കട്ടപ്പന: ഹയർ സെക്കൻഡറി മൂല്യനിർണയത്തിലുണ്ടായ ഗുരുതര പിഴവിനെ തുടർന്ന് വിദ്യാർഥിക്ക് നഷ്ടപ്പെട്ടത് 30 മാർക്ക്. വണ്ടൻമേട് എംഇഎസ് ഹയർസെക്കൻഡറി സ്‌കൂളിൽ പ്ലസ്ടു പഠനം പൂർത്തിയാക്കിയ ഹ്യുമാനിറ്റീസ് വിദ്യാർഥിനി പുറ്റടി കുറ്റിത്തെക്കേതിൽ അമൃത മുരളീധരനാണ് സോഷ്യോളജിക്കു കൂടുതൽ മാർക്ക് ലഭിച്ചത്.

To advertise here,

സോഷ്യോളജിയുടെ ഉത്തരക്കടലാസിലെ സപ്ലിമെന്ററി ഷീറ്റിലെ മൂന്നു ഷീറ്റിലായുള്ള ആറു പേജുകളുടെ മൂല്യനിർണയം നടത്താതെ അധ്യാപകർ വിട്ടുകളഞ്ഞു. ഇതോടെ പ്ലസ്ടു ഫലം വന്നപ്പോൾ 80-ൽ 49 മാർക്കാണ് അമൃതയ്ക്ക് ലഭിച്ചത്. പുനർമൂല്യനിർണയം നടത്തിയതോടെ കഥ മാറി 80-ൽ 79 മാർക്ക് ലഭിച്ചു. അമൃതയ്ക്കു സോഷ്യോളജി ഒഴികെയുള്ള വിഷയങ്ങളിൽ മികച്ച മാർക്ക് ലഭിച്ചിരുന്നു. സോഷ്യോളജിക്കും മികച്ചരീതിയിൽ പരീക്ഷ എഴുതാനായി. മാർക്ക് കുറഞ്ഞതിൽ അസ്വാഭാവികത തോന്നി. തുടർന്നാണ് പുനർ മൂല്യനിർണയം നടത്താൻ തീരുമാനിച്ചത്. ഇതിനായി ഉത്തരക്കടലാസ് എടുത്തപ്പോഴാണ് മൂന്നുപേജുകളിൽ മൂല്യനിർണയം നടത്താതിരുന്ന കാര്യം മനസ്സിലായത്.

മറ്റെല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചിരുന്നു. സോഷ്യോളജിക്ക് മാർക്ക് കുറഞ്ഞതോടെ എൻഎസ്എസിനു ലഭിച്ച ഗ്രേസ് മാർക്ക് ഉൾപ്പെടുത്തി മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് അമൃതയ്ക്ക് നേടാനായി. എന്നാൽ സോഷ്യോളജിയുടെ മാർക്ക് കുറഞ്ഞതോടെ ഇഷ്ടവിഷയമായ ബിഎ പൊളിറ്റിക്കൽ സയൻസിന് അഡ്മിഷൻ നേടാനായില്ല. നിലവിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ബിഎ ഇംഗ്ലീഷിനാണ് പ്രവേശനം ലഭിച്ചത്. പരാതി ലഭിച്ചാൽ നടപടി ഉണ്ടാകുമെന്ന് വിദ്യാഭ്യാസവകുപ്പ് അധികൃതർ അറിയിച്ചു.