
തൃശ്ശൂര്‍: ഉന്നതവിദ്യാഭ്യാസ രംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള പ്രധാനമന്ത്രി ഉച്ഛതാര്‍ ശിക്ഷാ അഭിയാന് പദ്ധതി (പി.എം. ഉഷ പദ്ധതി) പ്രകാരം കേരളത്തിന് 405 കോടി രൂപയുടെ സഹായധനം അനുവദിച്ചു. സംസ്ഥാനത്തെ മൂന്നു സര്‍വകലാശാലകള്‍ക്ക് നൂറു കോടി രൂപ വീതം ലഭിക്കും. മുന്‍വര്‍ഷത്തേക്കാള്‍ കൂടുതല്‍ തുക ഇത്തവണ നേടിയെടുക്കാനായെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്. ബിന്ദു തൃശ്ശൂരില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
മള്‍ട്ടി ഡിസിപ്ലിനറി എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് യൂണിവേഴ്സിറ്റീസ് വിഭാഗത്തിലാണ് കേരള, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകള്‍ക്ക് നൂറു കോടി രൂപ വീതം നല്‍കുന്നത്. സര്‍വകലാശാലകളെ ശക്തിപ്പെടുത്താനുള്ള സഹായധന വിഭാഗത്തില്‍ എം.ജി. സര്‍വകലാശാലയ്ക്ക് 20 കോടി രൂപ ലഭിക്കും. കോളേജുകളെ ശക്തിപ്പെടുത്താനുള്ള സഹായധനം 11 എണ്ണത്തിന് ലഭിക്കും. അഞ്ചു കോടി രൂപ വീതമാണ് സഹായം. ലിംഗസമത്വം ശക്തിപ്പെടുത്താനായി വയനാട്, പാലക്കാട്, തൃശ്ശൂര്‍ ജില്ലകള്‍ക്ക് പത്തു കോടി രൂപ വീതവും ലഭിക്കും. മൊത്തം തുകയുടെ 60 ശതമാനം കേന്ദ്രസര്‍ക്കാരും 40 ശതമാനം സംസ്ഥാന സര്‍ക്കാരുമാണ് പങ്കിടുന്നത്.
ആലപ്പുഴ സനാതന ധര്‍മ കോളേജ്, മാറമ്പള്ളി എം.ഇ.എസ്. കോളേജ്, കളമശ്ശേരി സെയ്ന്റ് പോള്‍സ് കോളേജ്, മൂലമറ്റം സെയ്ന്റ് ജോസഫ്സ് കോളേജ്, ഉദുമ ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ്, കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളേജ്, കോഴിക്കോട് ഗുരുവായൂരപ്പന് കോളേജ്, മണ്ണാര്‍ക്കാട് എം.ഇ.എസ്. കല്ലടി കോളേജ്, പത്തനംതിട്ട കാത്തോലിക്കേറ്റ് കോളേജ്, എല്‍ത്തുരുത്ത് സെയ്ന്റ് അലോഷ്യസ് കോളേജ്, മുട്ടില്‍ ഡബ്ള്യു.എം.ഒ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് എന്നിവയ്ക്കാണ് അഞ്ചു കോടി രൂപ ലഭിക്കുന്നത്. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ പിന്തുണയര്‍ഹിക്കുന്ന മലബാറിന് പ്രത്യേക പരിഗണന നല്‍കുന്നതിന്റെ ഭാഗമായാണ് കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകള്‍ക്ക് തുക പ്രഖ്യാപിച്ചതെന്ന് മന്ത്രി ആര്. ബിന്ദു അറിയിച്ചു.
മികവിലേക്ക് കുതിക്കാന്‍ കണ്ണൂര്‍ സര്‍വകലാശാല
കണ്ണൂര്‍: ഉത്തരമലബാറിന്റെ ഉന്നതവിദ്യാഭ്യാസരംഗത്ത് വന്‍കുതിപ്പിന് വഴിയൊരുക്കി കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് പ്രധാനമന്ത്രി ഉച്ഛതാര്‍ ശിക്ഷാ അഭിയാന് പദ്ധതി (പി.എം. ഉഷ പദ്ധതി) പ്രകാരം ലഭിക്കുന്ന 100 കോടി രൂപയുടെ സഹായം. അടിസ്ഥാനസൗകര്യങ്ങളും അക്കാദമിക്-ഗവേഷണ സംവിധാനങ്ങളും ശക്തമാക്കുന്നതിന് ഇത് സഹായകമാകും. ഉന്നതവിദ്യാഭ്യാസ രംഗത്തെ അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള പദ്ധതി പ്രകാരം കേരളത്തിന് 405 കോടി രൂപയുടെ സഹായധനമാണ് അനുവദിച്ചത്. കണ്ണൂര്‍ ഉള്‍പ്പെടെ മൂന്ന് സര്‍വകലാശാലകള്‍ക്ക് നൂറുകോടി രൂപ വീതമാണ് ലഭിക്കുക. പി.എം. ഉഷ പദ്ധതിയുടെ മുന്‍ പതിപ്പായ റൂസ-ഒന്ന് പദ്ധതിയില്‍ 2018-ല്‍ 20 കോടി രൂപ സര്‍വകലാശാലയ്ക്ക് ലഭിച്ചിരുന്നു.
സമീപഭാവിയില്‍ത്തന്നെ എന്‍.ഐ.ആര്.എഫ്. റാങ്കിങ്, നാക് ഗ്രേഡ് എന്നിവ ഉയര്‍ത്തി ഇന്ത്യയിലെ മികച്ച സര്‍വകലാശാലയായി മാറ്റുക എന്നതാണ് അധികൃതരുടെ ലക്ഷ്യം. ഉത്തര മലബാര്‍ മേഖലയിലെ കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് സര്‍വകലാശാലയില്‍ പഠിക്കുന്നതിനും കൂടുതല്‍ വിദ്യാര്‍ഥികളെ ഗവേഷണ മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിനുമായി മികച്ച പദ്ധതികളാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഇതിനായി സര്‍വകലാശാല പഠനവകുപ്പുകളിലെ ലബോറട്ടറി സൗകര്യങ്ങള്‍ അന്തര്‍ദേശീയ നിലവാരത്തിലേക്കുയര്‍ത്തും. മുഴുവന്‍ പഠനവകുപ്പുകളിലും ഇന്റഗ്രേറ്റഡ് ബിരുദാനന്തര ബിരുദ പ്രോഗ്രാമുകള്‍ തുടങ്ങും.
മറ്റ് ലക്ഷ്യങ്ങള്‍
എല്ലാ കാംപസുകളിലും കൂടുതല്‍ ഹോസ്റ്റല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി സമ്പൂര്‍ണ റസിഡന്‍ഷ്യല്‍ കാംപസുകളാക്കി മാറ്റും.
രാജ്യത്തിനകത്തും പുറത്തുമുള്ള ഗവേഷണ സ്ഥാപനങ്ങളുമായും സര്‍വകലാശാലകളുമായും ധാരണാപത്രങ്ങള്‍ ഒപ്പിട്ട് ഗവേഷണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും. ഗവേഷണ കണ്ടെത്തലുകള്‍ക്ക് പേറ്റന്റ് നേടുന്നതിനും കൂടുതല്‍ നിലവാരമുള്ള ഗവേഷണ പ്രസിദ്ധീകരണങ്ങള്‍ തുടങ്ങുന്നതിനും മുന്നിട്ടിറങ്ങും. റിസര്‍ച്ച് ആന്‍ഡ് ഡിവലപ്മെന്റ് സെല്‍ ശക്തിപ്പെടുത്തി വ്യവസായ സ്ഥാപനങ്ങളുമായി സഹകരിച്ചുകൊണ്ടുള്ള ഗവേഷണ പദ്ധതികള്‍ ആവിഷ്കരിക്കും.
- പ്ലേസ്മെന്റ് സെല്‍ ശക്തമാക്കുന്നതോടൊപ്പം പരിശീലന പരിപാടികളും തുടങ്ങും.
- പാഠ്യപദ്ധതി ചട്ടക്കൂടും ക്രെഡിറ്റ് സിസ്റ്റവും പരിഷ്കരിക്കും.
- ഓണ്‍ലൈന്‍ കോഴ്സുകള്‍ തുടങ്ങുകയും വിദ്യാര്‍ഥികള്‍ക്ക് ഇവ തിരഞ്ഞെടുക്കുന്നതിന് സൗകര്യം ഒരുക്കുകയും ചെയ്യും.
- ഇന്റേണ്‍ഷിപ്പ്/അപ്രന്റിസ്ഷിപ്പ് എംബഡഡ് ഡിഗ്രി പ്രോഗ്രാമുകള്‍ തുടങ്ങും.
- കാലിക്കറ്റിലും അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിക്കും
തേഞ്ഞിപ്പലം: ആഗോള നിലവാരത്തിലേക്ക് സര്‍വകലാശാലകളെ ഉയര്‍ത്തുന്നതിനുള്ള കേന്ദ്രസര്‍ക്കാരിന്റെ 'മേരു' (മള്‍ട്ടി ഡിസിപ്ലിനറി എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് യൂണിവേഴ്സിറ്റി) പദ്ധതിപ്രകാരം കാലിക്കറ്റിന് 100 കോടി രൂപ ലഭിക്കും.'പ്രധാന്‍മന്ത്രി ഉച്ചതാര്‍ ശിക്ഷാ അഭിയാന്' പ്രകാരം 60 കോടി രൂപ കേന്ദ്രസര്‍ക്കാരും 40 കോടി സംസ്ഥാനസര്‍ക്കാരും ലഭ്യമാക്കണം.
2023ല്‍ മുന്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പദ്ധതികള്‍ നല്‍കുന്നതിന് മുന്‍ പ്രോ. വൈസ് ചാന്‍സലര്‍ ഡോ. നാസര്‍, പ്ലാനിങ് കണ്‍വീനര്‍ പി.കെ. ഖലീമുദ്ദീന്, റൂസ ഡയറക്ടര്‍ ഡോ. ചിത്ര, ചരിത്രവിഭാഗം അധ്യാപകന് പ്രൊഫ. വി. ശിവദാസന്‍ എന്നിവരടങ്ങുന്ന പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. ഇവര്‍ക്കുപുറമേ രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, പരീക്ഷ കണ്ട്രോളര് ഡോ. ഗോഡ്വിന് സാംരാജ് എന്നിവര്‍ നടത്തിയ പ്രവര്‍ത്തനമാണ് ഈ നേട്ടത്തിന് കാരണമായത്. കൂടാതെ മുന്‍പ് അനുവദിച്ച 20 കോടി സമയബന്ധിതമായി ചെലവഴിക്കാനായതും നേട്ടമായി.
2026 മാര്‍ച്ച് 31 -നകം ഈ ഫണ്ട് വിനിയോഗിക്കേണ്ടതുണ്ട്. യു.ജി.സി. നാക് അംഗീകാര പരിശോധനയില്‍ ലഭിച്ച എ പ്ലസ് ഗ്രേഡ്, ഗവേഷണരംഗത്തെ മികവ്, സ്ഥിരാധ്യാപക നിയമനം, പുതിയ കോഴ്സുകള്‍ ആരംഭിച്ചതുമെല്ലാം കാലിക്കറ്റിന് നേട്ടമായി. നേട്ടത്തിനുവേണ്ടി പ്രയത്നിച്ച എല്ലാവകുപ്പ് മേധാവികളെയും ജീവനക്കാരെയും വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന് അഭിനന്ദിച്ചു. കാലിക്കറ്റിന് കീഴിലെ കോളേജുകളായ കോഴിക്കോട് ഗുരുവായൂരപ്പന്, എം.ഇ.എസ്. കല്ലടി, ഡബ്ല്യു.എം.ഒ. മുട്ടില്‍ എന്നിവയ്ക്ക് അഞ്ച് കോടി രൂപ വീതം ലഭിച്ചിട്ടുണ്ട്.
(പദ്ധതികള്‍ -തുക)
- പരീക്ഷാഭവന് നവീകരണം-രണ്ട് കോടി
- ഓണ്‍ലൈന്‍ പരീക്ഷാകേന്ദ്രം-1.7 കോടി
- ഹിന്ദിപഠനവകുപ്പിന്റെ ആധുനികവത്കരണം-1.66 കോടി
- മാധവ ഒബ്സര്‍വേറ്ററി-50 ലക്ഷം റേഡിയ സി.യു. സ്റ്റേഷന് നിര്‍മാണം-10 ലക്ഷം
- കേരള മീഡിയ ആര്‍ക്കൈവ് സ്ഥാപനം-1.5 കോടി
- സെന്റര്‍ ഫോര്‍ ഗ്രീന്‍ കെമിസ്ട്രി ആന്‍ഡ് ടെക്നൊളജി-2.86 കോടി
- മീമാംസ സെന്റര്‍ ഫോര്‍ മാത്തമാറ്റിക്സ് -3.73 കോടി
- ഇലക്ട്രോമാഗ്നെറ്റിക് പൊല്യൂഷന്‍ മിറ്റിഗേഷന്‍ സെന്റര്‍-അഞ്ച് കോടി
- റെസ്പോസിറ്ററി-ബയോഡൈവേഴ്സിറ്റി ഹെറിറ്റേജ് സെന്റര്‍-രണ്ട് കോടി
- ദളിത്-ആദിവാസി പഠനകേന്ദ്രം-10 കോടി
- സെന്റര്‍ ഫോര്‍ ട്രാന്‍സിലേഷന്‍ ഓഫ് റീജണല്‍ ലാംഗ്വേജ്-25 കോടി
- ആദിവാസി നൈപുണ്യ വികസനകേന്ദ്രം 1.55 കോടി
- സെന്റര്‍ ഫോര്‍ ഇന്നവേഷന്‍ ആന്‍ഡ് ഓണ്‍ട്രപ്രണേര്‍ഷിപ്പ്-3.25 കോടി
- ഡ്രഗ്സ്, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ എന്നിവയുടെ നിര്‍മ്മാണവും വിശകലനവും-2.95 കോടി
- നാലു വര്‍ഷബിരുദത്തിന് 100 മുറികളോട് കൂടിയ വനിതാ ഹോസ്റ്റല്‍-10 കോടി
- നാലുവര്‍ഷ ബിരുദത്തിന് 200 മുറികളോടുകൂടിയ പുരുഷ ഹോസ്റ്റല്‍-അഞ്ച് കോടി
- ഹെല്‍ത്ത് ക്ലബ്ബ്-1.5 കോടി
- വിവിധ പഠനവകുപ്പുകളുടെ വികസനം-4.5 കോടി
- ഇന്റര്‍ ഗ്രേറ്റഡ് പി.ജി. നാലുവര്‍ഷ ബിരുദക്ലാസുകളുടെ മുറികള്‍-മൂന്ന് കോടി
- ഇന്‍ക്യൂബേഷന്‍ കം ഓണ്ട്രപ്രേണര്ഷിപ്പ് സെന്റര്‍ ഫോര്‍ പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ്-1.7 കോടി
- സ്പോര്‍ട്സ് പവിലിയന്-അഞ്ച് കോടി
- അറബിക് ഡിപ്പാര്‍ട്ട്മെന്റ് നവീകരണം-മൂന്ന് കോടി
- അത്യാധുനിക ശാസ്ത്രഗവേഷണ ഉപകരണങ്ങള്‍-18.8 കോടി
- സോഫ്ട് സ്കില്‍ വികസനം-ആറ് കോടി.
കോളേജുകള്‍ക്ക് അഞ്ചുകോടി
തൃശ്ശൂര്‍: പ്രധാനമന്ത്രി ഉച്ഛതാര്‍ ശിക്ഷാ അഭിയാന് പദ്ധതി (പി.എം. ഉഷ പദ്ധതി) പ്രകാരം കോളേജുകള്‍ക്ക് അഞ്ചുകോടി രൂപ ലഭിക്കും. ആലപ്പുഴ സനാതനധര്‍മ കോളേജ്, മാറമ്പള്ളി എം.ഇ.എസ്. കോളേജ്, കളമശ്ശേരി സെയ്ന്റ് പോള്‍സ് കോളേജ്, മൂലമറ്റം സെയ്ന്റ് ജോസഫ്സ് കോളേജ്, ഉദുമ ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ്, കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളേജ്, കോഴിക്കോട് ഗുരുവായൂരപ്പന് കോളേജ്, മണ്ണാര്‍ക്കാട് എം.ഇ.എസ്. കല്ലടി കോളേജ്, പത്തനംതിട്ട കാത്തോലിക്കേറ്റ് കോളേജ്, എല്‍ത്തുരുത്ത് സെയ്ന്റ് അലോഷ്യസ് കോളേജ്, മുട്ടില്‍ ഡബ്ള്യു.എം.ഒ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് എന്നിവയ്ക്കാണ് അഞ്ചുകോടി രൂപ ലഭിക്കുന്നത്. ഉന്നതവിദ്യാഭ്യാസമേഖലയില്‍ കൂടുതല്‍ പിന്തുണയര്‍ഹിക്കുന്ന മലബാറിന് പ്രത്യേകപരിഗണന നല്‍കുന്നതിന്റെ ഭാഗമായാണ് കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകള്‍ക്ക് തുക പ്രഖ്യാപിച്ചതെന്ന് മന്ത്രി ആര്. ബിന്ദു അറിയിച്ചു.
Content Highlights: pm usha scheme: kerala to receive 405 crores, significant funds for universities and colleges.
Published: 22 Dec 2024, 08:34 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented