
പരീക്ഷാ നടത്തിപ്പിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് സാങ്കേതിക വിദഗ്ധൻ നന്ദൻ നിലേകനിയുടെ നേതൃത്വത്തിൽ ഉന്നതാധികാര കർമ്മസമിതി രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇൻസ്റ്റഗ്രം വീഡിയോയിലൂടെ വിദ്യാർഥികളെ അറിയിച്ചത് ഇക്കഴിഞ്ഞ ദിവസമാണ്. നീറ്റ്-യുജി 2026 പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയെത്തുടർന്നുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു പുതിയ പരിഷ്കാരങ്ങൾ.
ജന്തർ മന്തറിൽ ഏഴ് ആഴ്ച നീണ്ടുനിന്ന പരീക്ഷാർഥികളുടെയും കോക്ക്റോച്ച് ജനതാ പാർട്ടിയുടെയും ശക്തമായ പ്രതിഷേധങ്ങളെ തുടർന്ന്, ജൂലൈ 25-ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെച്ചിരുന്നു.
വിദ്യാഭ്യാസ മേഖലയിലുള്ളവരെ മാത്രം ഉൾപ്പെടുത്തുന്ന പതിവുരീതിയിൽ നിന്ന് വ്യത്യസ്തമായി മുൻ ഇസ്രോ ചെയർമാൻ എസ്. സോമനാഥ്, മുൻ ഇന്റലിജൻസ് ബ്യൂറോ ഡയറക്ടർ തപൻ ഡേക്ക, ഐ.ഐ.ടി മദ്രാസ് ഡയറക്ടർ വി. കാമകോടി, ഐ.എ.എസ് ഉദ്യോഗസ്ഥനായ അമൃത് ലാൽ മീണ, മുൻ വിദ്യാഭ്യാസ സെക്രട്ടറി അനിത കർവാൾ എന്നിവരെ ഉൾപ്പെടുത്തിയാണ് ആറംഗ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിരിക്കുന്നത്.
നിലേകനിയുടെ പ്രസക്തി എന്ത്?
ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും ബൃഹത്തായ സാങ്കേതിക പദ്ധതികളിലൊന്ന് വിജയകരമായി നടപ്പാക്കിയ പരിചയമാണ് ഇൻഫോസിസ് സഹസ്ഥാപകൻ കൂടിയായ നിലേകനിയുടെ കൈമുതൽ. നൂറുകോടിയിലധികം ഇന്ത്യക്കാർ രജിസ്റ്റർ ചെയ്ത ബയോമെട്രിക് സംവിധാനമായ ആധാർ, മൻമോഹൻ സിങ് സർക്കാരിന്റെ കാലത്താണ് വിഭാവനം ചെയ്യുന്നത്. 2009 മുതൽ 2014 വരെ യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ)യുടെ സ്ഥാപക ചെയർമാനായിരുന്നു
എൻടിഎയുടെ പരാജയത്തിന് പിന്നിലെ സാങ്കേതികമായ വശം കണക്കിലെടുത്താകാം ഈ നിയമനം. മതിയായ എൻക്രിപ്ഷനോ ആക്‌സസ് നിയന്ത്രണങ്ങളോ ഓഡിറ്റ് സംവിധാനങ്ങളോ ഇല്ലാതെയാണ് ചോദ്യപേപ്പറുകൾ സൂക്ഷിക്കപ്പെടുകയും കൈമാറ്റം ചെയ്യപ്പെടുകയും ചെയ്യുന്നത്. ഈ പിഴവുകൾ കണ്ടെത്താനുള്ള സാങ്കേതിക പരിജ്ഞാനവും എതിർപ്പുകളെ മറികടന്ന് പരിഷ്‌കാരങ്ങൾ നടപ്പാക്കാനുള്ള സർക്കാർ വിശ്വാസ്യതയും നിലേകനിക്കുണ്ടെന്ന് കരുതപ്പെടുന്നു.
അപൂർവമായ മറ്റൊരു യോഗ്യതയും അദ്ദേഹത്തിനുണ്ട്, രാഷ്ട്രീയമായി ഇരുപക്ഷത്തിനും സ്വീകാര്യൻ. കോൺഗ്രസ് സർക്കാരിന്റെ കാലത്ത് സേവനമനുഷ്ഠിച്ച അദ്ദേഹത്തെയാണ് ഇപ്പോൾ ബിജെപി സർക്കാർ ചുമതലപ്പെടുത്തുന്നത്. പ്രതിപക്ഷത്തിന്റെ കടുത്ത ചോദ്യങ്ങൾ നേരിടേണ്ടിവരുന്ന ശുപാർശകൾക്ക് ഈ മുന്നണികൾക്കതീതമായ സ്വീകാര്യത നിർണായകമാണ്.
മുൻ ഐ.എസ്.ആർ.ഒ മേധാവി
2022 ജനുവരി മുതൽ 2025 ജനുവരി വരെ ഐ.എസ്.ആർ.ഒ ചെയർമാനായിരുന്നു എസ്. സോമനാഥ്. ചന്ദ്രയാൻ-3 ദൗത്യമുൾപ്പെടെ ഐ.എസ്.ആർ.ഒയുടെ ഏറ്റവും ശ്രദ്ധേയമായ കാലഘട്ടത്തിന് അദ്ദേഹം നേതൃത്വം നൽകി. സ്‌കൈറൂട്ട് എയ്‌റോസ്‌പേസിന്റെ ഓണററി സാങ്കേതിക ഉപദേശകനായി അദ്ദേഹം ചുമതലയേറ്റിരുന്നു.
കൃത്യമായ സുരക്ഷാ ചട്ടങ്ങളും വിശ്വാസ്യതയുള്ള സംവിധാനങ്ങളും വിവരങ്ങളുടെ രഹസ്യസ്വഭാവവും സ്ഥാപനത്തിന്റെ അച്ചടക്കവും ആവശ്യമുള്ള, സാങ്കേതികമായി സങ്കീർണമായ പ്രവർത്തനങ്ങളാണ് ഐ.എസ്.ആർ.ഒ കൈകാര്യം ചെയ്യുന്നത്.
ആയിരക്കണക്കിന് കേന്ദ്രങ്ങളിലായി ലക്ഷക്കണക്കിന് പരീക്ഷാർഥികൾക്കുള്ള ചോദ്യപേപ്പറുകൾ സൂക്ഷിക്കാനും വിതരണം ചെയ്യാനും കൈകാര്യം ചെയ്യാനുമുള്ള സംവിധാനം എങ്ങനെ രൂപകൽപന ചെയ്യാം എന്നത്, അതീവ സുരക്ഷ സംവിധാനത്തിനു കീഴിൽ പ്രവർത്തിക്കേണ്ട കാര്യമാണ്. ഈ മേഖലയിലെ പരിചയമാണ് സോമനാഥ് സമിതിക്ക് സംഭാവന ചെയ്യുന്നത്.
ഇന്റലിജൻസ് വശം
2021 മുതൽ 2024 വരെ ഇന്റലിജൻസ് ബ്യൂറോ (ഐ.ബി) മേധാവിയായിരുന്ന തപൻ ഡെക്കയുടേതാണ് സമിതിയിലെ ഏറ്റവും രാഷ്ട്രീയമായും സ്ഥാപനപരമായും പ്രാധാന്യമുള്ള നിയമനം.
ഇന്ത്യയിലെ പേപ്പർ ചോർച്ചകൾ ഒറ്റപ്പെട്ട വ്യക്തികളുടെ പ്രവർത്തനമായി കാണാനാകില്ല. സ്ഥാപനങ്ങളുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന സംഘടിത കുറ്റകൃത്യങ്ങളാകാനുള്ള സാധ്യതയേറെയാണ്. 2026-ലെ നീറ്റ്-യുജി ചോർച്ചയിൽ, പല സംസ്ഥാനങ്ങളിലായി പ്രവർത്തിക്കുന്ന ശൃംഖലകൾ ഉൾപ്പെട്ടിരുന്നു. പരീക്ഷാ കേന്ദ്രങ്ങൾ, പ്രിന്റിങ് സൗകര്യങ്ങൾ, സംസ്ഥാനതല പരീക്ഷാ ഭരണനിർവഹണം എന്നിവയിലൂടെ ചോദ്യപേപ്പറുകൾ കൈമാറ്റം ചെയ്യപ്പെട്ടത് മുൻകൂട്ടിയുള്ള ആസൂത്രണം ആവശ്യമുള്ള പ്രവർത്തനമാണ്.
നിരവധി അറസ്റ്റുകൾ നടന്നിട്ടുണ്ടെങ്കിലും ചോർച്ചയ്ക്ക് പിന്നിലെ സംഘടിത ശൃംഖല ഇതുവരെ ഇല്ലാതായിട്ടില്ല. ഓരോ ചോർച്ചയ്ക്ക് ശേഷവും കൊറിയർമാരെ പിടികൂടി വിചാരണ ചെയ്യുന്നതിനപ്പുറം ഈ ശൃംഖലകളെ ഉന്മൂലനം സംവിധാനത്തിന്റെ ചുമതല വഹിക്കാൻ ഡെക്കയ്ക്ക്കായേക്കാം. രഹസ്യാന്വേഷണത്തിലും വിവരങ്ങൾ ചോർത്തുന്ന ശൃംഖല കണ്ടെത്തുന്നതിലും അദ്ദേഹത്തിനുള്ള പരിചയം ഇവിടെ പ്രധാനമാണ്.
പാനലിലെ ലോജിസ്റ്റിക് എക്സപേർട്ട്
സാങ്കേതികവിദ്യക്ക് മാത്രം പരിഹരിക്കാനാവാത്ത പ്രശ്നമാണ് സമിതിയിലെ ലോജിസ്റ്റിക്സ് വിദഗ്ധനും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനുമായ അമൃത് ലാൽ മീണ കൈകാര്യം ചെയ്യുന്നത്. നൂറുകണക്കിന് നഗരങ്ങളിലായി 4,000ത്തിലധികം കേന്ദ്രങ്ങളിലായി ഏകദേശം ഇരുപത് ലക്ഷം വിദ്യാർഥികളാണ് നീറ്റ്-യുജി എഴുതുന്നത്. ചോദ്യപ്പേറിന്റെ വിതരണ പ്രക്രിയയിലാണ് പല ചോർച്ചകളും സംഭവിക്കുന്നത്. അടുത്ത വർഷം മുതൽ നീറ്റ് പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് (സിബിടി) രീതിയിലേക്ക് മാറും.
വിദ്യാഭ്യാസ ഭരണനിർവഹണ വിദഗ്ധരുടെ സംഭാവന
വിരമിക്കുന്നതിന് മുമ്പ് വിദ്യാഭ്യാസ സെക്രട്ടറിയായി അനിത കർവാൾ പ്രവർത്തിച്ചിരുന്നു. എൻടിഎ പോലുള്ള സ്വയംഭരണ സ്ഥാപനങ്ങളും കേന്ദ്ര മന്ത്രാലയങ്ങളും തമ്മിലുള്ള ഇടപാടുകൾ എങ്ങനെയെന്ന മുൻ പരിചയമുണ്ട്.
ഡിജിറ്റൽ സുരക്ഷാ രംഗത്തെ പ്രായോഗിക അനുഭവസമ്പത്താണ് ഐ.ഐ.ടി മദ്രാസ് ഡയറക്ടർ വി. കാമകോടി സമിതിക്ക് നൽകുന്നത്. പരീക്ഷാ സോഫ്റ്റ്‌വെയറുകൾ കൂടുതൽ സുരക്ഷിതമാക്കുക, ചോദ്യപേപ്പറുകൾ ചോരാത്ത വിധം ഡിജിറ്റലായി എൻക്രിപ്റ്റ് ചെയ്ത് അയക്കുക, അത് രാജ്യത്തുടനീളമുള്ള കേന്ദ്രങ്ങളിൽ തടസ്സമില്ലാതെ ലഭ്യമാക്കുക എന്നിവയിലെ സാങ്കേതിക നിർദ്ദേശങ്ങളാകാം ഇദ്ദേഹം മുന്നോട്ടുവെക്കുന്നത്.
രാധാകൃഷ്ണൻ സമിതിയും രാഷ്ട്രീയ ചോദ്യങ്ങളും
പുതിയ സമിതി രൂപീകരണത്തിനെതിരെ പ്രതിപക്ഷം ശക്തമായ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. 2024-ലെ നീറ്റ് ചോർച്ചയ്ക്ക് ശേഷം കെ. രാധാകൃഷ്ണൻ സമിതി നൽകിയ 101 പരിഷ്കാരങ്ങൾ സുപ്രീം കോടതിയുടെ ഉറപ്പോടെ നടപ്പിലാക്കുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയതായിരുന്നു എന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേഷ് ചൂണ്ടിക്കാണിക്കുന്നു.
എന്നാൽ ഈ നിർദ്ദേശങ്ങളിൽ ഭൂരിഭാഗവും കടലാസിൽ ഒതുങ്ങിയതാണ് 2026-ൽ വീണ്ടും ചോർച്ചയുണ്ടാകാൻ കാരണമെന്നാണ് അദ്ദേഹത്തിന്റെ വിമർശനം. മുൻ സമിതിയുടെ നിർദ്ദേശങ്ങൾ കൃത്യമായി നടപ്പിലാക്കിയിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്ന ഒരു പ്രതിസന്ധി പരിഹരിക്കാനാണ് ഇപ്പോൾ പുതിയൊരു സമിതിയെക്കൂടി നിയോഗിച്ചിരിക്കുന്നത് എന്ന രാഷ്ട്രീയ ചോദ്യവും ഇതിലൂടെ ഉയർന്നുവരുന്നു.
Content Highlights: Following widespread protests over the NEET-UG 2026 paper leak and the resignation of Education Minister Dharmendra Pradhan, Prime Minister Narendra Modi announced a six-member high-powered task force led by tech leader Nandan Nilekani to revolutionize national exam security and administration.
Published: 27 Jul 2026, 02:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented