
മാനന്തവാടി: മകൾ അഖിലക്കൊപ്പം വയനാട് ഗവ. മെഡിക്കൽ കോളേജിലെത്തുമ്പോൾ മാനന്തവാടി ടൗണിലെ ഓട്ടോഡ്രൈവർ കല്ലുമൊട്ടംകുന്നിലെ വിനോദിനും ഭാര്യ മജിതയ്ക്കും എന്തെന്നില്ലാത്ത സന്തോഷമുണ്ടായിരുന്നു. മാനന്തവാടി എംജിഎം സ്കൂളിൽനിന്നാണ് അഖില പത്താംതരവും പന്ത്രണ്ടാംക്ലാസും പൂർത്തിയാക്കിയത്. ജില്ലയിലെ മെഡിക്കൽ കോളേജിലെ ആദ്യ എംബിബിഎസ് ബാച്ചിൽ മകൾക്ക് പ്രവേശനംനേടാനായതിന്റെ സന്തോഷം. സാധാരണ കുടുംബ പശ്ചാത്തലത്തിൽ ജീവിക്കുന്ന ഇവർ മകൾ നാളെയുടെ ഡോക്ടറാവുന്നത് ഇന്നേ മനസ്സിൽ കണ്ടുതുടങ്ങി.
‘മെഡിക്കൽ കോളേജായിട്ട് ഏറെനാളായി. അവസാനം ഇപ്പോൾ അംഗീകാരംലഭിച്ചു. ആദ്യബാച്ചിൽത്തന്നെ മോൾക്ക് പ്രവേശനം ലഭിച്ചതിൽ എന്തെന്നില്ലാത്ത സന്തോഷം’ -വിനോദിന്റെ വാക്കുകളിൽ അളവറ്റ സന്തോഷം. ജില്ലാ ആശുപത്രിയെ മെഡിക്കൽ കോളേജായി ഉയർത്തിയിട്ട് ഏറെനാളായിരുന്നെങ്കിലും പഠിപ്പിക്കുന്ന സംവിധാനം എത്തിയിരുന്നില്ല. വേഗത്തിൽത്തന്നെ അധ്യയനംതുടങ്ങിയതിനും മോൾക്ക് ഇവിടെത്തന്നെ പഠിക്കാനായതിലും സന്തോഷം.” -വിനോദിനൊപ്പം മജിതയും ചേർന്നു. അഖിലയ്ക്കുപുറമേ വയനാട്ടിൽനിന്ന് മറ്റുരണ്ടുപേരും മെഡിക്കൽ കോളേജിലെ ആദ്യബാച്ചിലുണ്ട്.
വയനാട്ടുകാരുടെ ദീർഘകാലമായുള്ള സ്വപ്നമായിരുന്നു ജില്ലയ്ക്ക് സ്വന്തം മെഡിക്കൽ കോളേജെന്നത്. 2021-ൽ ജില്ലാ ആശുപത്രിയെ മെഡിക്കൽ കോളേജായി ഉയർത്തിയെങ്കിലും കഴിഞ്ഞമാസമാണ് നാഷണൽ മെഡിക്കൽ കമ്മിഷന്റെ അംഗീകാരം ലഭിച്ചത്. 50 സീറ്റ് അനുവദിച്ചിരുന്നെങ്കിലും 40 പേരാണ് ആദ്യവർഷം പ്രവേശനംനേടിയത്. ഏഴുസീറ്റ് നീക്കിവെച്ച അഖിലേന്ത്യാ ക്വാട്ടയിൽ നാലുപേരും സംസ്ഥാനക്വാട്ടയിൽനിന്ന് 36 പേരുമാണ് പ്രവേശനംനേടിയത്. മെഡിക്കൽ കോളേജിനോടുചേർന്ന് നിർമിച്ച ആറുനിലക്കെട്ടിടത്തിലാണ് ക്ലാസ് മുറികൾ സജ്ജീകരിച്ചിട്ടുള്ളത്. അഞ്ചാംനിലയിലാണ് ക്ലാസ്മുറി.
115 അധ്യാപകതസ്തികകളും 25 അനധ്യാപകതസ്തികകളും ഉൾപ്പെടെ 140 തസ്തികകൾ മെഡിക്കൽ കോളേജിനായി സൃഷ്ടിച്ചിരുന്നു. ആദ്യദിനമെത്തിയ വിദ്യാർഥികളെ എസ്എഫ്ഐ പ്രവർത്തകർ മധുരംനൽകി സ്വീകരിച്ചു.
Published: 07 Oct 2025, 10:26 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented