കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ പ്രകടമായ  മാറ്റമുണ്ടായതായി എസ്.ബി.ഐ റിസർച്ച് പുറത്തുവിട്ട പുതിയ റിപ്പോർട്ടിൽ പറയുന്നു. സർവകലാശാലകൾ, കോളേജുകൾ, വിദ്യാർഥികൾ, അധ്യാപകർ എന്നിവരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനയുണ്ടായിട്ടുണ്ട്. കൂടാതെ, വനിതകളുടെയും പട്ടികജാതി, പട്ടികവർഗ്ഗ, മറ്റ് പിന്നാക്ക വിഭാഗങ്ങളുടെയും പങ്കാളിത്തം വർദ്ധിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

To advertise here,

വളർച്ചയുടെ പ്രധാന കണക്കുകൾ

സ്ഥാപനങ്ങളുടെ എണ്ണം: 2023-24 സാമ്പത്തിക വർഷത്തിൽ രാജ്യത്തെ സർവകലാശാലകളുടെ എണ്ണം 1,289 ആയി ഉയർന്നപ്പോൾ, കോളേജുകൾ 48,246, മറ്റ് സ്വതന്ത്ര സ്ഥാപനങ്ങൾ 15,221  ആയി വർദ്ധിച്ചു. 2013-14 കാലയളവിനെ അപേക്ഷിച്ച് ശരാശരി 47 ശതമാനത്തിന്റെ വളർച്ചയാണിത്.

വിദ്യാർഥികളുടെ പങ്കാളിത്തം: ഉന്നതവിദ്യാഭ്യാസ രംഗത്ത് പ്രവേശനം നേടിയ വിദ്യാർഥികളുടെ എണ്ണം 4.5 കോടി കടന്നു. പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും അനുപാതം ഏതാണ്ട് തുല്യമാണ്. പെൺകുട്ടികളുടെ പ്രവേശനത്തിൽ 47 ശതമാനം വർദ്ധനവുണ്ടായി. പട്ടികജാതി, പട്ടികവർഗ്ഗ, ഒ.ബി.സി വിഭാഗങ്ങളിൽനിന്നുള്ള വിദ്യാർഥികളുടെ ആകെ പങ്കാളിത്തം 62 ശതമാനത്തിലെത്തി. സയൻസ് കോഴ്സുകളിൽ പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളാണ് ഉള്ളത്.

പി.എച്ച്.ഡി പ്രവേശനം: രാജ്യത്ത് പിഎച്ച്.ഡി ചെയ്യുന്നവരുടെ എണ്ണം 3.4 ലക്ഷമായി. ഇതിൽ പകുതിയോളം സ്ത്രീകളാണ്. 43.7 ശതമാനം പേരും എൻജിനീയറിങ്, സയൻസ് വിഷയങ്ങളിലാണ് ഗവേഷണം നടത്തുന്നത്.

അധ്യാപകരുടെ എണ്ണം: അധ്യാപകരുടെ എണ്ണം 27% വർദ്ധിച്ച് 17.32 ലക്ഷമായി. ഇതിൽ 45% സ്ത്രീകളും 55% എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങളിൽ നിന്നുള്ളവരുമാണ്.

വിദ്യാർഥി-അധ്യാപക

അനുപാതം: ഇന്ത്യയിൽ നിലവിൽ ഒരു അധ്യാപകന് 23 വിദ്യാർഥികൾ എന്ന തോതാണ്‌. ഇത് അന്താരാഷ്ട്ര നിലവാരത്തിന് (25:1 മുതൽ 30:1 വരെ) അനുയോജ്യമാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

ഐ.ഐ.ടി, ഐ.ഐ.എം, എൻ.ഐ.ടി സ്ഥാപനങ്ങളിലെ നേട്ടം

ഐ.ഐ.ടി, ഐ.ഐ.എം, എൻ.ഐ.ടി എന്നിവയുടെ ആകെ എണ്ണം 2013-14-ൽ 59 ആയിരുന്നത് 76 ആയി ഉയർന്നു. (7 പുതിയ ഐ.ഐ.ടികൾ, 9 ഐ.ഐ.എമ്മുകൾ, 1 എൻ.ഐ.ടി).

സ്ഥാപനങ്ങളിൽ നിന്നുള്ള പ്ലേസ്‌മെന്റുകളിലും വർദ്ധനവുണ്ടായിട്ടുണ്ട്. വിദ്യാർഥികളുടെ ശരാശരി ശമ്പളത്തിൽ 105% വർദ്ധനവുണ്ടായി. ഐ.ഐ.എമ്മുകളിൽ ശരാശരി ശമ്പളം 40 ലക്ഷം രൂപ കടന്നു.

ആകെ വിദ്യാർഥികളിൽ 93 ശതമാനം പേർക്കും പ്ലേസ്‌മെന്റ് ലഭിച്ചു. കൂടാതെ, ഉപരിപഠനത്തിനും ഗവേഷണത്തിനും താല്പര്യം കാണിക്കുന്നവരുടെ എണ്ണത്തിലും റെക്കോർഡ് വർദ്ധനവുണ്ടായി.

പ്രധാന വെല്ലുവിളികളായി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്;

ബജറ്റ് വിഹിതത്തിലെ കുറവ്: ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കുള്ള ബജറ്റ് വിഹിതം കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ആകെ ചെലവിന്റെ ഒരു ശതമാനമായി തുടരുകയാണ് (2017-18-ൽ ഇത് 1.6% ആയിരുന്നു). ഇത് കുറഞ്ഞത് 1.5% എങ്കിലും ആയി ഉയർത്തണമെന്ന് എസ്.ബി.ഐ റിപ്പോർട്ട് ശുപാർശ ചെയ്യുന്നു.

അധ്യാപക ഒഴിവുകൾ: രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 34% അധ്യാപക തസ്തികകളും ഒഴിവുകിടക്കുകയാണ്. പ്രൊഫസർ തലത്തിൽ 54% ഒഴിവുകളുണ്ട്.

സംസ്ഥാനങ്ങൾ തമ്മിലുള്ള അസമത്വം: വിദ്യാർഥി-അധ്യാപക അനുപാതത്തിൽ സംസ്ഥാനങ്ങൾ തമ്മിൽ വലിയ വ്യത്യാസമുണ്ട്. തമിഴ്‌നാട്, കേരളം, ഗോവ എന്നിവിടങ്ങളിൽ ഒരു അധ്യാപകന് 14 വിദ്യാർഥികൾ എന്ന മികച്ച അനുപാതമുള്ളപ്പോൾ, ബിഹാറിൽ ഇത് 57 ആണ്.

ഫീസ് ഘടന: സ്വകാര്യ-പൊതു സർവകലാശാലകൾ തമ്മിൽ ഫീസിലുള്ള വലിയ വ്യത്യാസവും റിപ്പോർട്ട് എടുത്തുപറയുന്നുണ്ട്.

പ്രധാന ശുപാർശകൾ:

1. അധ്യാപക നിയമനങ്ങൾ വേഗത്തിലാക്കുകയും ഗവേഷണ-വികസന (R&D) മേഖലയിലെ ചെലവഴിക്കൽ വർദ്ധിപ്പിക്കുകയും ചെയ്യുക.

2. വ്യവസായ മേഖലയും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കുക.

3. നാഷണൽ ടെസ്റ്റിങ് ഏജൻസിയെ പാർലമെന്റ് നിയമത്തിലൂടെ സ്റ്റാറ്റ്യൂട്ടറി ബോഡി ആയി മാറ്റുക.

4. ചൈനയിലെ 'ഗാവോകാവോ' പരീക്ഷ പോലെയുള്ള വലിയ പരീക്ഷാ നടത്തിപ്പുകളിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് പരീക്ഷാ സംവിധാനം കുറ്റമറ്റതാക്കുക.