
ഖൊരഖ്നാഥ് നഗരത്തിലെ സന്‍സദ് രവികിഷന്‍ ഹൗസില്‍ രാവിലെ മുതല്‍ ബി.ജെ.പി. നേതാക്കളുടെയും പ്രവര്‍ത്തകരുടെയും തിരക്ക്. സുരക്ഷയ്ക്ക് ആയുധമേന്തിയ പോലീസുകാര്‍. ഖൊരഖ് നാഥ് മഠം മുഖ്യപുരോഹിതനും യു.പി. മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥ് മത്സരിക്കുന്ന ഖൊരഖ്പുര്‍ സദറിലും സമീപമണ്ഡലങ്ങളിലുംബി.ജെ.പി.യുടെ സമ്പൂര്‍ണ തിരഞ്ഞെടുപ്പ് പ്രചാരണച്ചുമതല വഹിക്കുന്ന മലയാളിയായ അരവിന്ദ് മേനോന്റെ വസതിയാണിത്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തന സൗകര്യാര്‍ഥം ഡല്‍ഹിയിലെ നോര്‍ത്ത് അവന്യൂവില്‍ നിന്ന് ആറുമാസം മുമ്പാണ് അരവിന്ദ് മേനോന്‍താമസത്തിനായി ഖൊരഖ്പുരിലെത്തിയത്. പശ്ചിമബംഗാളിന്റെ സഹ ചുമതലയ്ക്കു ശേഷമാണിത്.
വീട്ടിലേക്ക് പ്രവേശിക്കുമ്പോള്‍ അരവിന്ദ് മേനോന്‍, പ്രചാരണത്തിന് വാടകയ്ക്കെടുത്ത വാഹനങ്ങളുടെ കണക്ക് ആരോടോ ഫോണിലൂടെ ചോദിക്കുകയായിരുന്നു. പേഴ്സണല്‍ സെക്രട്ടറിയോട് ചായയും അവല്‍ ഉപ്പുമാവും എത്തിക്കാന്‍ പറഞ്ഞ ശേഷം അദ്ദേഹം അതു കഴിച്ച ശേഷം സംസാരിക്കാമെന്ന് അദ്ദേഹം ആംഗ്യം കാട്ടി. പിന്നാലെ അല്പനേരം 'മാതൃഭൂമി'ക്കായി സംസാരിക്കാന്‍ മാറ്റിവെച്ചു.
'ഖൊരഖ്നാഥ് മഠത്തിനും ക്ഷേത്രത്തിനും മണ്ഡലത്തില്‍ ഏറെ സ്വാധീനമുണ്ട്. അവിടത്തെ മുഖ്യപുരോഹിതനെന്ന നിലയില്‍ ആദിത്യനാഥിന് ജനങ്ങളുമായി വളരെയധികം ആത്മബന്ധമാണുള്ളത്. അദ്ദേഹം ഇവിടേക്ക് പ്രചാരണത്തിന് വരണമെന്നു പോലുമില്ല. വന്നില്ലെങ്കിലും യു.പി.യിലെ ഏറ്റവും കൂടിയ ഭൂരിപക്ഷത്തിന് അദ്ദേഹം ജയിക്കും'-അരവിന്ദ് മേനോന്‍ പറഞ്ഞു.
ഗുരുവായൂര്‍ പാടൂരിലെ പട്ടരങ്ങോട്ട് വീട്ടില്‍ പരേതരായ നാരായണ മേനോന്റെയും രുക്മിണി മേനോന്റെയും മകനാണ് 50-കാരനായ അരവിന്ദ് മേനോന്‍. ചെറിയ പ്രായത്തില്‍ തന്നെ കാശിയിലെത്തിയ അദ്ദേഹം ആര്‍.എസ്.എസ്. പ്രചാരകനായി സംഘ പ്രവര്‍ത്തനത്തിലെത്തി. യൂത്ത് വിങ്ങ് ഓഫീസ് സെക്രട്ടറിയും മധ്യപ്രദേശ് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറിയും ഒക്കെയായി. ഭോജ്പുരിയും ഹിന്ദിയും ഇംഗ്ലീഷും അടക്കമുള്ള ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യുന്ന അദ്ദേഹത്തെ യോഗി ആദിത്യനാഥിലേക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയിലേക്കും അടുപ്പിച്ചത് സംഘ പ്രവര്‍ത്തനത്തിലെ കാര്യക്ഷമത തന്നെ. ഖൊരഖ്പുര്‍ അടക്കമുള്ള മേഖലയിലെ 29 മണ്ഡലങ്ങളുടെ ചുമതലയാണ് ആദിത്യനാഥ് വിശ്വസ്തനായ അരവിന്ദ് മേനോനെ ഏല്‍പ്പിച്ചിട്ടുള്ളത്.
'പാവപ്പെട്ടവര്‍ക്കും കര്‍ഷകര്‍ക്കും ജാതിയില്‍ താഴ്ന്നവര്‍ക്കും സ്ത്രീകള്‍ക്കും വേണ്ടി ഈ സര്‍ക്കാര്‍ ഒട്ടേറെ കാര്യങ്ങള്‍ ചെയ്തു. മോദിജിയും യോഗിജിയും ഇതിനായാണ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ തന്നെ മേഖലയിലെ 62 നിയോജക മണ്ഡലങ്ങളിലും ഇത്തവണയും വലിയ വിജയം നേടും. കഴിഞ്ഞ തവണ ഇവിടെ 42 ബി.ജെ.പി.യും രണ്ട് സഖ്യകക്ഷികള്‍ക്കുമാണ് കിട്ടിയത്. എസ്.പി. ഇത്തവണ സമാജ് വാദി പാര്‍ട്ടിയല്ല, സമാപ്ത് പാര്‍ട്ടിയാവും'-അരവിന്ദ് മേനോന്‍ പറഞ്ഞു. ഇത് അഹംഭാവം കൊണ്ടു പറയുന്നതല്ലെന്നും പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നു കിട്ടുന്ന പ്രതികരണം അതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'എസ്.പി. കുടുംബ പാര്‍ട്ടിയാണ്. എസ്.പി. കുടുംബത്തില്‍ തന്നെ വളരെ ശണ്ഠയാണ്. രാമായണം പോലെ പുസ്തകമില്ല. ഗീതയെപ്പോലെ ഉപദേശമില്ല. യോഗിയെപ്പോലെ മുഖ്യമന്ത്രിയുമില്ല. യോഗിജി എല്ലായിടത്തെ പ്രചാരണവും കഴിഞ്ഞിട്ട് ഇവിടെ വരും'- അദ്ദേഹം പറഞ്ഞു. രാവിലെ ഏഴു മുതല്‍ തുടങ്ങുന്ന അരവിന്ദ് മേനോമന്റെ ജനസമ്പര്‍ക്കവും ഓരോ ബൂത്തിലെയും ത്രിദേവുമാരുമായുള്ള (പ്രസിഡന്റ്, പ്രഭാരി, ബി.എല്‍.ഒ.) ആശയവിനിമയം, 30 വകുപ്പുകളുടെ ഏകോപനം ഒക്കെ കഴിയുമ്പോഴേക്കും രാത്രി 12 ആവും.
ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ നിന്ന് സോഷ്യോളജിയിലും സാമ്പത്തിക ശാസ്ത്രത്തിലും മാനേജ്മെന്റിലും ബിരുദാനന്തര ബിരുദങ്ങള്‍ നേടിയ മേനോന്‍ രാഷ്ട്രീയത്തിരക്കിനിടയിലും വയോജനങ്ങളുമായി ബന്ധപ്പെട്ട വിഷയത്തില്‍ പി.എച്ച്.ഡി. ഗവേഷണത്തിനായുള്ള തയ്യാറെടുപ്പിലാണ്. പാലക്കാട്ടുകാരി ശ്രുതി മേനോനാണ് ഭാര്യ. യോഗി ആദിത്യനാഥിന്റെ മത്സരം കാരണം മാത്രമല്ല ഖൊരഖ്പുര്‍ ഇത്തവണ ശ്രദ്ധേയമാവുന്നത്. എതിരാളിയായ എസ്.പി. സ്ഥാനാര്‍ഥി പരേതനായ ബി.ജെ.പി. നേതാവ് ഉപേന്ദ്ര ദത്ത് ശുക്ലയുടെ ഭാര്യ ശുഭവതി ഉപേന്ദ്ര ദത്ത് ശുക്ലയാണ്. യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായതിനെ തുടര്‍ന്ന് ഖൊരഖ്പുര്‍ ലോക്സഭാംഗത്വം രാജിവെച്ചപ്പോള്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയായിരുന്നത് സംസ്ഥാന വൈസ് പ്രസിഡന്റു കൂടിയായിരുന്ന ഉപേന്ദ്ര ദത്ത് ശുക്ലയായിരുന്നു. 2017-ലെ ബി.ജെ.പി.യുടെ വന്‍വിജയത്തിനു പിന്നാലെ നടന്ന ഉപതിരഞ്ഞെടുപ്പില്‍ പക്ഷേ, ഉപേന്ദ്ര ദത്ത് ശുക്ല എസ്.പി. സഖ്യ സ്ഥാനാര്‍ഥി പ്രവീണ്‍ കുമാര്‍ നിഷാദിനോട് തോറ്റു. മണ്ഡലത്തിലെ നിഷാദരുടെ സ്വാധീനം തന്നെ കാരണം.
പ്രവീണ്‍കുമാര്‍ പിന്നാലെ ബി.ജെ.പി.യിലെത്തി. ഉപേന്ദ്ര ദത്ത് ശുക്ലയുടെ ഭാര്യയും രണ്ട് ആണ്‍മക്കളും ഇപ്പോള്‍ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനു പിന്നാലെ എസ്.പി.യിലും. ഭീം ആര്‍മി നേതാവ് ചന്ദ്ര ശേഖര്‍ ആസാദ് ആസാദ് സമാജ് പാര്‍ട്ടി (കന്‍ഷിറാം) സ്ഥാനാര്‍ഥിയായും ഇവിടെ മത്സരിക്കുന്നുണ്ട്. എസ്.പി. ഇദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിക്കുമെന്നായിരുന്നു ആദ്യം കരുതിയത്. അവസാന നിമിഷമായിരുന്നു അഖിലേഷ് യാദവിന്റെ കാലുമാറ്റം. ഡോ. ചേതന പാണ്ഡെ (കോണ്‍ഗ്രസ്), വിജയ് കുമാര്‍ ശ്രീവാസ്തവ (ആം ആദ്മി പാര്‍ട്ടി), ക്വാജ ഷംസുദ്ദീന്‍ (ബി.എസ്.പി.) എന്നിങ്ങനെ 13 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. 1989-ല്‍ നിന്ന് സീറ്റ് കോണ്‍ഗ്രസ്സില്‍ നിന്ന് പിടിച്ചെടുത്ത ശേഷം ഇതുവരെ നടന്ന എട്ടു തിരഞ്ഞെടുപ്പില്‍ ഖൊരഖ്പുര്‍ സദറില്‍ ഏഴും ബി.ജെ.പി.യാണ് ജയിച്ചത്. ഒരിക്കല്‍ ഹിന്ദുമഹാസഭയും. അതിനാല്‍ തന്നെ, യോഗിയുടെ മണ്ണിലെ നിയോഗത്തിന്റെ കാര്യത്തില്‍ അരവിന്ദ് മേനോന് മാത്രമല്ല, മണ്ഡലത്തിലെ എതിരാളികള്‍ക്കു പോലും സംശയമേതുമില്ല.
Content Highlights: Uttar Pradesh Assembly Election 2022 Yogi Adityanath Arvind Menon BJP Gorakhpur
Published: 23 Feb 2022, 10:21 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented