തിരുവനന്തപുരം: ഇന്ത്യയിലെ ചാർട്ടഡ് അക്കൗണ്ടന്റിന് സമാനമായ അമേരിക്കയിലെ പ്രൊഫഷണൽ യോഗ്യതയാണ് സി.പി.എ. അഥവാ സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ്. കേരളത്തിൽ നിന്നും സി.പി.എകാരെ സൃഷ്ടിക്കാൻ അസാപ് കേരളയും ഡിജിറ്റൽ യൂണിവേഴ്സിറ്റിയും തമ്മിൽ കൈകോർക്കുന്നു. ഇതിനായി കൊമേഴ്സ് ബിരുദധാരികൾക്ക് സി.പി.എയോടു കൂടിയുള്ള യു.എസ്. ജനറലി ആക്സപ്റ്റഡ് അക്കൗണ്ടിങ് പ്രിൻസിപ്പിൾസിൽ (GAAP) ഒരു വർഷ പി.ജി. ഡിപ്ലോമ ആരംഭിക്കാൻ അസാപ് കേരളയും ഡിജിറ്റൽ യൂണിവേഴ്സിറ്റിയും തമ്മിൽ ധാരണയായി. യു.എസ്. ഓഡിറ്റിങ്, അക്കൗണ്ടിങ് രംഗത്ത് ഉയർന്ന തൊഴിൽ സാധ്യതകളുള്ള മേഖലയാണിത്. പ്രസ്തുത ഡിപ്ലോമ വഴി സി.പി.എ. പരീക്ഷയ്ക്കുള്ള പരിശീലനത്തോടൊപ്പം അക്കാദമിക് ക്രെഡിറ്റും ലഭിക്കാൻ അവസരമൊരുങ്ങും.
സി.പി.എ. പരീക്ഷയ്ക്ക് യോഗ്യത നേടാൻ 120 യു.എസ്. അക്കാദമിക് ക്രെഡിറ്റ് ആവശ്യമുണ്ട്. കേരളത്തിലെ ബി.കോം. ബിരുദ വിദ്യാർത്ഥിക്ക് ശരാശരി 90 അക്കാദമിക് ക്രെഡിറ്റാണ് യൂണിവേഴ്സിറ്റി വിദ്യാഭ്യാസത്തിന്റെ ഭാഗമായി ലഭിക്കുക. ഈ പി.ജി. ഡിപ്ലോമ വഴി ലഭിക്കുന്ന 30 അധിക അക്കാദമിക് ക്രെഡിറ്റ് കൂടി ചേരുമ്പോൾ സി.പി.എ. പരീക്ഷ എഴുതാനുള്ള അമേരിക്കൻ ഗവണ്മെന്റ് നിഷ്കർഷിക്കുന്ന യോഗ്യത നേടാൻ കഴിയും. കേരളത്തിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു പരിശീലനത്തിന് ധാരണയാകുന്നത്.
അന്താരാഷ്ട്ര ധനകാര്യം, നികുതി രംഗം, പബ്ലിക് അക്കൗണ്ടിംഗ് തുടങ്ങിയ മേഖലകളിൽ ആഴത്തിലുള്ള അറിവ് നേടാനുള്ള പരിശീലനമാണ് കോഴ്സ് വിഭാവനം ചെയ്യുന്നത്. . ഇന്ത്യയുടേയും അമേരിക്കയുടെയും ജനറലി ആക്സപ്റ്റഡ് അക്കൗണ്ടിങ് പ്രിൻസിപ്പിൾസ് പഠിക്കുക വഴി ബാങ്കിങ് ഫിനാൻസ്, അക്കൗണ്ടിങ് മേഖലകളിൽ നിരവധി തൊഴിലവസരങ്ങൾ വിദ്യാർത്ഥികൾക്ക് ലഭിക്കും.
നാലുവർഷ ബിരുദ പദ്ധതിയുടെ ഭാഗമായി സർക്കാർ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അസാപ് കേരളയുമായി സഹകരിച്ച് ആരംഭിക്കുന്ന സെന്റർ ഫോർ സ്കിൽ ഡെവലപ്മെന്റ് കോഴ്സസ് ആൻഡ് കരിയർ പ്ലാനിങ് വഴി നൽകുന്ന ഹ്രസ്വകാല നൈപുണ്യ കോഴ്സുകൾക്കും അസാപ് കേരളയുടെ തിരഞ്ഞടുക്കപ്പെടുന്ന നൈപുണ്യ കോഴ്സുകൾക്കും ഡിജിറ്റൽ യൂണിവേഴ്സിറ്റി മൈക്രോ ക്രെഡിറ്റുകൾ നൽകും.
ഡിജിറ്റൽ യൂണിവേഴ്സിറ്റിയിൽ വെച്ചുനടന്ന ചടങ്ങിൽ അസാപ് കേരള സി.എം.ഡി. ഡോ. ഉഷ ടൈറ്റസും ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവെച്ചു. രജിസ്ട്രാർ പ്രൊഫ. എ. മുജീബ്, പ്രൊഫ. സന്തോഷ് കുറുപ്പ്, അസാപ് കേരള പ്രോഗ്രാം മാനേജർമാരായ വിപിൻദാസ് പള്ളിയത്ത്, പി. സൂരജ്, ആശിഷ് ഫ്രാൻസിസ്, ഫെല്ലോ ശ്രീലക്ഷ്മി സുരേഷ് എന്നിവർ പങ്കെടുത്തു.
Content Highlights: GAAP PG Diploma Course ASAP Kerala Digital University
Published: 26 Oct 2024, 08:12 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented