കേന്ദ്ര വാണിജ്യമന്ത്രാലയത്തിന്റെ കീഴിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡ് (ഐഐഎഫ്ടി), ബിസിനസ് അനലറ്റിക്സ് ആൻഡ് ഇൻറർനാഷണൽ ബിസിനസ് അഞ്ചുവർഷ ഇൻറഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്മെന്റ്‌ (ഐപിഎം) പ്രവേശനത്തിന് അപേക്ഷിക്കാം.

To advertise here,

ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആന്ധ്രാപ്രദേശിലെ കാക്കിനാഡ കാംപസിൽ റെസിഡൻഷ്യൽ രീതിയിൽ നടത്തുന്ന പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ബാച്ച്‌ലർ ഓഫ്‌ ബിസിനസ് അഡ്മിനിസ്ട്രേഷൻ (ബിബിഎ) -ബിസിനസ് അനലറ്റിക്സ്, മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (എംബിഎ) -ഇൻറർനാഷണൽ ബിസിനസ് എന്നീ ബിരുദങ്ങൾ ലഭിക്കും.

മൂന്നുവർഷ പഠനം വിജയകരമായി പൂർത്തിയാക്കി പുറത്തുവരാൻ താത്‌പര്യമുള്ളവർക്ക് (എക്സിറ്റ് ഓപ്ഷൻ) ബിബിഎ ബിരുദം നൽകും.

യോഗ്യത: പ്ലസ്ടുതല പരീക്ഷ, മാത്തമാറ്റിക്സ്/ബിസിനസ് മാത്തമാറ്റിക്സ്/അപ്ലൈഡ് മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ്/ബിസിനസ് സ്റ്റാറ്റിസ്റ്റിക്സ് പഠിച്ച്, ആർട്സ്/സയൻസ്/കൊമേഴ്സ് സ്ട്രീമിൽ 2023-ലോ 2024-ലോ ജയിച്ചവരോ 2025-ൽ പ്ലസ്ടുതല പരീക്ഷ അഭിമുഖീകരിക്കുന്നവരോ ആയിരിക്കണം. 10-ാം ക്ലാസ് പരീക്ഷ 2021-ലോ ശേഷമോ ജയിച്ചവരായിരിക്കണം.

പ്ലസ്ടു, പത്താം ക്ലാസ് പരീക്ഷകളിൽ കുറഞ്ഞത് 60 ശതമാനം മാർക്ക് (പട്ടിക, ഭിന്നശേഷി, ട്രാൻസ്ജൻഡർ വിഭാഗക്കാർക്ക് 55 ശതമാനം) വാങ്ങിയിരിക്കണം. ഇന്ദോർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് (ഐഐഎം) നടത്തുന്ന ഇൻറഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്മെൻറ് അഡ്മിഷൻ ടെസ്റ്റ് (ഐപിഎംഎടി) 2025 അഭിമുഖീകരിച്ചിരിക്കണം (മേയ് 12-നാണ് ഈ പരീക്ഷ).

ഐഐഎഫ്ടി അപേക്ഷ ഏപ്രിൽ 30 വരെ www.iift.ac.in/iift/ipm.php വഴി നൽകാം.