തിരുവനന്തപുരം, കോഴിക്കോട് സർക്കാർ ഹോമിയോപ്പതി മെഡിക്കൽ കോളേജുകളിൽ ഒരുവർഷത്തെ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഫാർമസി(ഹോമിയോപ്പതി) പ്രോഗ്രാമിലെ പ്രവേശനത്തിന് എൽ.ബി.എസ്. സെൻറർ ഫോർ സയൻസ് ആൻഡ് ടെക്നോളജി അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ആൻഡ് കൺട്രോളിങ് ഓഫീസർക്കാണ് പ്രവേശനനടപടികളുടെ മേൽനോട്ടം. ട്യൂഷൻ ഫീ 5000 രൂപ.

To advertise here,

സീറ്റുകൾ

ഓരോ കോളേജിലും 50 വീതം സീറ്റുണ്ട്. അഞ്ച് സീറ്റുവീതം സർവീസ് ക്വാട്ട വിഭാഗത്തിൽ സംവരണം ചെയ്തിട്ടുണ്ട്.

അപേക്ഷകർ ഇന്ത്യക്കാരായിരിക്കണം. പി.ഐ.ഒ./ഒ.സി.ഐ. കാർഡുള്ളവർക്കും അപേക്ഷിക്കാം. കേരളീയരെയും കേരളിയേതരെയും പരിഗണിക്കും.

അപേക്ഷാർഥി/അപേക്ഷാർഥിയുടെ അച്ഛൻ/അമ്മ കേരളത്തിലാണ് ജനിച്ചതെങ്കിൽ അപേക്ഷാർഥിയെ കേരളീയനായി കണക്കാക്കും. നിശ്ചിത മാനദണ്ഡങ്ങൾ തൃപ്തിപ്പെടുത്തുന്ന മറ്റുള്ളവരെ കേരളീയേതരൻ വിഭാഗത്തിൽ പരിഗണിക്കും. സംവരണവ്യവസ്ഥകൾ, വിവിധ വിഭാഗക്കാർ, അവകാശവാദങ്ങൾക്കായി നൽകേണ്ട രേഖകളുടെ വിവരങ്ങൾ തുടങ്ങിയവയുടെ വിശദാംശങ്ങൾ പ്രോസ്പെക്ടസിൽ ലഭിക്കും.

യോഗ്യത

അംഗീകൃത സ്ഥാപനത്തിൽനിന്നു സംസ്ഥാന ബോർഡുകൾ നടത്തുന്ന എസ്.എസ്.എൽ.സി./തത്തുല്യ പരീക്ഷ 50 ശതമാനം മാർക്കോടെ ജയിച്ചിരിക്കണം.

അപേക്ഷ നൽകുന്നതിനുമുൻപ്‌ വിദ്യാഭ്യാസ യോഗ്യത നേടിയിരിക്കണം.

2026 ജനുവരി ഒന്നിന് 17 വയസ്സ് പൂർത്തിയാക്കിയിരിക്കണം. ഉയർന്ന പ്രായപരിധി അപേക്ഷ നൽകേണ്ട അവസാന തീയതിയിൽ, ജനറൽ വിഭാഗക്കാർക്ക് 33 വയസ്സും സർവീസ് ക്വാട്ടക്കാർക്ക് 48 വയസ്സും ആയിരിക്കും.

അപേക്ഷ

www.lbscentre.kerala.gov.in വഴി ഏപ്രിൽ 22-ന് വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം. രണ്ടു കോളേജുകളിലേക്കും ഒരു അപേക്ഷ മതി. അപേക്ഷാ ഫീസ് 400 രൂപ. പട്ടികവിഭാഗത്തിന് 200 രൂപയും. തുക ഓൺലൈൻ ആയോ വെബ്സൈറ്റിൽനിന്നു ഡൗൺലോഡു ചെയ്തെടുക്കാവുന്ന ചലാൻ വഴി കേരളത്തിലെ ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖയിലോ ഏപ്രിൽ 20 വരെ അടയ്ക്കാം.

സർവീസ് ക്വാട്ട അപേക്ഷകർ ട്രഷറിയിലാണ് അപേക്ഷാഫീസ് അടയ്ക്കേണ്ടത്. ഇവർ ഓപ്പൺ ക്വാട്ടയിലും അപേക്ഷിക്കുന്നപക്ഷം, ട്രഷറി വഴി ഫീസ് അടയ്ക്കുന്നതു കൂടാതെ ചലാൻ വഴി ഓപ്പൺ വിഭാഗക്കാർക്കെന്നപ്പോലെ ഫീസ് അടയ്ക്കണം.

സർവീസ് വിഭാഗക്കാർ വെബ്സൈറ്റിലെ/പ്രോസ്പെക്ടസിലെ നിർദേശങ്ങൾ പ്രകാരം അപേക്ഷ നൽകി അതിന്റെ പ്രിൻറ് ഔട്ടും അനുബന്ധ രേഖകളും ‘ദി പ്രിൻസിപ്പൽ ആൻഡ് കൺട്രോളിങ് ഓഫീസർ, ഗവൺമെൻറ് ഹോമിയോപ്പതി മെഡിക്കൽ കോളേജ്, മണക്കാട് പി.ഒ, തിരുവനന്തപുരം 695005’ എന്ന വിലാസത്തിലേക്ക് സമയപരിധിക്കകം ലഭിക്കത്തക്കവിധം അയക്കണം.

യോഗ്യതാപരീക്ഷാ മാർക്ക് അടിസ്ഥാനമാക്കിയാണ് റാങ്ക് പട്ടിക തയ്യാറാക്കുക. സർവീസ് സീനിയോറിറ്റി അടിസ്ഥാനമാക്കിയാണ് സർവീസ് വിഭാഗക്കാരെ റാങ്ക് ചെയ്യുന്നത്. എൽ.ബി.എസ്. നടത്തുന്ന കേന്ദ്രീകൃത അലോട്മെൻറ് വഴിയാണ് പ്രവേശനം.