congress,bjp
Published: 05 Nov 2023, 12:30 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented