ന്യൂഡൽഹി: അധ്യാപനം, പഠനനിലവാരം, അടിസ്ഥാനസൗകര്യങ്ങൾ തുടങ്ങിയവ മാനദണ്ഡമാക്കി മെഡിക്കൽ കോളേജുകൾക്ക് മാർക്കിടാനൊരുങ്ങി ദേശീയ മെഡിക്കൽ കമ്മിഷൻ (എൻ.എം.സി.). ഇന്ത്യയിൽ ആദ്യമായാണ് മെഡിക്കൽ കോളേജുകളും സർക്കാർ റാങ്കിങ്ങിനുകീഴിലേക്ക് വരുന്നത്. സ്വകാര്യ ഏജൻസികളുമായി ചേർന്ന് സ്വകാര്യ മെഡിക്കൽ കോളേജുകൾ റാങ്കിങ് സംവിധാനം നടപ്പാക്കുകയും ഇതിലൂടെ വിദ്യാർഥികൾ ചൂഷണം ചെയ്യപ്പെടുന്നെന്നു കണ്ടെത്തിയതിനെത്തുടർന്നാണ് എൻ.എം.സി.യുടെ നീക്കം.

To advertise here,

ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയുമായി (ക്യു.സി.ഐ.) ചേർന്ന് അടുത്ത അധ്യയനവർഷംമുതൽ ഇതിനുള്ള നടപടികൾ ആരംഭിക്കുമെന്ന് എൻ.എം.സി. അറിയിച്ചു. സർക്കാർ റാങ്കിങ് സംവിധാനം ശരിയായ മെഡിക്കൽ കോളേജ് തിരഞ്ഞെടുക്കുന്നതിന് വിദ്യാർഥികളെ സഹായിക്കും. ഒപ്പം ഉയർന്ന ഫീസ് ഈടാക്കുന്ന സ്വകാര്യ മെഡിക്കൽ കോളേജുകളുടെ രീതി തടയാനും കഴിയുമെന്ന് എൻ.എം.സി. അറിയിച്ചു. എൻ.എം.സി., ക്യു.സി.ഐ. എന്നിവിടങ്ങളിൽനിന്നുള്ള വിദഗ്ധർ മെഡിക്കൽ കോളേജുകളിൽ മിന്നൽപ്പരിശോധന നടത്തിയാകും വിവരശേഖരണം നടത്തുക. 2014-നുമുമ്പ് 387 ആയിരുന്ന കോളേജുകളുടെ എണ്ണം ഇപ്പോൾ 704 ആയി ഉയർന്നിട്ടുണ്ട്.