നിശ്ചിതവിഷയങ്ങളിൽ ജൂനിയർ റിസർച്ച് ഫെലോഷിപ്പ് (ജെആർഎഫ്) ലഭിക്കാനും അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിന് അപേക്ഷിക്കാനുമുള്ള അർഹതാ നിർണയ പരീക്ഷയും പിഎച്ച്ഡി പ്രവേശനത്തിന് അപേക്ഷിക്കാനുള്ള പരീക്ഷയുമായ യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷൻ നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (യുജിസി നെറ്റ്) 2025 ഡിസംബർ സെഷന് നാഷണൽ ടെസ്റ്റിങ് ഏജൻസി അപേക്ഷ ക്ഷണിച്ചു.

To advertise here,

മൂന്നു കാറ്റഗറികൾ

അപേക്ഷകരെ മൂന്നു കാറ്റഗറികളിലായി പരിഗണിക്കും.

(i) ജെആർഎഫ് അവാർഡിനും അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിനും (കാറ്റഗറി 1)

(ii) അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിനും പിഎച്ച്ഡി പ്രവേശനത്തിനും (കാറ്റഗറി 2)

(iii) പിഎച്ച്ഡി പ്രവേശനത്തിനു മാത്രം (കാറ്റഗറി 3).

ഇതിൽ കാറ്റഗറി 1-ൽ അർഹത നേടുന്നവർക്ക് (ജെആർഎഫ്, അസിസ്റ്റന്റ് പ്രൊഫസർ നിയമനം) പിഎച്ച്ഡി പ്രവേശനത്തിന് അർഹതയുണ്ട്.

യുജിസി വ്യവസ്ഥകൾ പ്രകാരമുള്ള ഒരു ഇന്റർവ്യൂ ഇവർ അഭിമുഖീകരിക്കണം.

കാറ്റഗറി 2-ൽ യോഗ്യത നേടുന്നവർക്ക് ജെആർഎഫ് അർഹത ഉണ്ടാകില്ല.

കാറ്റഗറി 3-ൽ യോഗ്യത നേടുന്നവർക്ക് ജെആർഎഫ് അർഹതയോ അസിസ്റ്റന്റ് പ്രൊഫസർ നിയമന അർഹതയോ ഉണ്ടാകില്ല.

കാറ്റഗറി 2, 3 എന്നിവ പ്രകാരമുള്ള യുജിസി നെറ്റ് യോഗ്യത, പിഎച്ച്ഡി പ്രവേശനത്തിനായി സർവകലാശാലകളും ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളും നടത്തുന്ന പരീക്ഷകൾക്കു പകരമുള്ള ഒരു പ്രവേശന പരീക്ഷയായി പരിഗണിക്കാവുന്നതാണ്. ഈ രണ്ടു കാറ്റഗറികളിൽ യോഗ്യത നേടുന്നവരുടെ കാര്യത്തിൽ പിഎച്ച്ഡി പ്രവേശനപ്രക്രിയയിൽ റാങ്ക് പട്ടിക തയ്യാറാക്കുമ്പോൾ നെറ്റിന് ലഭിച്ച മാർക്കിന് 70-ഉം സ്ഥാപനം നടത്തുന്ന ഇന്റർവ്യു/വൈവയ്ക്ക് ലഭിക്കുന്ന മാർക്കിന് 30-ഉം ശതമാനം വെയ്‌റ്റേജ് നൽകി ഇവയുടെ സംയുക്ത മെറിറ്റ് കണക്കാക്കി റാങ്കിങ് നടത്തി പ്രവേശനം നടത്തും.

ഈ രണ്ടു വിഭാഗക്കാരുടെയും കാര്യത്തിൽ പിഎച്ച്ഡി പ്രവേശനത്തിന് നെറ്റിൽ ലഭിക്കുന്ന മാർക്കിന് യുജിസി നെറ്റ് ഫലപ്രഖ്യാപന തീയതി മുതൽ ഒരു വർഷത്തേക്ക് സാധുതയുണ്ടാകും.

നെറ്റ് ഫലത്തിൽ പെർസന്റൈൽ, പരീക്ഷയിൽ ലഭിച്ച മാർക്ക് (ഒന്നിൽ കൂടുതൽ ഷിഫ്റ്റുകളിൽ നടത്തിയതെങ്കിൽ നോർമലൈസ്ഡ് മാർക്ക്) എന്നിവ ലഭ്യമാക്കുന്നതാണ്.

നാഷണൽ ഫെലോഷിപ്പുകൾ

പട്ടികജാതി, മറ്റു പിന്നാക്ക, ഭിന്നശേഷി വിഭാഗങ്ങളിലെ വിദ്യാർഥികൾക്കായുള്ള നാഷണൽ ഫെലോഷിപ്പ് തിരഞ്ഞെടുപ്പ് സോഷ്യൽ ജസ്റ്റിസ് ആൻഡ് എംപവർമെന്റ് മന്ത്രാലയം വഴിയായിരിക്കും നടത്തുക. ഇതിന് താത്‌പര്യമുള്ളവരും യുജിസി നെറ്റ് അഭിമുഖീകരിക്കണം. പിഎച്ച്ഡി പ്രവേശനത്തിനും റിക്രൂട്ട്‌മെന്റ് ആവശ്യങ്ങൾക്കുമായി അപേക്ഷകരുടെ ഡേറ്റാ ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് യുജിസി/എൻടിഎ ലഭ്യമാക്കും.

വിഷയങ്ങൾ

ശാസ്ത്രവിഷയങ്ങളൊഴിച്ചാൽ മുഖ്യമായും ശാസ്ത്ര ഇതര മേഖലകളിലെ വിഷയങ്ങൾക്കാണ് (ഹ്യുമാനിറ്റീസ്, സോഷ്യൽ സയൻസസ്, ഭാഷാ വിഷയങ്ങൾ മുതലായവ) നടത്തുന്നത്. മൊത്തം 85 വിഷയങ്ങളിൽ പരീക്ഷ നടത്തും. പരീക്ഷ നടത്തുന്ന വിഷയങ്ങൾ, ഓരോ വിഷയത്തിന്റെയും സിലബസ് ലഭിക്കുന്ന ലിങ്ക് എന്നിവ ഇൻഫർമേഷൻ ബുള്ളറ്റിനിൽ ഉണ്ട്.

അർഹതാ വ്യവസ്ഥകൾ

ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസ് വിഷയങ്ങളിലോ (ഭാഷാ വിഷയങ്ങൾ ഉൾപ്പെടെ), കംപ്യൂട്ടർ സയൻസ് ആൻഡ് ആപ്ലിക്കേഷൻസ്, ഇലക്‌ട്രോണിക് സയൻസ് തുടങ്ങിയ വിഷയങ്ങളിലോ 55 ശതമാനം മാർക്കോടെ (ഒബിസി-എൻസിഎൽ/പട്ടിക/ഭിന്നശേഷി/തേർഡ് ജൻഡർ വിഭാഗക്കാർക്ക് 50 ശതമാനം മാർക്ക്) മാസ്റ്റേഴ്സ് ബിരുദം/തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. മാർക്ക് റൗണ്ടിങ് അനുവദനീയമല്ല

മാസ്റ്റേഴ്‌സിന് പഠിക്കുന്നവർ, യോഗ്യതാ കോഴ്‌സ് അവസാന വർഷ പരീക്ഷ അഭിമുഖീകരിച്ച് ഫലം കാത്തിരിക്കുന്നവർ, യോഗ്യതാ കോഴ്‌സ് പരീക്ഷ വൈകിയവർ, തുടങ്ങിയവർക്ക് വ്യവസ്ഥകൾക്കു വിധേയമായി അപേക്ഷിക്കാം.

ഇവർ ജെആർഎഫ്/അസിസ്റ്റന്റ് പ്രൊഫസർ അർഹത നേടിയതായി പരിഗണിക്കപ്പെടാൻ നെറ്റ് ഫലം വന്ന് രണ്ടു വർഷത്തിനകവും പിഎച്ച്ഡി പ്രവേശനത്തിനെങ്കിൽ നെറ്റ് ഫലം വന്ന് ഒരു വർഷത്തിനകവും യോഗ്യതാ പ്രോഗ്രാം നിശ്ചിത മാർക്കോടെ ജയിച്ചിരിക്കണം.

പിജി വിഷയത്തിൽ നെറ്റ് അഭിമുഖീകരിക്കണം

പോസ്റ്റ്ഗ്രാേജ്വഷന്റെ വിഷയത്തിൽ പരീക്ഷ അഭിമുഖീകരിക്കണം. പിജി വിഷയം നെറ്റ് വിഷയങ്ങളുടെ പട്ടികയിൽ ഇല്ലെങ്കിൽ, ബന്ധപ്പെട്ട മറ്റൊരു വിഷയത്തിൽ പരീക്ഷ അഭിമുഖീകരിക്കാം.

മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ് എന്നിവയിലോ പോപ്പുലേഷൻ സ്റ്റഡീസ് സ്പെഷ്യലൈസേഷനോടെ ജ്യോഗ്രഫിയിലോ പിജി ഉള്ളവർക്ക് പോപ്പുലേഷൻ സ്റ്റഡീസിൽ അഭിമുഖീകരിക്കാം.

ഹ്യുമാനിറ്റീസ്, സോഷ്യൽ സയൻസസ്, ഭാഷാ വിഷയങ്ങൾ എന്നിവയിൽ മാസ്റ്റേഴ്‌സ് ബിരുദമുള്ളവർക്ക് വിമൺ സ്റ്റഡീസിൽ അഭിമുഖീകരിക്കാം.

നാലുവർഷ ബിരുദക്കാർക്ക്

നാലുവർഷ ബിരുദക്കാർക്കും അപേക്ഷിക്കാം.

നാലുവർഷ/എട്ട് സെമസ്റ്റർ ബാച്ച്‌ലർ ബിരുദമുള്ളവർക്ക് ബിരുദ കോഴ്‌സിൽ മൊത്തത്തിൽ 75 ശതമാനം മാർക്ക്/തത്തുല്യ ഗ്രേഡ് വേണം. ഒബിസി- എൻസിഎൽ/ഇഡബ്ല്യുഎസ്/പട്ടിക/ഭിന്നശേഷി/യുജിസി തീരുമാനപ്രകാരമുള്ള മറ്റ് വിഭാഗക്കാർ എന്നിവർക്ക് 70 ശതമാനം മാർക്ക് മതി.

നാലു വർഷ/എട്ട് സെമസ്റ്റർ ബിരുദ പ്രോഗ്രാമിൽ അന്തിമ വർഷത്തിൽ/അന്തിമ സെമസ്റ്ററിൽ പഠിക്കുന്നവർക്കും വ്യവസ്ഥകളോടെ അപേക്ഷിക്കാം. അവർ യോഗ്യതാ ബിരുദ കോഴ്‌സിൽ മൊത്തത്തിൽ 75/70 ശതമാനം മാർക്ക്/തത്തുല്യ ഗ്രേഡ് നേടി ബിരുദം നേടണം. ഇവരെ ജെആർഎഫിന്/പിഎച്ച്ഡി പ്രവേശനത്തിന് അർഹത നേടിയതായി പരിഗണിക്കപ്പെടാൻ ജെആർഎഫ് എങ്കിൽ നെറ്റ് ഫലം വന്ന് രണ്ടു വർഷത്തിനകവും പിഎച്ച്ഡി പ്രവേശനത്തിനെങ്കിൽ നെറ്റ് ഫലം വന്ന് ഒരു വർഷത്തിനകവും യോഗ്യത നേടേണ്ടതുണ്ട്.

അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിന് നാലു വർഷ ബിരുദക്കാർക്ക് അർഹത ഉണ്ടാകില്ല. ഇവർക്ക് അവരുടെ ബിരുദം ഏതു തന്നെയായാലും പിഎച്ച്ഡി പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന വിഷയമെടുത്ത് നെറ്റ് അഭിമുഖീകരിക്കാം.

കോളേജ്/സർവകലാശാലാ/സ്ഥാപനതല അസിസ്റ്റന്റ് പ്രൊഫസർ തിരഞ്ഞെടുപ്പിനും നിയമനത്തിനുമുള്ള മിനിമം യോഗ്യതാ മാനദണ്ഡം, നെറ്റ്/എസ്ഇടി (സെറ്റ്)/എസ്എൽഇടി ആയിരിക്കും എന്ന വ്യവസ്ഥ തുടരും. ഇതിലെ ഇളവ് കാലാകാലങ്ങളിലെ യുജിസി റഗുലേഷൻസ്, ഭേദഗതികൾ എന്നിവ പ്രകാരമായിരിക്കും. ചില വ്യവസ്ഥകൾ തൃപ്തിപ്പെടുത്തുന്നവർ/ചില യോഗ്യതകൾ ഉള്ളവർ എന്നിവർക്ക്, അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിന് നെറ്റ് യോഗ്യത നേടണമെന്ന വ്യവസ്ഥയിൽ ഇളവു നൽകിയിട്ടുണ്ട്.

പ്രായപരിധി

ജെആർഎഫിന് ഉയർന്ന പ്രായപരിധിയുണ്ട്. 2025 ഡിസംബർ ഒന്നിന് 30 വയസ്സ് കവിഞ്ഞിരിക്കരുത്. ചില സംവരണ വിഭാഗക്കാർക്കും വനിതകൾക്കും ഗവേഷണ പരിചയമുള്ളവർക്കും അഞ്ച് വർഷം വരെ ഉയർന്ന പ്രായപരിധിയിൽ ഇളവു ലഭിക്കും. അസിസ്റ്റന്റ് പ്രൊഫസർ അർഹതയ്ക്കും പിഎച്ച്ഡി പ്രവേശനത്തിനും വേണ്ടി അപേക്ഷിക്കാൻ ഉയർന്ന പ്രായപരിധിയില്ല.

പരീക്ഷാ തീയതി, ഘടന

ഡിസംബർ 31 മുതൽ ജനുവരി ഏഴു വരെയുള്ള കാലയളവിൽ കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് (സിബിടി) ആയി പരീക്ഷ നടത്തും. മൂന്നു മണിക്കൂർ ദൈർഘ്യമുള്ള രണ്ടു ഭാഗങ്ങളുള്ള ഇടവേള ഇല്ലാത്ത പരീക്ഷയാണ്. രണ്ടിലെയും ചോദ്യങ്ങൾ ഒബ്ജക്ടീവ് ടൈപ്പ് മൾട്ടിപ്പിൾ ചോയ്‌സ് രീതിയിലായിരിക്കും.

ഭാഗം-I 100 മാർക്കിനും (50 ചോദ്യങ്ങൾ), ഭാഗം-II 200 മാർക്കിനും (100 ചോദ്യങ്ങൾ). എല്ലാ ചോദ്യങ്ങളും നിർബന്ധമാണ്. ശരിയുത്തരത്തിന് രണ്ട് മാർക്ക് വീതം കിട്ടും. തെറ്റായ ഉത്തരങ്ങൾക്ക് നെഗറ്റീവ് മാർക്ക് രീതി ഇല്ല. ഭാഗം-I ടീച്ചിങ്/റിസർച്ച് അഭിരുചി വിലയിരുത്തുന്നതും ഭാഗം-II, തിരഞ്ഞെടുത്ത വിഷയത്തിലെ വിജ്ഞാനം വിലയിരുത്തന്നതുമായിരിക്കും.

കേരളത്തിൽ എല്ലാ ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ട്. അപേക്ഷ നൽകുമ്പോൾ മുൻഗണ് നിശ്ചയിച്ച് നാല് പരീക്ഷാ കേന്ദ്രങ്ങൾ തിരഞ്ഞെടുക്കണം.

റെക്കോഡഡ് സ്പോൺസസ് ഡിസ്‌പ്ലേ, ആൻസർ കീ ചലഞ്ച്, മാർക്ക് നോർമലൈസേഷൻ, ഫലം തയ്യാറാക്കൽ തുടങ്ങിയവയുടെ വിശദാംശങ്ങൾ ഇൻഫർമേഷൻ ബ്രോഷറിലുണ്ട്. റാങ്കിങ്ങിനായി പരിഗണിക്കപ്പെടാൻ പരീക്ഷയുടെ രണ്ടു ഭാഗങ്ങളും അഭിമുഖീകരിച്ചിരിക്കണം. രണ്ടിനും കൂടി 40 ശതമാനം മാർക്ക് (സംവരണ വിഭാഗക്കാർക്ക് മൊത്തം 35 ശതമാനം) നേടിയിരിക്കണം.

അപേക്ഷ

ugcnet.nta.nic.in വഴി നവംബർ ഏഴിന് രാത്രി 11.50 വരെ നൽകാം. അപേക്ഷയിലെ വിവിധ ഓപ്ഷനുകൾ, പരിശോധിച്ച് വേണ്ടത് തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

അപേക്ഷാഫീസ്: ജനറൽ -1150 രൂപ, ജനറൽ -ഇഡബ്ല്യുഎസ്, ഒബിസി (എൻസിഎൽ) - 600 രൂപ, പട്ടിക/ഭിന്നശേഷി/ട്രാൻസ്ജൻഡർ വിഭാഗങ്ങൾ -325 രൂപ. ക്രഡിറ്റ്/ഡബിറ്റ് കാർഡ്, നെറ്റ് ബാങ്കിങ്, യുപിഐ വഴി ഫീസ് അടയ്ക്കാം. നൽകിയ അപേക്ഷയിൽ ഉണ്ടായേക്കാവുന്ന പിശകുകൾ തിരുത്താൻ നവംബർ 10 മുതൽ 12-ന് രാത്രി 11.50 വരെ സൗകര്യം ലഭിക്കും.