ആലപ്പുഴ: വേനലവധിക്കുശേഷം കുടയും ബാഗുമായി സ്‌കൂളുകളിലേക്ക് തിരികെയെത്തി കുരുന്നുകള്‍. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ആലപ്പുഴ കലവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിർവഹിച്ചു. 

To advertise here,

പ്രവേശനോത്സവ ചരിത്രത്തില്‍ ആദ്യമായി ഒരു വിദ്യാര്‍ത്ഥിനിയുടെ കവിത പ്രവേശനോത്സവ ഗാനമാകുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. കൊട്ടാരക്കര താമരക്കുടി എസ് വിഎച്ച്എസ്എസ്സിലെ വിദ്യാര്‍ഥിനിയായ ഭദ്ര ഹരി എഴുതിയ ഗാനത്തിന്റെ നൃത്താവിഷ്കാരത്തോടെയാണ് ആഘോഷങ്ങള്‍ ആരംഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ കുട്ടികള്‍ക്ക് നേരിട്ട് പഠനോപകരണങ്ങള്‍ സമ്മാനമായി നല്‍കി അറിവിന്റെ ലോകത്തേക്ക് സ്വീകരിച്ചു.  

വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി, കൃഷി മന്ത്രി പി. പ്രസാദ്, മന്ത്രി സജി ചെറിയാന്‍ തുടങ്ങിയവരും എച്ച്. സലാം, ടി.പി. ചിത്തരഞ്ജൻ തുടങ്ങിയ ജന പ്രതിനിധികളും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അടക്കമുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ആഘോഷത്തിൻ്റെ ഭാഗമായി.

വിദ്യാഭ്യാസത്തിന്റെ പ്രാധാന ഉന്നംതന്നെ അറിവുനേടലാണെന്നും എന്നാല്‍, കുട്ടികളുടെ വിദ്യാഭ്യാസ ജീവിതം അറിവുനേടുന്നതിലേക്ക് മാത്രം ചുരുങ്ങാന്‍ പാടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. എന്താണ് അറിവെന്ന ചോദ്യം ഇന്നത്തെ കാലത്ത് പ്രസക്തമാണെന്നും അദ്ദേഹം വ്യക്തമാക്കി. ജീവിതം കെട്ടിപ്പടുക്കുന്നതിന് അറിവുമാത്രം മതിയാകില്ലെന്നും വിവേകവും വിവേചനബുദ്ധിയും അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏതിനേയും സമീപിക്കേണ്ടത് വിമര്‍ശനബുദ്ധിയോടെ ആകണം. ഇത് പ്രാപ്തമാക്കുന്ന രീതിയില്‍ വിദ്യാഭ്യാസം മാറേണ്ടതുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ സാഹചര്യത്തിലും നമ്മുടെ സമൂഹത്തിന്റെ പ്രത്യേകതയും മുൻനിർത്തി കുട്ടികളില്‍ മതനിരപേക്ഷ ചിന്ത വളര്‍ത്തിയെടുക്കാന്‍ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അഞ്ചു മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകളിലെ മൂല്യനിര്‍ണയം കര്‍ശനമാക്കിയ തീരുമാനം ഉൾപ്പടെ ഒരു പിടി സുപ്രധാനമാറ്റങ്ങളുമായാണ് 2025-ലെ പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നത്.