പാർലമെന്റിന്റെ ഇരുസഭകളിലെയും ഭരണ/പ്രതിപക്ഷ നിരകളിലെ മുഖ്യ രാഷ്ട്രിയപ്പാർട്ടികളിൽനിന്നും തിരഞ്ഞെടുത്ത അംഗങ്ങളുടെ മാർഗനിർദേശത്തിൽ (മെൻററിങ്), 10 മുതൽ 11 മാസങ്ങൾവരെ പ്രവർത്തിക്കാൻ യുവാക്കൾക്ക് അവസരം. പ്രതിമാസ സ്റ്റൈപ്പെൻഡ്, 23,000 രൂപ.

To advertise here,

ന്യൂഡൽഹി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോളിസി റിസർച്ച് സ്റ്റഡീസ് (പി.ആർ.എസ്.) പ്രോജക്ടായ പി.ആർ.എസ്. ലെജിസ്ളേറ്റീവിന്റെ ഭാഗമായാണ്, ലെജിസ്ലേറ്റീവ് അസിസ്റ്റന്റ്സ് ടു മെന്പേഴ്സ് ഓഫ് പാർലമെന്റ്‌ (എൽ.എ.എം.പി.-ലാംപ്) 2025-26 നടപ്പാക്കുന്നത്.

പാർലമെൻറുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക്, ഗവേഷണങ്ങൾനടത്തി അംഗത്തെ സഹായിക്കുക എന്നതാണ് ലാംപ് വിശിഷ്ടാംഗത്തിന്റെ മുഖ്യ ഉത്തരവാദിത്വം. ബില്ലുകളുടെ ചർച്ചകൾക്കുവേണ്ട വിവരങ്ങൾ നൽകുക, സഭയിൽ ഉന്നയിക്കേണ്ട ചോദ്യങ്ങൾ അംഗത്തിനായി തയ്യാറാക്കുക, ശൂന്യവേളാചർച്ചകളിൽ പങ്കെടുക്കാൻ അംഗത്തിന് പ്രഭാഷണം തയ്യാറാക്കുക, നയപരമായ വിഷയങ്ങളുടെ ചർച്ചകൾ, സ്റ്റാൻഡിങ് കമ്മിറ്റി മീറ്റിങ്ങുകൾ, പൊതുതാത്‌പര്യമുള്ള വിഷയങ്ങളുടെ ചർച്ചകൾ എന്നിവയ്ക്കുവേണ്ട വിവരങ്ങൾ അംഗത്തിനു ലഭ്യമാക്കുക, സ്വകാര്യബില്ലുകൾ തയ്യാറാക്കുക, തുടങ്ങിയ കാര്യങ്ങൾക്ക് പാർലമെൻറംഗത്തെ സഹായിക്കണം.

യോഗ്യത: പ്രായം 25 വയസ്സ് കവിയരുത്. ജനിച്ചത് 1.6.1999-നോ ശേഷമോ ആയിരിക്കണം. ഏതെങ്കിലുംവിഷയത്തിൽ ബിരുദംവേണം. ഫെലോഷിപ്പ് ആരംഭിക്കുന്നതിനുമുൻപ്‌ ബാച്ച്‌ലർ ബിരുദ പരീക്ഷ പൂർത്തിയാക്കിയിരിക്കണം. ഫെലോഷിപ്പിനുള്ള അപേക്ഷാർഥിയുടെ യോഗ്യത വിശദീകരിക്കുന്ന ഒരു ഉപന്യാസവും ഏതെങ്കിലും ഒരു വിഷയവും അതിന്റെ നയപരമായ ‘ഇംപ്ലിക്കേഷനും’ വിശകലനം ചെയ്യുന്ന മറ്റൊരു ഉപന്യാസവും (ഓരോന്നും 500 വാക്കിൽ) തയ്യാറാക്കി അപേക്ഷയുടെ ഭാഗമായി അപ്‌ലോഡ് ചെയ്യണം. ഇംഗ്ലീഷിലായിരിക്കണം ഉപന്യാസങ്ങൾ.

ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് ജനുവരി അഞ്ചിന് ഓൺലൈൻ ഇവാല്വേഷൻ ടെസ്റ്റുണ്ടാകും. അതിന്റെ അടിസ്ഥാനത്തിൽ ഷോർട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് ഇൻറർവ്യൂ ഉണ്ടാകും.

അപേക്ഷയ്ക്കും കൂടുതൽ വിവരങ്ങൾക്കും prsindia.org/lamp കാണുക. അവസാനതീയതി: ഡിസംബർ 21 (രാത്രി 11.45 വരെ)