
ജയ്പൂർ: ജയ്പൂരിൽ വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് തടസ്സപ്പെട്ട നീറ്റ്-പി.ജി. പരീക്ഷ സെപ്റ്റംബർ 5-ന് വീണ്ടും നടത്തും. ഇന്ത്യയിലെ ഉന്നത മെഡിക്കൽ പ്രവേശന പരീക്ഷകൾ നടത്തുന്ന സ്വയംഭരണ സ്ഥാപനമായ നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (എൻ.ബി.ഇ.എം.എസ്.) ആണ് ഇക്കാര്യം അറിയിച്ചത്.
പരീക്ഷാ നടത്തിപ്പ് ഏജൻസിയായ ടിസിഎസിന്റെ കേന്ദ്രങ്ങളിലെ സാങ്കേതിക തകരാറും വൈദ്യുതി തടസ്സവുമാണ് പരീക്ഷ മുടങ്ങാൻ കാരണം. 41,682, 41,683 എന്നീ ടെസ്റ്റ് സെന്ററുകളിലെ പരീക്ഷാർഥികൾക്കാണ് സെപ്റ്റംബർ 5-ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് പുനഃപരീക്ഷ നടത്തുന്നത്. പുതിയ കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പുതുക്കിയ അഡ്മിറ്റ് കാർഡുകളും ഉടൻ നൽകുമെന്നും വിദ്യാർഥികൾക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദിക്കുന്നതായും പരീക്ഷാ ബോർഡ് വ്യക്തമാക്കി.
അന്വേഷണത്തിന് മൂന്നംഗ സമിതി
വൈദ്യുതി തടസ്സത്തിനുണ്ടായ കാരണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ബോർഡ് മൂന്നംഗ സമിതി രൂപീകരിച്ചു. രാജസ്ഥാൻ സർക്കാർ പ്രതിനിധി, കേന്ദ്ര ആരോഗ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി, സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ എന്നിവരടങ്ങുന്ന സമിതി കൃത്യമായ സമയപരിധിക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും.
ചോദ്യപേപ്പർ ചോർച്ചയോ, സൈബർ ആക്രമണമോ, ഹാക്കിങ്ങോ നടന്നിട്ടില്ലെന്ന് എൻ.ബി.ഇ.എം.എസ്. പ്രസിഡന്റ് ഡോ. അഭിജാത് ഷേത്ത് വ്യക്തമാക്കി. സീതാപുര കേന്ദ്രങ്ങളിലെ 2,445 പരീക്ഷാർഥികൾക്ക് മാത്രമാണ് പരീക്ഷ പൂർത്തിയാക്കാൻ കഴിയാതിരുന്നത്. പരീക്ഷയുടെ സുതാര്യത ഉറപ്പാക്കാനാണ് പുനഃപരീക്ഷ തീരുമാനിച്ചതെന്നും മൂല്യനിർണ്ണയത്തെ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിസ്റ്റങ്ങൾ അടിക്കടി ഓഫായി; പ്രതിഷേധിച്ച് വിദ്യാർത്ഥികളും പ്രതിപക്ഷവും
രണ്ട് മണിക്കൂറിനുള്ളിൽ പരീക്ഷ 10 തവണയോളം തടസ്സപ്പെട്ടതായി പരീക്ഷ എഴുതിയ വിദ്യാർഥി പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. പരീക്ഷ ആരംഭിക്കുന്നതിന് മുൻപ് തന്നെ കമ്പ്യൂട്ടറുകൾ ഓഫാവുകയും രണ്ട് മിനിറ്റ് ഇടവേളകളിൽ ഇരുപതിലധികം തവണ സിസ്റ്റം ക്രാഷ് ആവുകയും ചെയ്തുവെന്നും റിപ്പോർട്ടുകളുണ്ട്. വലിയ തുക ഫീസ് വാങ്ങിയിട്ടും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ അധികൃതർ പരാജയപ്പെട്ടുവെന്നാണ് വിദ്യാർഥികളുടെ ആരോപണം.
അതേസമയം, കേന്ദ്ര സർക്കാരിന്റെ വീഴ്ചയാണ് സംഭവത്തിന് പിന്നിലെന്ന് ആരോപിച്ച് കോൺഗ്രസ് രംഗത്തെത്തി. മോദി സർക്കാരിന് ഒരു പരീക്ഷ പോലും കൃത്യമായി നടത്താൻ കഴിയുന്നില്ലെന്ന് കോൺഗ്രസ് എക്സിൽ കുറിച്ചു.
ഓഗസ്റ്റ് 30-ന് രാജ്യത്തെ 339 നഗരങ്ങളിലായി 1,111 കേന്ദ്രങ്ങളിലാണ് നീറ്റ്-പിജി പരീക്ഷ നടന്നത്. രജിസ്റ്റർ ചെയ്ത 2,73,096 വിദ്യാർഥികളിൽ 2,65,980 പേർ പരീക്ഷയ്ക്ക് ഹാജരാവുകയും 2,63,535 പേർ വിജകരമായി പരീക്ഷ പൂർത്തിയാക്കുകയും ചെയ്തു.
Content Highlights: The National Board of Examinations in Medical Sciences (NBEMS) has rescheduled the NEET-PG exam to September 5 for over 2,400 candidates in Jaipur following widespread power outages and severe technical glitches at TCS test centres.
Published: 31 Aug 2026, 10:28 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented