തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം മേയ് 20-ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം 25-ന് മുന്‍പ് പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു. 4,19,554 വിദ്യാര്‍ഥികളാണ് ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്. 

To advertise here,

പാഠ്യേതര വിഷയങ്ങളില്‍ മികവ് തെളിയിച്ച വിദ്യാര്‍ഥികള്‍ക്ക് ഇത്തവണ ഗ്രേസ് മാര്‍ക്ക് നല്‍കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി നേരത്തേ അറിയിച്ചിരുന്നു. കോവിഡ് മഹാമാരി കാരണം കഴിഞ്ഞ രണ്ട് അധ്യയന വര്‍ഷങ്ങളിലും ഗ്രേസ് മാര്‍ക്ക് നല്‍കിയിരുന്നില്ല. സംസ്ഥാന- ദേശീയ- അന്തര്‍ദേശീയ തല മത്സരങ്ങളിലെ മികവ്, സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്സ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, നാഷണല്‍ കേഡറ്റ് കോര്‍പ്സ്, ജൂനിയര്‍ റെഡ്ക്രോസ്, നാഷണല്‍ സര്‍വീസ് സ്‌കീം എന്നിവയാണ് ഗ്രേസ് മാര്‍ക്കിനായി പരിഗണിക്കുക.

വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group

പ്ലസ് വണ്‍ സീറ്റ് പുനഃക്രമീകരണത്തിനായി പുതിയ കമ്മിറ്റി ഏര്‍പ്പെടുത്തും. ജൂണ്‍ ഒന്നിന് തന്നെ പുതിയ അധ്യയന വര്‍ഷം ആരംഭിക്കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മുന്‍ വര്‍ഷത്തേക്കാള്‍ കൂടുതല്‍ കുട്ടികള്‍ ഒന്ന്, പ്രീപ്രൈമറി ക്ലാസുകളിലേക്ക് പ്രവേശനം നേടിയിട്ടുണ്ട്. ഈ വര്‍ഷത്തെ പ്രവേശനോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം തിരുവനന്തപുരം മലയിന്‍കീഴ് ബോയ്‌സ് എല്‍.പി സ്‌കൂളില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മറ്റ് മന്ത്രിമാര്‍ അതാത് ജില്ലകളില്‍ പങ്കെടുക്കും. പ്രാദേശികതലത്തില്‍ പ്രവേശനോത്സവം ഭംഗിയാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ നടന്നു വരികയാണ്. ഈ വര്‍ഷം അക്കാദമിക മികവില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കും. ഒന്നുമുതല്‍ ഏഴ് വരെയുള്ള ക്ലാസുകളില്‍ കൂടുതല്‍ ശ്രദ്ധനല്‍കുമെന്നും സ്‌കൂളുകള്‍ ഭിന്നശേഷി സൗഹൃദമാക്കുമെന്നും മന്ത്രി അറിയിച്ചു

80 ശതമാനം പാഠപുസ്തകങ്ങളും കുട്ടികളിലേക്ക് എത്തിക്കഴിഞ്ഞെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. യൂണിഫോം വിതരണവും ഏതാണ്ട് പൂര്‍ത്തിയായി. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മുഴുവന്‍ ക്രമീകരണങ്ങളും മെയ് 27-ന് മുന്‍പുതന്നെ പൂര്‍ത്തിയാക്കണമെന്ന് മന്ത്രി നിര്‍ദേശം നല്‍കി. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രിമാരുടെ യോഗം വിളിച്ചിട്ടുണ്ടെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു