ന്യൂഡൽഹി: വിദേശ സർവകലാശാലകൾക്ക് ഇന്ത്യയിൽ കാംപസ് തുറക്കാനുള്ള അന്തിമ മാനദണ്ഡങ്ങൾ വിജ്ഞാപനം ചെയ്തതിനുപിന്നാലെ രജിസ്‌ട്രേഷൻ പോർട്ടൽ തുറന്ന് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷൻ (യു.ജി.സി.). വിദേശ സർവകലാശാലകൾക്ക് fhei.ugc.ac.in വഴി രജിസ്റ്റർ ചെയ്യാം. യു.ജി.സി. രൂപവത്കരിച്ച സമിതി ഈ അപേക്ഷകൾ പരിശോധിക്കും.
സർവകലാശാലയുടെ പ്രവർത്തനം, കോഴ്‌സുകൾ, വിശ്വാസ്യത എന്നിവയാകും പരിശോധിക്കുക. ശേഷം അറുപതുദിവസത്തിനുള്ളിൽ കമ്മിഷനു മുമ്പാകെ സമർപ്പിക്കും. യു.ജി.സി.യുടെ അംഗീകാരം ലഭിച്ചാൽ രണ്ടുവർഷത്തിനുള്ളിൽ കാംപസ് തുറക്കാം.
കോഴ്‌സ് ഫീസ്, നിയമനങ്ങൾ, ശമ്പളം തുടങ്ങിയവ വിദേശസർവകലാശാലയ്ക്ക് തീരുമാനിക്കാം. വിദേശത്തുനിന്നുള്ള അധ്യാപകർ കുറഞ്ഞത് ഒരു സെമസ്റ്ററെങ്കിലും ഇന്ത്യയിൽ താമസിച്ചിരിക്കണം. ഓൺലൈൻ, വിദൂര ക്ലാസുകൾ അനുവദിക്കില്ല. രാജ്യാന്തര റാങ്കിങ്ങിൽ ആദ്യ 500-ൽ എങ്കിലും ഉൾപ്പെട്ട സ്ഥാപനങ്ങൾക്കാണ് കാംപസ് ആരംഭിക്കാൻ അനുമതി ലഭിക്കുക.
പൊതുവിഭാഗത്തിലോ, ഏതെങ്കിലും പ്രത്യേക വിഷയത്തിലോ രാജ്യാന്തരതലത്തിൽ മികച്ച റാങ്കിങ് ഉണ്ടാകണം. ഈ റാങ്കിങ് മാനദണ്ഡം കാലോചിതമായി മാറ്റാനുള്ള അധികാരം യു.ജി.സി.ക്കുണ്ടാകും. സർട്ടിഫിക്കറ്റ്, ഡിപ്ലോമ, ഡിഗ്രി, പി.ജി., ഗവേഷണ തലത്തിൽ കോഴ്സുകൾ നടത്താനും സർട്ടിഫിക്കറ്റുകൾ നൽകാനും അധികാരമുണ്ടാകും. ഒരു വിദേശ സർവകലാശാലയ്ക്ക് ഒന്നിലേറെ കാംപസുകൾ ആരംഭിക്കാം. ഓരോ കാംപസിനുവേണ്ടിയും പ്രത്യേക അപേക്ഷ നൽകണം തുടങ്ങിയവയാണ് വിജ്ഞാപനത്തിലെ നിർദേശങ്ങൾ.
Content Highlights: UGC introduced registration portal, enabling foreign universities to establish campuses in India
Published: 12 Nov 2023, 10:17 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented