ന്യൂഡൽഹി: ലഡാക്ക് പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസിൽ ദേശസുരക്ഷാ നിയമപ്രകാരം തടവിലാക്കപ്പെട്ട കാലാവസ്ഥാപ്രവർത്തകൻ സോനം വാങ്ചുക്കിന്റെ സ്ഥാപനം മികച്ച പ്രവർത്തനം കാഴ്ചവെക്കുന്നതാണെന്ന് പാർലമെന്റ് സമിതി. വാങ്ചുക്കിന്റെ ദ് ഹിമാലയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓൾട്ടർനേറ്റീവ്‌സിന് (എച്ച്‌ഐഎഎൽ) യുജിസിയുടെ അംഗീകാരം നൽകണമെന്നും കോൺഗ്രസ് എംപി ദിഗ്‌വിജയ് സിങ് അധ്യക്ഷനായ പാർലമെന്റ് സമിതി ശുപാർശചെയ്തു.

To advertise here,

എച്ച്‌ഐഎഎലിന്റെ പ്രവർത്തനമാതൃക വിദ്യാഭ്യാസമന്ത്രാലയം ആഴത്തിൽ പഠിക്കണമെന്നും മറ്റെവിടെയെല്ലാം ഇത് നടപ്പാക്കാനാകുമെന്ന് പരിഗണിക്കണമെന്നും സമിതി അഭിപ്രായപ്പെട്ടു.

സ്ഥാപനത്തിൽ പാർലമെന്റ് സമിതി സന്ദർശനം നടത്തിയിരുന്നു. 2020-ലെ ദേശീയവിദ്യാഭ്യാസനയം നടപ്പാക്കുന്നതിൽ എച്ച്‌ഐഎഎൽ മികച്ചപ്രകടനമാണ് കാഴ്ചവെച്ചത്.

അവിടത്തെ അക്കാദമിക, ഗവേഷണ, സംരംഭകത്വ സൗകര്യങ്ങളെല്ലാം തങ്ങളെ ആകർഷിച്ചെന്നും വിദ്യാഭ്യാസ, വനിത, യുവ, കായിക വകുപ്പുകളുമായി ബന്ധപ്പെട്ട സമിതി പറഞ്ഞു.

നാലുപേർ കൊല്ലപ്പെടുകയും 90 പേർക്ക് പരിക്കേൽക്കുകയും ചെയ്ത ലഡാക്ക് പ്രക്ഷോഭവുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 26-നാണ് വാങ്ചുക്ക് അറസ്റ്റിലായത്. ഇപ്പോൾ ജോധ്പുർ ജയിലിൽക്കഴിയുന്ന വാങ്ചുക്കിന്റെ മോചനംതേടി ഭാര്യ ഗീതാഞ്ജലി ആങ്‌മോ നൽകിയ ഹർജി സുപ്രീംകോടതിക്കു മുൻപാകെയുണ്ട്.