മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ കീഴിൽ തിരുവനന്തപുരം, കണ്ണൂർ സർക്കാർ നഴ്‌സിങ് കോളേജുകളിൽ നടത്തുന്ന 12 മാസം ദൈർഘ്യമുള്ള പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സ്പെഷ്യാലിറ്റി നഴ്‌സിങ് കോഴ്‌സുകളിലെ 2025-ലെ പ്രവേശനത്തിന് അപേക്ഷിക്കാം.
ശാസ്ത്ര സാങ്കേതിക, സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി മേഖലകളിൽ അനുദിനം ഉണ്ടാകുന്ന മാറ്റങ്ങൾക്കനുസൃതമായി, സ്പെഷ്യാലിറ്റി വകുപ്പുകളിൽ ജോലിചെയ്യുന്ന നഴ്‌സിങ് ഓഫീസർമാരുടെ അറിവ്, നൈപുണി തുടങ്ങിയവ വർധിപ്പിക്കുക, ഗുണനിലവാരമുള്ളതും ചെലവുകുറഞ്ഞതുമായ സേവനം ലഭ്യമാക്കുക, ജീവനക്കാരുടെ കാര്യക്ഷമത വർധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ നടത്തുന്ന പ്രോഗ്രാമാണിത്.
സവിശേഷ മേഖലകൾ
കാർഡിയോ തൊറാസിക് നഴ്‌സിങ്, ക്രിട്ടിക്കൽ കെയർ നഴ്‌സിങ്, എമർജൻസി ആൻഡ് ഡിസാസ്റ്റർ നഴ്‌സിങ്, നിയോ നാറ്റൽ നഴ്‌സിങ്, നഴ്‌സ് പ്രാക്ടീഷണർ ഇൻ മിഡ്‌വൈഫറി എന്നീ മേഖലകളിലായാണ് കോഴ്‌സുകൾ.
കാർഡിയോ തൊറാസിക് നഴ്‌സിങ് (15 സീറ്റ്) കണ്ണൂരും മറ്റുള്ളവ തിരുവനന്തപുരത്തുമാണ് (10 വീതം സീറ്റ്). മൊത്തം സീറ്റ് 55. ഇതിൽ 36 സീറ്റ് ജനറൽ വിഭാഗത്തിലും 19 സീറ്റ് സർവീസ് ക്വാട്ട (ഡിഎംഇ, ഡിഎച്ച്‌എസ്, ഐഎംഎസ്) വിഭാഗത്തിലുമാണ്.
ഫീ, സ്റ്റൈപ്പെൻഡ്
ഒരുവർഷത്തെ ട്യൂഷൻ ഫീ 11,580 രൂപയാണ്. മറ്റു ഫീസുകൾ: മിസലേനിയസ് ഫീ -1160 രൂപ, വാൻ ഫീ -2320 രൂപ. കോഷൻ ഡിപ്പോസിറ്റ് -2320 രൂപ.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 7000 രൂപ സ്റ്റൈപ്പെൻഡ് ലഭിക്കും.
പ്രവേശന യോഗ്യത
കേരളാ ഒറിജിനുള്ള ഇന്ത്യക്കാരായിരിക്കണം. കേരളത്തിൽ കുറഞ്ഞത് അഞ്ചുവർഷമായി താമസിക്കുന്നവർക്കും അപേക്ഷിക്കാം. പ്രവേശനത്തിന് അവരെയും കേരളീയരായി പരിഗണിക്കും
പ്ലസ്ടു/തത്തുല്യ പരീക്ഷ, ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങൾ പഠിച്ച് ജയിച്ചിരിക്കണം. കൂടാതെ അംഗീകൃത സ്ഥാപനത്തിൽനിന്ന് റെഗുലർ, ജനറൽ നഴ്‌സിങ് ആൻഡ് മിഡ്‌വൈഫറി/ബിഎസ്‌സി നഴ്‌സിങ്/പോസ്റ്റ് ബേസിക് ബിഎസ്‌സി നഴ്‌സിങ്, കുറഞ്ഞത് 50 ശതമാനം മാർക്കോടെ (യഥാർഥ മാർക്കുശതമാനം പൂർണ സംഖ്യയിലേക്ക് ക്രമപ്പെടുത്താൻ പാടില്ല) ജയിച്ചിരിക്കണം. കേരള സ്റ്റേറ്റ് നഴ്‌സിങ് കൗൺസിൽ/മറ്റ് ഏതെങ്കിലും സംസ്ഥാന നഴ്‌സിങ് കൗൺസിൽ രജിസ്‌ട്രേഷൻ വേണം. കേരളത്തിനു പുറത്തുനിന്നും നഴ്‌സിങ് രജിസ്‌ട്രേഷൻ യോഗ്യത ഉള്ളവർ പ്രവേശനവേളയിൽ കേരള സ്റ്റേറ്റ് നഴ്‌സിങ് കൗൺസിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് നൽകേണ്ടിവരും.
ജനറൽ മെറിറ്റ് വിഭാഗക്കാർക്ക് ഉയർന്നപ്രായപരിധി 2025 ഓഗസ്റ്റ് 13-ന് 45 വയസ്സാണ്. സർവീസ് ക്വാട്ട വിഭാഗക്കാർക്ക് 49 വയസ്സും.
തിരഞ്ഞെടുപ്പ്
രണ്ടുഘട്ടങ്ങൾ ഉൾപ്പെടുന്നതാണ് തിരഞ്ഞെടുപ്പ്. സർവീസ് വിഭാഗം അപേക്ഷകർക്കും ഇവ ബാധകമാണ്. ആദ്യഘട്ടം പ്രവേശനപ്പരീക്ഷയാണ്. 90 മിനിറ്റ് ദൈർഘ്യമുള്ള ഒഎംആർ അധിഷ്ഠിത പരീക്ഷ തിരുവനന്തപുരത്ത് നടത്തും. പരീക്ഷാതീയതി, സമയം എന്നിവ പിന്നീട് അറിയിക്കും. മൂന്നുമാർക്ക് വീതമുള്ള 100 ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങൾ പരീക്ഷയ്ക്ക് ഉണ്ടാകും. ബേസിക് നഴ്‌സിങ് പ്രോഗ്രാം നിലവാരത്തിലുള്ളതായിരിക്കും ചോദ്യങ്ങൾ. നെഗറ്റീവ് മാർക്ക് രീതി ഇല്ല. വിശദാംശങ്ങൾ പ്രോസ്പെക്ടസിൽ ലഭിക്കും.
പ്രവേശനപ്പരീക്ഷയിൽ യോഗ്യത നേടാൻ, പട്ടികവിഭാഗക്കാർ 35-ഉം മറ്റുള്ളവരും സർവീസ് വിഭാഗക്കാരും 40-ഉം ശതമാനം മാർക്ക് പ്രവേശനപ്പരീക്ഷയിൽ നേടണം (യഥാക്രമം 105, 120 മാർക്ക്).
യോഗ്യത നേടുന്നവർക്ക് രണ്ടാം ഘട്ടത്തിൽ സ്കിൽ ടെസ്റ്റ് ഉണ്ടാകും. സ്കിൽ ടെസ്റ്റിൽ പാസ് മാർക്ക് നേടിയിരിക്കണം എന്ന വ്യവസ്ഥയ്ക്കു വിധേയമായി എൻട്രൻസ് സ്കോർ പരിഗണിച്ച് റാങ്ക് പട്ടിക തയ്യാറാക്കും. സർവീസ് വിഭാഗക്കാരുടെ കാര്യത്തിൽ ഇവ കൂടാതെ അവരുടെ സർവീസ് സീനിയോറിറ്റിയും പരിഗണിക്കും.
അപേക്ഷ
എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി ആണ് അപേക്ഷ ക്ഷണിച്ച് പരീക്ഷ നടത്തി റാങ്ക്പട്ടിക തയ്യാറാക്കി അലോട്മെന്റ് നടത്തുന്നത്.
അപേക്ഷ lbscentre.in/ വഴി സെപ്റ്റംബർ എട്ടുവരെ നൽകാം. അപേക്ഷാഫീസ് 1000 രൂപ (പട്ടിക വിഭാഗക്കാർക്ക് 500 രൂപ). ഈ സമയപരിധിക്കകം തുക ഓൺലൈനായി അടയ്ക്കാം. വെബ്‌സൈറ്റിൽനിന്നു രൂപപ്പെടുത്താവുന്ന ചെലാൻ ഉപയോഗിച്ച് കേരളത്തിലെ ഫെഡറൽ ബാങ്ക് ശാഖയിലും അപേക്ഷാ ഫീസ് അടയ്ക്കാം.
സർവീസ് ക്വാട്ട അപേക്ഷകർ ട്രഷറിയിലാണ് അപേക്ഷാഫീസ് അടയ്ക്കേണ്ടത്. വിശദാംശങ്ങൾ പ്രോസ്പെക്ടസിൽ ഉണ്ട്. സർവീസ് ക്വാട്ട അപേക്ഷകരെ ഓപ്പൺ ക്വാട്ടയിലും പരിഗണിക്കപ്പെടാൻ, ട്രഷറിയിൽ അടച്ച ഫീസ് കൂടാതെ ഓപ്പൺ ക്വാട്ടയ്ക്ക് ബാധകമായ ഫീസ് കൂടി അടച്ച് അപേക്ഷിക്കണം.
സർവീസ് വിഭാഗക്കാർ, അപേക്ഷാ പ്രിന്റ് ഔട്ട്, ആവശ്യമായ രേഖകൾ സഹിതം, ഉചിതമാർഗേന ‘ഡയറക്ടർ ഓഫ് മെഡിക്കൽ എജുക്കേഷൻ, മെഡിക്കൽ കോളേജ് (പിഒ), തിരുവനന്തപുരം 695011’ എന്ന വിലാസത്തിൽ സെപ്റ്റംബർ എട്ടിനകം ലഭിക്കത്തക്കവിധം അയക്കണം.
ജനറൽ/ബിഎസ്‌സി /പോസ്റ്റ് ബേസിക് ബിഎസ്‌സി നഴ്‌സിങ്ങുകാർക്ക് അപേക്ഷിക്കാം.
Content Highlights: Kerala Post Basic Diploma in Specialty Nursing 2025: Admissions Open
Published: 28 Aug 2025, 07:25 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented