ഡിസംബറില്‍ നടക്കാനിരിക്കുന്ന കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റിന് (കെ-ടെറ്റ്) അപേക്ഷിക്കാനുള്ള അവസാന തീയതി നവംബര്‍ 28 വൈകിട്ട് അഞ്ച് മണിവരെ നീട്ടി. നേരത്തെ അപേക്ഷിച്ചവര്‍ക്ക് അപേക്ഷയില്‍ തിരുത്തലുകല്‍ വരുത്താനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. 

To advertise here,

എല്‍.പി അധ്യാപകരാകാനുള്ള കാറ്റഗറി-I, യു.പിയിലേക്കുള്ള കാറ്റഗറി-II, ഹൈസ്‌കൂളിലേക്കുള്ള കാറ്റഗറി-III, ഭാഷാ അധ്യാപകര്‍, സ്‌പെഷ്യലിസ്റ്റ് അധ്യാപകര്‍ എന്നിവര്‍ക്കായുള്ള കാറ്റഗറി-IV എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് പരീക്ഷ നടത്തുന്നത്. 

സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകരാകാനുള്ള അടിസ്ഥാന യോഗ്യതയാണിത്. കേരള പരീക്ഷാഭവനാണ് പരീക്ഷ നടത്തുന്നത്. അപേക്ഷിക്കാന്‍ പ്രായപരിധി ബാധകമല്ല. 

സി.ടെറ്റ് പ്രൈമറി നേടിയവരെ കാറ്റഗറി ഒന്നില്‍ നിന്നും സി-ടെറ്റ് എലമെന്ററി ജയിച്ചവരെ കാറ്റഗറി രണ്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നെറ്റ്, സെറ്റ്, എം.ഫില്‍, പി.എച്ച്.ഡി, എം.എഡ് എന്നിവയില്‍ ഒന്നെങ്കിലും ഉള്ളവരെ കെ-ടെറ്റില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കാറ്റഗറി-III ജയിച്ചവര്‍ക്ക് കാറ്റഗറി-II നേടാതെ തന്നെ യു.പി. സ്‌കൂളില്‍ അധ്യാപകരാകാം. കാറ്റഗറി-I, II എന്നിവയിലേതെങ്കിലും ഒന്ന് ജയിച്ചാല്‍ എല്‍.പി., യു.പി അധ്യാപകരാകാം. 

ഓരോ കാറ്റഗറിക്കും 500 രൂപയാണ് അപേക്ഷാഫീസ്. എസ്.സി, എസ്.ടിക്കാര്‍ക്ക് 250 രൂപ. ഒന്നില്‍ കൂടുതല്‍ കാറ്റഗറിയിലേക്ക് അപേക്ഷിക്കുന്നവര്‍ ഒരു അപേക്ഷ മാത്രമേ നല്‍കാവൂ. എന്നാല്‍ അപേക്ഷിക്കുന്ന ഓരോ കാറ്റഗറിക്കും പ്രത്യേകം ഫീസടയ്ക്കണം.

ktet.kerala.gov.in, keralapareekshabhavan.in, scert.kerala.gov.in എന്നീ വെബ്‌സൈറ്റുകള്‍ വഴി ഓണ്‍ലൈനായി വേണം അപേക്ഷ സമര്‍പ്പിക്കാന്‍. കാറ്റഗറി-I, IIകാര്‍ക്ക് ഡിസംബര്‍ 28നും കാറ്റഗറി-III, IV കാര്‍ക്ക് ഡിസംബര്‍ 29-നുമാണ് പരീക്ഷ. 

Content Highlights: Today is the last date to apply for K-TET, apply now