ലോകത്തിന്റെ നാളതുവരെയുള്ള ചിന്താമണ്ഡലത്തെ മാറ്റിമറിച്ച ശാസ്ത്രജ്ഞനാണ് ചാള്‍സ് ഡാര്‍വിന്‍. ജീവികള്‍ക്ക് ഒരു  പൊതുപൂര്‍വികനുണ്ടെന്നും അനുയോജ്യമായവ മാത്രമാണ് അതിജീവിക്കുന്നത് എന്നുമുള്ള സിദ്ധാന്തം വിശ്വസിക്കാന്‍ ലോകം പൂര്‍ണമായും പാകപ്പെട്ടിട്ടില്ല. പക്ഷേ, ശാസ്ത്രം ഡാര്‍വിന്‍ കണ്ടെത്തിയത് സാധൂകരിച്ചുകൊണ്ട് കൂടുതല്‍ തെളിവുകളുമായി മുന്നേറുകയാണ്. 1809 ഫെബ്രുവരി 12നാണ് ചാള്‍സ് റോബര്‍ട്ട് ഡാര്‍വിന്റെ ജനനം.  പിതാവ് ഡോ. റോബര്‍ട്ട് വാര്‍ണിങ് ഡാര്‍വിന്‍ മകനെ ഒരു ഡോക്ടറാക്കാനാണ് ആഗ്രഹിച്ചതെങ്കിലും നിയോഗം മറ്റൊന്നായിരുന്നു. ആദ്യം വൈദ്യശാസ്ത്രവും പിന്നീട് ദൈവശാസ്ത്രവും പഠിക്കാന്‍ മുതിര്‍ന്നെങ്കിലും പ്രകൃതിയോടും  ഭൂമിശാസ്ത്രത്തോടും ആയിരുന്നു താത്പര്യം.

To advertise here,

വഴിത്തിരിവായ കപ്പല്‍യാത്ര

ഭൂപടനിര്‍മാണത്തിനായി ബ്രിട്ടീഷ് സര്‍ക്കാര്‍ നിയോഗിച്ച യാത്രാസംഘത്തോടൊപ്പം 'എച്ച്.എം.എസ്. ബീഗിള്‍' എന്ന കപ്പലില്‍  സയന്റിഫിക് ഒബ്‌സെര്‍വറായി ഡാര്‍വിന്‍ ശമ്പളമില്ലാതെ ജോലിചെയ്തു. 22 വയസ്സായിരുന്നു പ്രായം. 1831മുതല്‍ 1836വരെയുള്ള അഞ്ചുവര്‍ഷം ഈ കപ്പല്‍ തീരങ്ങളോട് ചേര്‍ന്ന് പര്യടനം നടത്തി. അവിടെയുള്ള പാറകളിലും ജീവജാലങ്ങളിലും ആയിരുന്നു ഡാര്‍വിന്റെ ശ്രദ്ധ.

പാന്റഗോണിയ, ഗലാപ്പഗസ് ദ്വീപസമൂഹങ്ങളിലാണ് ജീവിവര്‍ഗത്തിന്റെ വൈവിധ്യം കൂടുതല്‍ ശ്രദ്ധയില്‍പ്പെട്ടത്. 
തെക്കേ അമേരിക്കയിലെ എക്വഡോറില്‍നിന്ന് 600 കിലോമീറ്റര്‍ മാറി പടിഞ്ഞാറുഭാഗത്തുള്ള  13 ചെറിയ ദ്വീപുകളും ധാരാളം  കുഞ്ഞുദ്വീപുകളും അടങ്ങിയതാണ് ഗലാപ്പഗസ്. അവിടെ  ഒരേ ജനുസ്സില്‍പ്പെട്ടവയില്‍ത്തന്നെ പ്രകടമായ വ്യത്യാസങ്ങള്‍ ഡാര്‍വിന്‍ നിരീക്ഷിച്ചു. ഇവിടത്തെ കുരുവികളുടെ കൊക്കിന്റെ വൈവിധ്യവും ആമകളുടെ തോടിന്റെയും കഴുത്തിന്റെയും വ്യത്യസ്തതയും ഡാര്‍വിന്റെ ശ്രദ്ധയാകര്‍ഷിച്ചു.

ഷഡ്പദഭോജികളായ കുരുവികള്‍ക്ക് ചെറിയ കൊക്കുകളും കള്ളിമുള്‍ച്ചെടികള്‍ ഭക്ഷിക്കുന്നവയ്ക്ക് നീണ്ട മൂര്‍ച്ചയുള്ള കൊക്കുകളും ആയിരുന്നു. കൂര്‍ത്ത കൊക്കുകള്‍കൊണ്ട് ചില്ലകള്‍ കൊത്തിയൊടിച്ച് മരപ്പൊത്തുകളില്‍നിന്ന് പുഴുക്കളെ കൊത്തിയെടുത്ത് ഭക്ഷിക്കുന്ന മരംകൊത്തി കുരുവികളും വിത്തുകള്‍ ആഹാരമാക്കിയിരുന്ന വലിയ  കൊക്കുകളുള്ള നീലക്കുരുവികളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. 1837ല്‍ ഇംഗ്ലണ്ടില്‍ തിരിച്ചെത്തിയ ഡാര്‍വിന്‍ പക്ഷിനിരീക്ഷകനായ ജോണ്‍ ഗൗഡിനൊപ്പം പ്രവര്‍ത്തിച്ചു.

ഗലാപ്പഗസിലെ കുരുവികള്‍ ലോകത്തിന്റെ മറ്റുഭാഗങ്ങളില്‍ ജീവിക്കുന്ന അതേവര്‍ഗത്തിലുള്ള പക്ഷികളില്‍നിന്ന് കാഴ്ചയില്‍ വ്യത്യസ്തങ്ങളാണെന്ന് മനസ്സിലാക്കി. ഇവ ഒരേ ജനുസ്സിലെ വെവ്വേറെ സ്പീഷീസുകളാകാമെന്ന് ഉറപ്പിച്ചു. ഇത്തരം അന്വേഷണങ്ങള്‍ക്കൊടുവിലാണ് ഡാര്‍വിന്‍ പ്രകൃതിനിര്‍ധാരണ സിദ്ധാന്തം ആവിഷ്‌കരിച്ചത്.

ഡാര്‍വിന്റെ പുസ്തകം

1859ല്‍ ആല്‍ഫ്രഡ് റസ്സല്‍ വാലസുമായി ചേര്‍ന്ന് ഡാര്‍വിന്‍ തന്റെ കണ്ടുപിടിത്തങ്ങള്‍ 'ഓണ്‍ ദി ഒറിജിന്‍ ഓഫ് സ്പീഷീസ്' എന്ന പുസ്തകമായി (On the Origin of Species) പ്രസിദ്ധീകരിച്ചു. 

ജീവികളില്‍ നിരന്തരം വ്യതിയാനങ്ങള്‍ ഉണ്ടാകുന്നു എന്നുതിരിച്ചറിയാനായെങ്കിലും അത് എങ്ങനെ സംഭവിക്കുന്നുവെന്ന് വിശദീകരിക്കാന്‍ ഡാര്‍വിന് കഴിഞ്ഞില്ല. ജീന്‍, ക്രോമസോം എന്നിവയെപ്പറ്റി അദ്ദേഹത്തിന്റെ കാലത്ത് അറിവുണ്ടായിരുന്നില്ല. 1882 ഏപ്രില്‍ 19ന് ഡാര്‍വിന്‍ മരിച്ചു.

Content Highlights: About Charles Darwin