ന്യൂഡൽഹി: ചോദ്യക്കടലാസുകളിൽ വ്യാപകപിഴവുകൾ കണ്ടെത്തിയതിനെത്തുടർന്ന് മൂന്നുവിഷയത്തിലെ യു.ജി.സി.-നെറ്റ് പരീക്ഷകൾ വീണ്ടും നടത്താൻ ദേശീയ പരീക്ഷാ ഏജൻസി (എൻ.ടി.എ.) തീരുമാനിച്ചു. ജൂണിൽനടന്ന 87 വിഷയങ്ങളിലെ പരീക്ഷകളിൽ ഇംഗ്ലീഷ്, കൊമേഴ്‌സ്, സോഷ്യോളജി എന്നിവയാണ് വീണ്ടും നടത്തുക. ചോദ്യച്ചോർച്ചയെത്തുടർന്ന് നീറ്റ് പരീക്ഷ റദ്ദാക്കി വീണ്ടും നടത്തിയതിനുപിന്നാലെ നെറ്റിലും അത് വേണ്ടിവന്നത് എൻ.ടി.എ.യ്ക്ക് വലിയ തിരിച്ചടിയായി. അതേസമയം, പരീക്ഷകൾ നീതിയുക്തവും കൃത്യവും സുതാര്യവുമായി നടത്താൻ തുടർന്നും പ്രതിജ്ഞാബദ്ധരാണെന്ന് എൻ.ടി.എ. അറിയിച്ചു.
മൂന്നുവിഷയത്തിന്റെ ചോദ്യങ്ങളിൽ പിഴവുള്ളതായി പരാതികൾ വന്നതിനെത്തുടർന്ന് ഇക്കാര്യം പരിശോധിക്കാൻ എൻ.ടി.എ. സമിതിയുണ്ടാക്കിയിരുന്നു. വ്യാപക പിഴവുകളുണ്ടെന്ന് സമിതി കണ്ടെത്തിയതിനെത്തുടർന്നാണ് പുനഃപരീക്ഷ നടത്തുന്നത്.
മുൻപ് ഉപയോഗിച്ച ഒട്ടേറെ ചോദ്യങ്ങൾ ആവർത്തിച്ചു, പണ്ഡിതരുടെ പേരുകളിലെ തെറ്റുകൾ, വ്യാകരണ പൊരുത്തക്കേടുകൾ, ചിഹ്നങ്ങളിലെ തെറ്റുകൾ, ആശയങ്ങൾക്ക് അനുചിതമായ പദപ്രയോഗങ്ങൾ എന്നിവയുൾപ്പെടെ ഒട്ടേറെ പിശകുകൾ ചോദ്യക്കടലാസുകളിൽ ഉള്ളതായി സമിതി കണ്ടെത്തി. പ്രമുഖ സോഷ്യോളജിസ്റ്റ് റിറ്റ്‌സർ ചോദ്യക്കടലാസിൽ പുറ്റ്‌സർ ആയി. ഇന്ത്യൻ സോഷ്യോളജിസ്റ്റ് എ.ആർ. ദേശായി എ.കെ. ദേശായിയായി. പുസ്തകങ്ങളുടെയും രചയിതാക്കളുടെയും പേരുകളിലും ഗുരുതര തെറ്റുകളുണ്ടായിരുന്നു.
ഈ മൂന്നുപേപ്പറുകളും വീണ്ടും നടത്തണമെന്ന് സമിതി ശുപാർശചെയ്തു. പിഴവുവന്ന ചോദ്യങ്ങൾ ഒഴിവാക്കിക്കൊണ്ടുമാത്രം പരിഹരിക്കാവുന്ന പ്രശ്നമല്ലെന്ന് കണ്ടെത്തിയാണ് പുനഃപരീക്ഷ നടത്തുന്നതെന്ന് എൻ.ടി.എ. പറയുന്നു.
മൂന്നുപരീക്ഷ വീണ്ടും നടത്തുന്നത് മറ്റ് 84 വിഷയങ്ങളിലെ ഫലപ്രഖ്യാപനത്തെ ബാധിക്കില്ലെന്ന് എൻ.ടി.എ. വ്യക്തമാക്കി. ഈ വിഷയങ്ങളുടെ ഉത്തരസൂചിക ഞായറാഴ്ച പ്രസിദ്ധീകരിച്ചിരുന്നു.
പരീക്ഷാ ഷെഡ്യൂൾ
* ഇംഗ്ലീഷ്: സെപ്റ്റംബർ ഒമ്പതിന് രാവിലെ ഒമ്പത് മുതൽ 12
* കൊമേഴ്‌സ്: സെപ്റ്റംബർ ഒമ്പതിന് ഉച്ചയ്ക്കുശേഷം മൂന്നുമുതൽ ആറുവരെ
* സോഷ്യോളജി: സെപ്റ്റംബർ 10-ന് രാവിലെ ഒമ്പതുമുതൽ 12 വരെ
Content Highlights: The National Testing Agency (NTA) has ordered a re-examination for three major subjects—English, Commerce, and Sociology—in the UGC NET exam after an inquiry committee found severe spelling, translation, and grammatical errors in the original question papers.
Published: 16 Aug 2026, 10:24 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented