ന്യൂഡൽഹി: സിബിഎസ്ഇ പാഠ്യപദ്ധതിയിൽ ഒൻപതാം ക്ലാസ് മുതൽ മൂന്നാമതൊരു ഭാഷ കൂടി പഠിപ്പിച്ചു തുടങ്ങുന്നതിനെതിരെ സുപ്രീം കോടതി ആശങ്ക രേഖപ്പെടുത്തി. പത്താം ക്ലാസിലെ ബോർഡ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്ക് ഇത് അനാവശ്യമായ മാനസിക സമ്മർദ്ദമുണ്ടാക്കുമെന്നും കോടതി നിരീക്ഷിച്ചു.

To advertise here,

തമിഴ്‌നാട്ടിലെ എല്ലാ ജില്ലകളിലും ജവഹർ നവോദയ വിദ്യാലയങ്ങൾ സ്ഥാപിക്കാൻ വഴിയൊരുക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ പരിഗണിക്കവെയാണ് ജസ്റ്റിസ് ബി.വി. നാഗരത്ന നിർണായക പരാമർശങ്ങൾ നടത്തിയത്.

നവോദയ സ്കൂളുകളിൽ പിന്തുടരുന്ന ത്രിഭാഷാ പദ്ധതിയോടുള്ള വിയോജിപ്പ് ചൂണ്ടിക്കാട്ടിയാണ് തമിഴ്‌നാട് സർക്കാർ തുടക്കം മുതൽ ഇവ സ്ഥാപിക്കുന്നതിനെ എതിർക്കുന്നത്.

നിലവിലെ കേസിൽ സിബിഎസ്ഇയുടെ ത്രിഭാഷാ നയത്തിന്റെ സാധുത നേരിട്ട് പരിശോധിക്കപ്പെടുന്നില്ലെങ്കിലും, മൂന്നാമതൊരു ഭാഷ പഠിപ്പിച്ചു തുടങ്ങേണ്ട പ്രായത്തെക്കുറിച്ച് ജസ്റ്റിസ് നാഗരത്ന സുപ്രധാനമായ ചില നിരീക്ഷണങ്ങൾ നടത്തി. സിബിഎസ്ഇയുടെ ത്രിഭാഷാ നയത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള മറ്റ് ചില പൊതുതാത്പര്യ ഹർജികൾ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെ പരിഗണനയിലുണ്ട്. ഈ നയം തത്കാലം സ്റ്റേ ചെയ്യാൻ വിസമ്മതിച്ച ചീഫ് ജസ്റ്റിസിന്റെ ബെഞ്ച്, വിഷയം അടുത്ത ആഴ്ച വീണ്ടും പരിഗണിക്കാൻ മാറ്റിയിരിക്കുകയാണ്.

കേസ് വാദത്തിനിടെ, തങ്ങളുടെ പ്രധാന എതിർപ്പ് ത്രിഭാഷാ നയത്തോടാണെന്ന് തമിഴ്‌നാട് സർക്കാരിന്റെ അഭിഭാഷകൻ വ്യക്തമാക്കി. എന്നാൽ, പുതിയ നയം ഹിന്ദി നിർബന്ധമാക്കുന്നില്ലെന്ന് ജസ്റ്റിസ് നാഗരത്ന ചൂണ്ടിക്കാട്ടി.

"സംസ്ഥാന ഭാഷ പഠിപ്പിക്കണം, ഇംഗ്ലീഷ് പഠിപ്പിക്കണം, കൂടാതെ മൂന്നാമതൊരു ഭാഷയും. അത് ഹിന്ദി തന്നെയാകണമെന്ന് എവിടെയും പറയുന്നില്ല’- ജസ്റ്റിസ് നാഗരത്ന വ്യക്തമാക്കി.

യാതൊരു ഭാഷയും ഒരു സംസ്ഥാനത്തിന് മേലും അടിച്ചേൽപ്പിക്കില്ലെന്ന് ദേശീയ വിദ്യാഭ്യാസ നയത്തിൽ വ്യക്തമായി പറയുന്നുണ്ടെന്ന് എതിർകക്ഷിയായ എൻജിഒയ്ക്ക് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജി. പ്രിയദർശിനി ചൂണ്ടിക്കാട്ടി. ഇതിനോട് പ്രതികരിച്ചുകൊണ്ട്, "നിങ്ങൾക്ക് ഹിന്ദി വേണ്ടായിരിക്കാം, എന്നാൽ അത് സംസ്കൃതമാണെങ്കിൽ എന്താണ് പ്രശ്നം?" എന്ന് ജസ്റ്റിസ് നാഗരത്ന തമിഴ്‌നാട് സർക്കാരിനോട് ചോദിച്ചു.

തുടർന്ന്, മൂന്നാമതൊരു ഭാഷ കുട്ടികൾക്ക് നിർബന്ധിതമാകുന്നത് ഒൻപതാം ക്ലാസ് മുതലാണെന്ന് തമിഴ്‌നാടിന്റെ അഭിഭാഷകൻ വിശദീകരിച്ചു.

ഇതിനോട് ജസ്റ്റിസ് നാഗരത്ന ശക്തമായി വിയോജിച്ചു. "ഒൻപതാം ക്ലാസ് എന്നത് കുട്ടികളെ സംബന്ധിച്ച് ഏറെ സമ്മർദ്ദമുള്ള കാലമാണ്. എന്തിനാണ് ഒൻപതാം ക്ലാസിൽ ഒരു പുതിയ ഭാഷ തുടങ്ങുന്നത്? അത് ആറാം ക്ലാസിൽ തന്നെ ആരംഭിക്കണം’- എന്നായിരുന്നു ജസ്റ്റിസ് നാഗരത്നയുടെ പക്ഷം. 

ഭാഷാ പഠനം എത്ര നേരത്തെ തുടങ്ങുന്നുവോ അത്രയും നല്ലതാണെന്ന് കോടതി അഭിപ്രായപ്പെട്ടു. 1970-കളിലെ തന്റെ സ്വന്തം വിദ്യാർത്ഥി ജീവിതം ഓർത്തെടുക്കുകയും ചെയ്തു. ‘അക്കാലത്ത് ബോർഡ് പരീക്ഷയ്ക്കുള്ള തയാറെടുപ്പിന്റെ ഭാഗമായി പത്താം ക്ലാസിലെ പാഠഭാഗങ്ങൾ എട്ടാം ക്ലാസിൽ തന്നെ ഞങ്ങളെ പഠിപ്പിച്ചു തുടങ്ങിയിരുന്നു. അന്നത്തെ സ്ഥിതി അതായിരുന്നെങ്കിൽ ഇന്നത്തെ കുട്ടികളുടെ അവസ്ഥ എന്തായിരിക്കും? ഒൻപതാം ക്ലാസിൽ പുതിയൊരു ഭാഷ തുടങ്ങരുത്, അത് ആറാം ക്ലാസിൽ തന്നെ തുടങ്ങണം’- അവർ കൂട്ടിച്ചേർത്തു. 

അതേസമയം, കേന്ദ്ര സർക്കാരിന്റെ പദ്ധതികൾ എന്ന കാരണത്താൽ മാത്രം അവയെ തള്ളിക്കളയുന്ന നിലപാട് തമിഴ്‌നാട് സർക്കാർ തിരുത്തണമെന്നും ജസ്റ്റിസ് നാഗരത്ന നിർദേശിച്ചു.

ജസ്റ്റിസ് ആർ. മഹാദേവൻ കൂടി ഉൾപ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്. ജവഹർ നവോദയ വിദ്യാലയങ്ങൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര-തമിഴ്‌നാട് സർക്കാരുകൾ തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് കോടതി നിരീക്ഷിച്ചു.

നവോദയ വിദ്യാലയങ്ങൾക്കായി ആറാഴ്ചയ്ക്കകം ഭൂമി കണ്ടെത്തണമെന്ന് കോടതി മുൻപ് ഉത്തരവിട്ടിട്ടും തമിഴ്‌നാട് സർക്കാർ വീണ്ടും സമയം നീട്ടി ചോദിക്കുകയാണെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. ഇതേതുടർന്ന്, കേസിൽ വിശദമായ നിർദ്ദേശങ്ങൾ വാങ്ങുന്നതിനായി തമിഴ്‌നാട് സർക്കാർ ആറാഴ്ചത്തെ സമയം കൂടി തേടിയിട്ടുണ്ട്.