ആലപ്പുഴ: സ്കൂളുകൾക്കു പിന്നാലെ സംസ്ഥാനത്തെ കോളേജുകളിലും വിദ്യാർഥികൾ കുറയുന്നത് അധ്യാപക നിയമനത്തെ ബാധിക്കുന്നു. ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ 1,100-ലധികം അധ്യാപകരുടെ നിലനിൽപ്പ് അപകടത്തിലാക്കും വിധമാണ് വിദ്യാർഥികളുടെ കുറവ്.

To advertise here,

യു.ജി.സി. നിർദേശപ്രകാരം 2020-ൽ സർക്കാരിറക്കിയ ഉത്തരവനുസരിച്ച് ആഴ്ചയിൽ 16 മണിക്കൂറെങ്കിലും ജോലിയുണ്ടെങ്കിലേ അധ്യാപക തസ്തിക അനുവദിക്കൂ. ഇല്ലെങ്കിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കണം.

2022-ൽ സർക്കാർ കണക്കെടുത്തപ്പോൾ 1,062 അധ്യാപകർക്ക് 16 മണിക്കൂർ ക്ലാസെടുക്കാൻ കഴിയുന്നില്ലെന്നു കണ്ടെത്തിയിരുന്നു. സർക്കാർ കോളേജുകളിൽ 20 വിഷയങ്ങളിൽ 81-ഉം എയ്ഡഡ് കോളേജുകളിൽ 60 വിഷയങ്ങളിൽ 981-ഉം അധ്യാപകരാണ് ഇങ്ങനെയുണ്ടായിരുന്നത്. അതിനുശേഷം വിദ്യാർഥികളുടെ എണ്ണം ഓരോവർഷവും കുറഞ്ഞിട്ടുമുണ്ട്.

സംസ്ഥാനത്ത് 218 ആർട്സ് ആൻഡ് സയൻസ് കോളേജുണ്ട്. അതിൽ 9,742 അധ്യാപകരും. ഗസ്റ്റ് അധ്യാപകർ 2,393 പേരാണ്. സർക്കാർ കോളേജ് അധ്യാപക നിയമനത്തിനുള്ള പി.എസ്.സി. റാങ്കുപട്ടിക നിലവിലുണ്ട്. പക്ഷേ, നിശ്ചിത 16 മണിക്കൂർ തികയാത്തതിനാൽ അവിടെയും ഗസ്റ്റ് അധ്യാപക നിയമനം വേണ്ടിവരുന്നു.

ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ കണക്ക്, ഫിസിക്സ്, ഇംഗ്ലീഷ്, കൊമേഴ്സ്, മലയാളം എന്നിവയ്ക്കാണ് കുട്ടികൾ കുറയുന്നതെന്ന് 2022-ലെ പരിശോധനയിൽ വ്യക്തമായിരുന്നു. 16 മണിക്കൂർ തികയാത്ത 1,062 പേരിൽ കണക്ക് അധ്യാപകരായിരുന്നു മുന്നിൽ- 82 പേർ. ഫിസിക്സ്- 81, ഇംഗ്ലീഷ്- 78, കൊമേഴ്സ്- 70, മലയാളം- 69 എന്നിങ്ങനെയാണ് മറ്റു വിഷയങ്ങളുടെ നില.

സർക്കാർ, അനുകൂല നിലപാടു സ്വീകരിക്കുന്നതിനാൽ കുട്ടികളുടെ എണ്ണക്കുറവ് നിലവിലെ അധ്യാപകരെ കാര്യമായി ബാധിക്കില്ല. എന്നാൽ, ഭാവിയിൽ കോളേജുകളിലെ പല കോഴ്സുകളും നിർത്തേണ്ട സ്ഥിതിയിലേക്കാണു കാര്യങ്ങൾ നീങ്ങുന്നതെന്ന് അധ്യാപക സംഘടനാ നേതാക്കൾ പറഞ്ഞു.

കുട്ടികൾ കുറയാനുള്ള പ്രധാന കാരണങ്ങൾ

ജനന നിരക്കു കുറയുന്നത്, വിദേശ കുടിയേറ്റം, പരമ്പരാഗത വിഷയങ്ങളോടുള്ള താത്പര്യക്കുറവ്, നൈപുണ്യവികസനമില്ലാത്ത കോഴ്സുകൾ, തൊഴിൽസാധ്യതയില്ലായ്മ എന്നിവയാണ് പ്രധാന കാരണങ്ങളെന്ന് ഈ രംഗത്തെ വിദഗ്ധർ പറയുന്നു.