ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് (ഐ.സി.എ.ആര്‍.) കാര്‍ഷിക ബിരുദ കോഴ്‌സുകള്‍ക്കായി നടത്തിയ അലോട്ട്‌മെന്റില്‍ വ്യാപക അട്ടിമറി നടന്നതായി ആക്ഷേപം. റാങ്ക്പട്ടിക പ്രസിദ്ധീകരിക്കാതെ നടത്തിയ അലോട്ട്‌മെന്റില്‍ ഉയര്‍ന്ന റാങ്കുള്ളവരെ തഴഞ്ഞ് കുറഞ്ഞ റാങ്കുള്ളവര്‍ക്ക് അഡ്മിഷന്‍ നല്‍കിയതായി വിവരാവകാശരേഖ. കേരള കാര്‍ഷികസര്‍വകലാശാലയുടെ വിവിധ ബിരുദകോഴ്‌സുകളിലെ 20 ശതമാനം സീറ്റുകളിലേക്ക് ഐ.സി.എ.ആര്‍. അഖിലേന്ത്യാ റാങ്ക്പട്ടിക ഉപയോഗിച്ച് നടത്തിയ അലോട്ട്‌മെന്റിലാണ് അട്ടിമറി കണ്ടെത്തിയത്.

To advertise here,

രക്ഷിതാക്കളിലൊരാള്‍ വിവരാവകാശനിയമപ്രകാരം, ഐ.സി.എ.ആറില്‍നിന്നും കേരള കാര്‍ഷികസര്‍വകലാശാലയില്‍നിന്നും പ്രവേശനം നേടിയവരുടെ പട്ടിക വാങ്ങിയപ്പോഴാണ് ക്രമക്കേട് പുറത്തായത്. 3042-ാംറാങ്കുള്ളവര്‍വരെ പുറത്തിരിക്കുമ്പോള്‍ 12,063 റാങ്കുള്ളവര്‍ക്കുപോലും ജനറല്‍ ക്വാട്ടയില്‍ കേരള കാര്‍ഷികസര്‍വകലാശാലയില്‍ സീറ്റ് ലഭിച്ചിട്ടുണ്ട്. ഉയര്‍ന്ന റാങ്ക് നേടിയവരെ ജനറല്‍ ക്വാട്ടയില്‍ പരിഗണിക്കാതെ സംവരണക്വാട്ടയില്‍ അഡ്മിഷന്‍ നല്‍കിയതായും ആരോപണമുണ്ട്. 12,000ത്തിനുമുകളില്‍ റാങ്കുള്ളവര്‍ക്കുപോലും ജനറല്‍ ക്വാട്ടയില്‍ അഡ്മിഷന്‍ നല്‍കിയപ്പോള്‍, 330ാംറാങ്കുള്ളയാള്‍ക്ക് ഒ.ബി.സി. ക്വാട്ടയിലായിരുന്നു അഡ്മിഷന്‍.

രാജ്യത്തെ ബി.എസ്‌സി. അഗ്രികള്‍ച്ചര്‍, ഹോര്‍ട്ടികള്‍ച്ചര്‍ തുടങ്ങിയ 12 യു.ജി. കോഴ്‌സുകളിലേക്കാണ് സി.യു.ഇ.ടി. പരീക്ഷയിലെ നിശ്ചിതവിഷയങ്ങളുടെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഐ.സി.എ.ആര്‍. അലോട്ട്‌മെന്റ് നടത്തിയത്. സംസ്ഥാനങ്ങളിലെ കാര്‍ഷികസര്‍വകലാശാലകളിലെ 20 ശതമാനം സീറ്റുകളിലേക്കും ചില സര്‍വകലാശാലകളിലെ മുഴുവന്‍ കോഴ്‌സുകളിലേക്കും ഈ പട്ടികയില്‍നിന്നാണ് അഡ്മിഷന്‍ നടത്തുന്നത്. കേരള കാര്‍ഷികസര്‍വകലാശാലയിലെ 71 സീറ്റുകള്‍ ഇതില്‍നിന്നാണ് നികത്തുന്നത്.

മറ്റ് സര്‍വകലാശാലകളിലേക്ക് നടന്ന അലോട്ട്‌മെന്റുകളിലും സമാനമായ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് രക്ഷിതാക്കള്‍ സംശയിക്കുന്നുണ്ട്. സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലാണ് നാല് മുഖ്യ അലോട്ട്‌മെന്റുകളടക്കം അഞ്ച് അലോട്ട്‌മെന്റുകള്‍ നടത്തിയത്. അലോട്ട്‌മെന്റ് കാര്‍ഡില്‍ റാങ്ക് രേഖപ്പെടുത്തിയിരുന്നെങ്കിലും ട്രയല്‍ അലോട്ട്‌മെന്റ്, റാങ്ക് ലിസ്റ്റ് എന്നിവയില്ലാതെ നേരിട്ടാണ് അലോട്ട്‌മെന്റ് നടത്തിയത്. കഴിഞ്ഞവര്‍ഷം അഡ്മിഷന്‍ നേടിയവരുടെ റാങ്ക് ഉണ്ടായിട്ടും ഈവര്‍ഷം പലര്‍ക്കും അഡ്മിഷന്‍ കിട്ടാത്തതാണ് സംശയമുണ്ടാക്കിയത്.

റാങ്ക്പട്ടികയില്ലാത്തതിനാല്‍ തങ്ങളെക്കാള്‍ കുറഞ്ഞ റാങ്ക് നേടിയവര്‍ അഡ്മിഷന്‍ നേടിയത് പലരും അറിഞ്ഞില്ല. റാങ്ക്പട്ടികയ്ക്കായി വിവരാവകാശനിയമപ്രകാരം അപേക്ഷ നല്‍കിയെങ്കിലും മാസങ്ങള്‍ക്കുശേഷം, അഡ്മിഷന്‍ നേടിയവരുടെ പട്ടികമാത്രമാണ് ഐ.സി.എ.ആര്‍. നല്‍കിയത്. റാങ്ക്പട്ടികയിലെ അട്ടിമറി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര കൃഷിവകുപ്പുമന്ത്രി ശിവരാജ്‌സിങ് ചൗഹാനും ഐ.സി.എ.ആര്‍. ഇന്റേണല്‍ വിജിലന്‍സിനും രക്ഷിതാക്കള്‍ പരാതി നല്‍കിയിട്ടും ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നും പരാതിയുണ്ട്.