തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളില്‍ കുട്ടികള്‍ കുറയുന്നുവെന്ന് പ്രചാരണം നടത്തുന്നത് കണക്കുകളെ തെറ്റായി വ്യാഖ്യാനിച്ചുകൊണ്ടാണെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി പ്രസ്താവനയിൽ പറഞ്ഞു. യാഥാര്‍ഥ്യബോധത്തോടെ വസ്തുതകൾ വിശകലനം ചെയ്ത് അവതരിപ്പിക്കണമെങ്കില്‍ കണക്കുകളെ സമഗ്രമായി കാണേണ്ടതുണ്ടെന്നും ശാസ്ത്രീയമായ വിശകലനത്തിന്റെ അഭാവം ഇപ്പോൾ ഉയരുന്ന ആശങ്കകളിൽ ഉണ്ടെന്നും മന്ത്രി പറഞ്ഞു.
മന്ത്രിയുടെ വിശദീകരണം: 15 വര്‍ഷം മുമ്പ് ജനിച്ച കുട്ടികളാണ് 2024 മാര്‍ച്ചില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതി പത്താം ക്ലാസ് വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചത്. 2009 ല്‍ രജിസ്റ്റര്‍ ചെയ്ത ജനനം 5.5 ലക്ഷം വരും. അതായത് ക്രൂഡ് ബര്‍ത്ത് റേറ്റ് പതിനാറാണ്. ഇവരാണ് 2014 ല്‍ ഒന്നാം ക്ലാസില്‍ എത്തിയത്. ഇപ്പോള്‍ ഒന്നാം ക്ലാസില്‍ എത്തുന്നത് 2019ൽ ജനിച്ച കുട്ടികളാണ്. 2019-ലെ ജനന രജിസ്റ്റര്‍ പ്രകാരം ജനിച്ച കുട്ടികളുടെ എണ്ണം 4.8 ലക്ഷം ആണ്. ക്രൂഡ് ബര്‍ത്ത് റേറ്റ് 13.9 ആണ്. അതായത് 2009 നെ അപേക്ഷിച്ച് 2019 ല്‍ 70000 കുട്ടികളുടെ കുറവ് ജനനത്തില്‍ ഉണ്ടായി. ഇത് സ്വാഭാവികമായും സ്കൂള്‍ പ്രവേശനത്തെയും ബാധിക്കും.
2024 മാര്‍ച്ചില്‍ 4.03 ലക്ഷം കുട്ടികള്‍ പൊതുവിദ്യാലയങ്ങളായ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളില്‍ നിന്നും പത്താം ക്ലാസ് പഠനം പൂര്‍ത്തിയാക്കി അടുത്തഘട്ട വിദ്യാഭ്യാസത്തിന് പോയി. 2024 ജൂണില്‍ ഒന്നാം ക്ലാസില്‍ ചേര്‍ന്നത് 2.51 ലക്ഷം കുട്ടികളാണ്. കേരളത്തില്‍ ജനനം രജിസ്റ്റര്‍ ചെയ്ത എല്ലാ കുട്ടികളും ഇവിടെ തന്നെ പഠിക്കണമെന്നില്ല. അതുപോലെ മറ്റു സംസ്ഥാനങ്ങളില്‍ ജനിച്ച കുട്ടികള്‍ കേരളത്തില്‍ വരുന്നുമുണ്ട്. ഇതൊന്നും പരിഗണിക്കാതെ കഴിഞ്ഞ വര്‍ഷത്തെ ആകെ കുട്ടികള്‍, ഈ വര്‍ഷത്തെ ആകെ കുട്ടികള്‍ എന്ന നിലയില്‍ കണക്കുകൂട്ടി പറയുന്നത് ശാസ്ത്രീയമല്ല.
കഴിഞ്ഞവർഷം ഒന്നു മുതൽ ഒമ്പത് വരെയുള്ള ക്ലാസുകളിൽ പഠിച്ച കുട്ടികളാണ് ഈ വർഷം രണ്ടു മുതൽ 10 വരെ ക്ലാസുകളിലായി പഠിക്കുന്നത്. പൊതുവിദ്യാലയങ്ങൾ ആയ സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിൽ കഴിഞ്ഞ അക്കാദമിക വർഷം ഒന്നു മുതൽ 9 വരെ ക്ലാസ്സുകളിൽ 30.02 ലക്ഷം കുട്ടികളാണ് പഠിച്ചിരുന്നത്. ഈ അക്കാദമിക് വർഷം അവർ രണ്ട് മുതൽ 10 വരെ ക്ലാസുകളിലായി ഉണ്ടാകണം. ഇല്ലെങ്കിൽ പ്രശ്നത്തെ ഗൗരവമായി കാണേണ്ടി വരും. എന്നാൽ കണക്കുകൾ ചൂണ്ടിക്കാട്ടുന്നത് ഈ അക്കാദമിക വർഷം രണ്ട് മുതൽ പത്ത് വരെ ക്ലാസുകളിലായി 30.37 ലക്ഷം കുട്ടികൾ പൊതുവിദ്യാലയങ്ങളിലുണ്ട് എന്നാണ്. അതായത് 35000 കുട്ടികൾ കൂടുതലായി പൊതുവിദ്യാലയങ്ങളിൽ ഈ വർഷം കഴിഞ്ഞ വർഷത്തേക്കാൾ അധികമായി പുതുതായി എത്തിച്ചേർന്നിട്ടുണ്ട്.
ഇനി സർക്കാർ വിദ്യാലയങ്ങളുടെ കാര്യം നോക്കാം. ലോവർ പ്രൈമറി ഘട്ടം സർക്കാർ സ്കൂളിൽ പഠനം പൂർത്തീകരിക്കുന്ന കുട്ടികൾ തൊട്ടടുത്ത എയ്ഡഡ് സ്കൂളിൽ അപ്പർ പ്രൈമറി പഠനത്തിനായി ചേരുന്നുണ്ടാകാം. അതനുസരിച്ചുള്ള കുറവ് സർക്കാർ വിദ്യാലയങ്ങളിൽ കാണുന്നു. ഇത് കാലാകാലങ്ങളിൽ പ്രകടമാകുന്ന പ്രവണതയാണ്. പോയ വർഷങ്ങളിലെ സ്ഥിതിവിവര കണക്കുകൾ പരിശോധിച്ചാൽ ഇത് വ്യക്തമാകും. 2023-24 അക്കാദമിക വർഷം 10.76 ലക്ഷം കുട്ടികളാണ് സർക്കാർ വിദ്യാലയങ്ങളിൽ ഒന്നു മുതൽ ഒമ്പത് ക്ലാസ്സുകളിൽ ഉണ്ടായിരുന്നത്. ഇത് 2024 -25 ൽ 10.68 ലക്ഷമായി കുറഞ്ഞിട്ടുണ്ട്. ഏതാണ്ട് 8000 കുട്ടികളുടെ കുറവ്. തൊട്ടു മുൻവർഷവും 5000 കുട്ടികളുടെ കുറവുണ്ടായിരുന്നു. കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിന്യാസം ഇടകലർന്ന് ആയതിനാൽ സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളെ ഒരു യൂണിറ്റായി പരിഗണിച്ചുകൊണ്ട് മാത്രമേ കുട്ടികളുടെ എണ്ണത്തെ പരിഗണിക്കാൻ കഴിയൂ-മന്ത്രി പറഞ്ഞു.
Content Highlights: Minister clarifies that reports of declining student numbers in public schools are mislead
Published: 24 Oct 2024, 07:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented