എൻജിനിയറിങ്, സയൻസ് മേഖലകളിലെ നിശ്ചിത ബ്രാഞ്ചുകളിൽ ബിരുദമുള്ള പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർക്ക്, സെൻറർ ഫോർ ഡിവലപ്മെൻറ്് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിങ് (സി-ഡാക്) പുണെ കേന്ദ്രത്തിൽ നടത്തുന്ന ഹൈ പെർഫോമിങ് കംപ്യൂട്ടിങ് (എച്ച്.പി.സി.) പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. സിസ്റ്റം അഡ്മിനിസ്ടേഷൻ, ആപ്ലിക്കേഷൻ ഡിവലപ്മെൻറ് എന്നിവയാണ് കോഴ്സുകൾ.

To advertise here,

സാമൂഹികമായി പിന്നാക്കംനിൽക്കുന്ന വിഭാഗങ്ങൾക്കായി കേന്ദ്ര ഇലക്‌ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ സഹായധനത്തോടെ നാഷണൽ സൂപ്പർ കംപ്യൂട്ടിങ് മിഷൻ (എൻ.എസ്.എം.) വഴി, എച്ച്.പി.സി.യിൽ നൈപുണിയും വൈദഗ്ധ്യവുമുള്ളവരെ സൃഷ്ടിക്കുകയാണ് ലക്ഷ്യം.

സി.ഡാക് എച്ച്.പി.സി. ഡൊമൈൻ എക്സ്പർട്ടുകളുടെ ശിക്ഷണത്തിലുള്ള പരിശീലനം, സി-ഡാക് ലബോറട്ടറികളിൽ പരിശീലന അവസരം എന്നിവ വിദ്യാർഥികൾക്ക് ലഭിക്കും. അപേക്ഷാഫീ, കോഴ്സ് ഫീ എന്നിവ ഒഴിവാക്കിയിട്ടുണ്ട്. ആറുമാസത്തെ കോഴ്‌സ് കാലയളവിൽ പ്രതിമാസം 1500 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും. 900 മണിക്കൂർ പഠനത്തിലൂടെ കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്ലേസ്‌മെൻറ്് അവസരങ്ങൾ ലഭിക്കാം.

യോഗ്യത

ഇൻഫർമേഷൻ ടെക്നോളജി/കംപ്യൂട്ടർ സയൻസ്/ഇലക്‌ട്രോണിക്സ്/ടെലികമ്യൂണിക്കേഷൻസ്/ഇലക്‌ട്രിക്കൽ/ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിങ് ബിരുദമോ (10+2+4/10+3+3), കംപ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി/ഇലക്‌ട്രോണിക്സ് എം.എസ്‌സി./എം.എസ്. (10+2+3+2) ബിരുദമോ, മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ്/ഫിസിക്സ്/കംപ്യൂട്ടേഷണൽ സയൻസ്, പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദമോ അനുബന്ധ വിഷയങ്ങളിലെ തത്തുല്യ യോഗ്യതയോ എം.സി.എ. ബിരുദമോ ഉണ്ടായിരിക്കണം. യോഗ്യതാ കോഴ്സ് പരീക്ഷയിൽ കുറഞ്ഞത് 55 ശതമാനം മാർക്കുവേണം. യോഗ്യതാകോഴ്സ് അന്തിമ പരീക്ഷ 2023-ൽ അഭിമുഖീകരിച്ചവർക്കും അപേക്ഷിക്കാം.

കോമൺ അഡ്മിഷൻ ടെസ്റ്റ്

സി-ഡാക് കോമൺ അഡ്മിഷൻ ടെസ്റ്റ് വഴിയാണ് പ്രവേശനം. ജനുവരി 13, 14 തീയതികളിൽ കംപ്യൂട്ടർ ഉപയോഗിച്ച് നിശ്ചിതകേന്ദ്രങ്ങളിൽ പരീക്ഷ നടത്തും. പരീക്ഷയ്ക്ക് എ, ബി എന്നീ രണ്ടുവിഭാഗങ്ങളിൽ ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങൾ ഉണ്ടാകും.

ഇംഗ്ലീഷ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, റീസണിങ്, കംപ്യൂട്ടർ ഫണ്ടമെൻറൽസ് ആൻഡ് കൺസപ്റ്റ്സ് ഓഫ് പ്രോഗ്രാമിങ് എന്നിവയിൽ നിന്നുമായിരിക്കും പാർട്ട്‌ എ ചോദ്യങ്ങൾ. പാർട്ട്‌ ബിയിൽ, സി പ്രോഗ്രാമിങ്, ഡേറ്റാ സ്ട്രക്ചേഴ്സ്, ഒബ്ജക്ട് ഓറിയൻറഡ് പ്രോഗ്രാമിങ് കൺസപ്റ്റ്സ് യൂസിങ് സി + +, ഓപ്പറേറ്റിങ് സിസ്റ്റംസ് ആൻഡ് നെറ്റ് വർക്കിങ്, ബേസിക്സ് ഓഫ് ബിഗ് ഡേറ്റാ ആൻഡ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് എന്നിവയിലെ ചോദ്യങ്ങൾ ഉണ്ടാകും. അപേക്ഷ www.cdac.in/NSMTrainingSCST വഴി ജനുവരി മൂന്നുവരെ നൽകാം.