ന്യൂഡൽഹി: ജമ്മു കശ്മീരിലെ ശ്രീ മാതാ വൈഷ്ണോ ദേവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എക്സലൻസിന് (SMVDIME) അനുവദിച്ചിരുന്ന എംബിബിഎസ് കോഴ്‌സിനുള്ള പ്രവേശന അനുമതി നാഷണൽ മെഡിക്കൽ കമ്മീഷൻ (എൻഎംസി) റദ്ദാക്കി. കോളേജിലെ അടിസ്ഥാന സൗകര്യങ്ങളുടെയും ജീവനക്കാരുടെയും കുറവ് ചൂണ്ടിക്കാട്ടിയാണ് നടപടി.

To advertise here,

പ്രവേശനം ലഭിച്ച 50 വിദ്യാർത്ഥികളിൽ 42 പേരും മുസ്ലീം വിഭാഗത്തിൽ നിന്നുള്ളവരായിരുന്നു. ഹിന്ദുക്കളായി ആകെ എട്ട് പേരെ പ്രവേശനം നേടിയിരുന്നുള്ളൂ. ആകെ 50 സീറ്റാണ് അനുവദിച്ചിരുന്നത്. നീറ്റ് പാസായവരാണ് പ്രവേശനം നേടിയവരെല്ലാം. കശ്മീരിൽ നിന്നുള്ള മുസ്ലീം വിദ്യാർത്ഥികൾക്ക് മെഡിക്കൽ കോളേജിൽ പ്രവേശനം നൽകിയതുമായി ബന്ധപ്പെട്ട് ചില സംഘടനകൾ പ്രതിഷേധം നടത്തിയിരുന്നു.

ഹൈന്ദവ തീർത്ഥാടകരുടെ വഴിപാട് പണം കൊണ്ട് നടത്തുന്ന സ്ഥാപനത്തിൽ മറ്റ് വിഭാഗക്കാർക്ക് പ്രവേശനം നൽകരുതെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഈ സംഘടനകളുടെ പരാതിയെത്തുടർന്നാണ് അടിസ്ഥാനസൗകര്യത്തിന്റെ പോരായ്മ ഉന്നയിച്ച് അംഗീകാരം റദ്ദാക്കിയതെന്ന ആരോപണം ഉയർന്നുകഴിഞ്ഞു. അംഗീകാരം റദ്ദാക്കിയ സാഹചര്യത്തിൽ, നീറ്റ്മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം നേടിയ ഈ കുട്ടികളെ ജമ്മു കശ്മീരിലെ മറ്റ് സർക്കാർ മെഡിക്കൽ കോളേജുകളിലെ അധിക സീറ്റുകളിലേക്ക് മാറ്റേണ്ടി വരും.

അതേസമയം, ശൈത്യകാല അവധിയിലായിരുന്നതിനാലാണ് അധ്യാപകരുടെ എണ്ണത്തിൽ കുറവ് അനുഭവപ്പെട്ടതെന്നും അടിസ്ഥാന സൗകര്യങ്ങളിൽ കുറവില്ലെന്നുമാണ് കോളേജ് അധികൃതരുടെ വിശദീകരണം.

കഴിഞ്ഞ സെപ്റ്റംബറിൽ 50 സീറ്റുകളോടെ ക്ലാസ് തുടങ്ങാൻ അനുമതി നൽകിയിരുന്നെങ്കിലും, കോളേജിനെതിരെ ലഭിച്ച പരാതികളെത്തുടർന്ന് നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് ഇപ്പോൾ തിടുക്കത്തിൽ നടപടിയുണ്ടായത.

ജീവനക്കാരുടെ കുറവ്: അധ്യാപകരിൽ 39 ശതമാനത്തിന്റെയും സീനിയർ റെസിഡന്റുമാരിൽ 65 ശതമാനത്തിന്റെയും കുറവുള്ളതായി പരിശോധിച്ചവർ റിപ്പോർട്ട് നൽകി.

രോഗികളുടെ എണ്ണം: ഒപി വിഭാഗത്തിൽ ആവശ്യമായതിന്റെ പകുതി രോഗികൾ പോലുമില്ല. ബെഡ് ഒക്യുപ്പൻസി നിശ്ചിത മാനദണ്ഡമായ 80 ശതമാനത്തിന് പകരം 45 ശതമാനം മാത്രമാണ്.

ലാബ് സൗകര്യങ്ങൾ: പല ഡിപ്പാർട്ട്മെന്റുകളിലും പ്രാക്ടിക്കൽ ലാബുകളോ റിസർച്ച് ലാബുകളോ ഇല്ല. ലൈബ്രറിയിൽ ആവശ്യമായ പുസ്തകങ്ങളുടെ 50 ശതമാനം മാത്രമാണുള്ളത്. 15 ജേണലുകൾ വേണ്ട സ്ഥാനത്ത് രണ്ടെണ്ണം മാത്രമാണുള്ളത്.

മറ്റ് സൗകര്യങ്ങൾ: ഓപ്പറേറ്റിങ് തിയറ്ററുകളുടെ അഭാവം, പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേക വാർഡുകൾ ഇല്ലാത്ത അവസ്ഥ എന്നിവയും റിപ്പോർട്ടിൽ എടുത്തുപറയുന്നു.