തൃശ്ശൂർ: കാമ്പസുകളിൽ കടുത്ത റാഗിങ്ങോ ആത്മഹത്യയോ നടന്നാൽ കോളേജ് പ്രിൻസിപ്പലിനെയും സർവകലാശാലാ രജിസ്ട്രാറെയും വിളിച്ചുവരുത്തുമെന്ന് യുജിസി. റാഗിങ് വിരുദ്ധ നടപടികൾ സ്വീകരിക്കാതിരുന്നതിന്റെ കാരണം ദേശീയസമിതിയോട് ഇവർ വിശദീകരിക്കണം. റാഗിങ് നിയന്ത്രണ നിബന്ധനകൾ ഒരിക്കൽക്കൂടി ഓർമപ്പെടുത്തിയ പുതിയ ഉത്തരവിലാണ് കമ്മിഷൻ ഈ വ്യവസ്ഥ ഉൾപ്പെടുത്തിയിരിക്കുന്നത്.
സുപ്രീംകോടതിയുടെ കർശന നിർദേശത്തെത്തുടർന്നാണ് റാഗിങ് വിരുദ്ധ നിബന്ധനകൾ കമ്മിഷൻ രൂപപ്പെടുത്തിയത്. എല്ലാ അക്കാദമിക വർഷാരംഭത്തിലും നിബന്ധനകൾ പാലിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്ന ഉത്തരവുകൾ സാധാരണമാണ്. കർക്കശ നിലപാടുകളുണ്ടായിട്ടും റാഗിങ് പൂർണമായി ഇല്ലാതാക്കാൻ സാധിക്കാത്ത പശ്ചാത്തലത്തിലാണ് പുതിയ വ്യവസ്ഥകൂടി ചേർത്തിരിക്കുന്നത്.
ആന്റി-റാഗിങ് കമ്മിറ്റികൾ, ആന്റി-റാഗിങ് സ്ക്വാഡ്, കാമ്പസിലെ പ്രധാന സ്ഥലങ്ങളിൽ നിരീക്ഷണ ക്യാമറകൾ, അപായ ബെല്ലുകൾ, ശില്പശാലകൾ, സെമിനാറുകൾ എന്നിവയാണ് ഓരോ കാമ്പസിലും നിർബന്ധമായും നടപ്പാക്കേണ്ടതായി പറയുന്ന നിബന്ധനകൾ. ഇതിനുപുറമേ സ്ഥാപനത്തിന്റെ വെബ്‌സൈറ്റിലും മറ്റും നോഡൽ ഓഫീസറുടെ വിശദമായ വിവരങ്ങൾ കൃത്യമായി ചേർത്തിരിക്കുകയും വേണം. റാഗിങ്ങിനെതിരായ പോസ്റ്ററുകളും മറ്റും കാണാവുന്ന പ്രധാന സ്ഥലങ്ങളിൽ പ്രദർശിപ്പിക്കുകയും വേണം. ഹോസ്റ്റലുകൾ, കാന്റീൻ, ശൗചാലയങ്ങൾ, വിശ്രമമുറികൾ, ബസ് സ്റ്റാൻഡുകൾ എന്നിവിടങ്ങളിലൊക്കെ മുന്നറിയിപ്പില്ലാതെ പരിശോധനകൾ നടത്തണമെന്നും കമ്മിഷൻ നിർദേശിക്കുന്നു.
Content Highlights: Universities face strict action for ragging incidents
Published: 20 Jun 2025, 07:52 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented