കാസർകോട്: സമയമാറ്റവും സമയക്കുറവും കാരണം അഞ്ചുമുതൽ ഒൻപതുവരെ ക്ലാസുകളിലെ വിദ്യാർഥികൾക്കായി പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന പഠനപിന്തുണാ പരിപാടി ഇക്കുറി പാളും. ഏപ്രിൽ 27 വരെ ആറുദിവസം രാവിലെ 9.30 മുതൽ 12.30 വരെ പരിപാടി നടപ്പാക്കാനാണ് നിർദേശം. എന്നാൽ കടുത്ത വേനൽച്ചൂട് കണക്കിലെടുത്ത് ക്ലാസുകൾ രാവിലെ 10.30-ന് അവസാനിക്കുന്ന രീതിയിൽ ക്രമപ്പെടുത്തണമെന്ന് ബാലാവകാശ കമ്മിഷൻ നിർദേശിച്ചതോടെ ക്ലാസ് സമയം രാവിലെ 7.30 മുതൽ 10.30 വരെയായി പുനഃക്രമീകരിച്ചു. ഇത് അപ്രായോഗികമാണെന്ന് വ്യക്തമാക്കി അധ്യാപക സംഘടനകൾ എതിർപ്പുമായെത്തിയതോടെ പദ്ധതി പാളുമെന്ന് ഉറപ്പായി.
വാർഷിക മൂല്യനിർണയത്തിന്റെ അടിസ്ഥാനത്തിൽ പഠനത്തിൽ പിന്നിലാണെന്ന് കണ്ടെത്തുന്ന വിഷയങ്ങളിലാണ് വിദ്യാർഥികൾക്ക് പഠനപിന്തുണാ പരിപാടി നടപ്പാക്കുന്നത്. കഴിഞ്ഞ അധ്യയനവർഷം എട്ട്, ഒൻപത് ക്ലാസുകളിൽ മാത്രം നടത്തിയ പരിപാടി ഈ വർഷം അഞ്ചുമുതൽ ഏഴുവരെയുള്ള ക്ലാസുകളിലേക്കുകൂടി വ്യാപിപ്പിക്കുകയായിരുന്നു. ഒാരോ വിദ്യാർഥിയും വ്യത്യസ്ത വിഷയങ്ങളിലാകും പിന്നാക്കം പോയിട്ടുണ്ടാകുക. ഐ.ടി. ഒഴികെ ഒൻപത് വിഷയങ്ങളിലാണ് ക്ലാസ് നടത്തേണ്ടത്. ആറുദിവസം ക്ലാസ് നടത്തിയാലും ബന്ധപ്പെട്ട വിഷയത്തിൽ ഒന്നോ രണ്ടോ ക്ലാസ് മാത്രമാകും ഒാരോ വിദ്യാർഥിക്കും ലഭിക്കുക. അതിനാൽ വിദ്യാർഥികൾക്ക് കാര്യമായ പ്രയോജനമുണ്ടാകില്ല. ഹൈസ്കൂൾ അധ്യാപകരിൽ ഭൂരിഭാഗവും മൂല്യനിർണയ ക്യാമ്പുകളിലുമാണ്.
ക്ലാസ് സമയം രാവിലെ 7.30 മുതൽ 10.30 വരെയാക്കിയതും ഗുണത്തിനുപകരം ദോഷമായി. അവധിക്കാലമായതിനാൽ സ്കൂൾ ബസുകളോ വിദ്യാർഥികളുമായി പോകുന്ന സ്വകാര്യ വാഹനങ്ങളോ ഇപ്പോൾ സർവീസ് നടത്തുന്നില്ല. അതിനാൽ ദൂരെയുള്ള പല വിദ്യാർഥികൾക്കും അധ്യാപകർക്കും പൊതുഗതാഗത സംവിധാനത്തെ ആശ്രയിക്കേണ്ടിവരും. പല സ്ഥലങ്ങളിലും ഇത്ര രാവിലെ പൊതുഗതാഗതസൗകര്യം ലഭ്യമല്ല. മാത്രമല്ല, 10.30-ന് ക്ലാസ് കഴിഞ്ഞാലും വിദ്യാർഥികൾക്ക് വാഹനത്തിനായി കടുത്ത ചൂടിൽ കാത്തിരിക്കേണ്ടിവരും.
എതിർപ്പുമായി അധ്യാപക സംഘടനകൾ
പഠനപിന്തുണ പരിപാടിയുടെ അപ്രായോഗിക നടത്തിപ്പിനെ വിവിധ അധ്യാപക സംഘടനകളും എതിർക്കുകയാണ്. മധ്യവേനലവധിക്കാലത്ത് നടത്തുന്ന പഠനപിന്തുണാ ക്ലാസുകൾ ബഹിഷ്കരിക്കാനാണ് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്‌സ് അസോസിയേഷന്റെ തീരുമാനം. അപ്രായോഗിക തീരുമാനം പിൻവലിക്കണമെന്ന് ഓൾ കേരള സ്കൂൾ ടീച്ചേഴ്‌സ് യൂണിയൻ ആവശ്യപ്പെട്ടു. ഇപ്പോൾ നിശ്ചയിച്ച അപ്രായോഗിക സമയക്രമം മാറ്റി ഉചിതമായ തീരുമാനമെടുക്കണമെന്ന് കെ.എസ്.ടി.എ.യും നിർദേശിച്ചു.
പരിഹാരം ബ്രിഡ്ജ് കോഴ്സ്
പഠനത്തിൽ പിന്നിലുള്ള വിദ്യാർഥികൾക്കായി സ്കൂൾ തുറന്നശേഷം രാവിലെ പതിവുസമയത്തിനുമുമ്പ് ഒരാഴ്ച ഒരുമണിക്കൂർ ബ്രിഡ്ജ് കോഴ്സ് നൽകുകയാണെങ്കിൽ കൂടുതൽ പ്രയോജനപ്പെടുമെന്ന് അധ്യാപകർ പറയുന്നു. ഇതാകുമ്പോൾ വേനൽച്ചൂടോ യാത്രപ്രശ്നമോ അവധിക്കാലം നഷ്ടമാകുമെന്ന പ്രയാസമോ ഇല്ല. വിദ്യാർഥികൾക്ക് ബന്ധപ്പെട്ട വിഷയത്തിൽ കൂടുതൽ ക്ലാസുകൾ ലഭിക്കുകയും ചെയ്യും.
Published: 21 Apr 2026, 07:42 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented