മലപ്പുറം: ഫിൻലൻഡിലെ കുട്ടികൾക്ക് ട്യൂഷനെടുക്കാൻ അരീക്കോട് ആസ്ഥാനമായ കൂട്ടായ്മയ്ക്ക് ക്ഷണം. ഒരു കുട്ടിക്ക് ഒരധ്യാപകൻ (വൺ ടു വൺ) എന്ന രീതിയിൽ ഓൺലൈൻ ട്യൂഷൻ സൗകര്യമൊരുക്കുന്ന ഇന്റർവെൽ എന്ന വിദ്യാഭ്യാസ ടെക്‌നോളജി സ്റ്റാർട്ടപ്പിനാണ് നേട്ടം. ഇരുപത്തേഴുകാരനായ റമീസ് അലിയാണ് സംരംഭത്തിന്റെ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ (സി.ഇ.ഒ.). കൂട്ടുകാരായ നാജിം ഇല്യാസ്, ഒ.കെ. സനാഫിർ, ഷിബിലി അമീൻ, തടത്തിൽ അസ്‌ലഹ് എന്നിവർക്കൊപ്പമാണ് സ്റ്റാർട്ടപ്പ് തുടങ്ങിയത്. മലപ്പുറത്തെ ഗ്രാമപ്രദേശത്തുനിന്ന് യൂറോപ്പിലേക്കടക്കം വളരാമെന്ന പ്രചോദനംകൂടി പകരുന്നതാണ് ഈ അരീക്കോടൻ സംഘത്തിന്റെ യാത്ര.

To advertise here,

വിദ്യാഭ്യാസമേഖലയെ സാമൂഹികസേവന മാർഗമായി കണ്ടാണ് ഈ ചെറുപ്പക്കാരുടെ പ്രവർത്തനം. പഠനകാലത്തുതന്നെ ട്യൂഷനെടുത്തിരുന്നു. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് കൗൺസലിങ് കൊടുത്തായിരുന്നു തുടക്കം. പിന്നീട് ഒരു കുട്ടിക്ക് ഒരധ്യാപകൻ എന്ന രീതിയിൽ ഓൺലൈൻ ട്യൂഷനിലേക്കു മാറി. അത് കുറഞ്ഞസമയംകൊണ്ട് കൂടുതൽ ഫലമുണ്ടാക്കുന്നതായി തിരിച്ചറിഞ്ഞ് 2021-ലാണ് സ്റ്റാർട്ടപ്പ് കമ്പനിയാക്കിയത്.

placeholder
മലപ്പുറം അരീക്കോട്ടെ 'ഇന്റർവെൽ' സ്റ്റാർട്ടപ്പ് ആസ്ഥാനത്തിനു മുൻപിൽ സി.ഇ.ഒ. റമീസ് അലിയും ജീവനക്കാരും | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ
മലപ്പുറം അരീക്കോട്ടെ 'ഇന്റർവെൽ' സ്റ്റാർട്ടപ്പ് ആസ്ഥാനത്തിനു മുൻപിൽ സി.ഇ.ഒ. റമീസ് അലിയും ജീവനക്കാരും | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ

കുറഞ്ഞ ചെലവിൽ ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകുകയാണു ലക്ഷ്യമെന്ന് റമീസ് അലി പറയുന്നു. വിദ്യാർഥികളും അധ്യാപകരും ആപ്പ് വഴി വീട്ടിലിരുന്നുതന്നെയാണ് ‘ക്ലാസിൽ’ കയറുന്നത്. കുട്ടികളുടെ അക്കാദമിക, മനഃശാസ്ത്ര നിലവാരം വിലയിരുത്തി ഓരോരുത്തർക്കും അനുയോജ്യമായ കരിക്കുലമാണ് നൽകുന്നത്. ഒന്നുമുതൽ 12 മാസം വരെയാണ് കോഴ്‌സ് കാലയളവ്. വ്യക്തിഗത ട്യൂഷൻ രീതിക്ക്‌ വലിയ സ്വീകാര്യത ലഭിച്ചതോടെ കൂട്ടായ്മയും വളർന്നു.

അരീക്കോട്ട് 150 ചതുരശ്രയടിയിൽ തുടങ്ങിയ സ്ഥാപനത്തിന്റെ ആസ്ഥാനം ഈമാസം 30,000 ചതുരശ്രയടിയുള്ള ആറുനിലക്കെട്ടിടത്തിലേക്കു മാറും. അതിനിടെ ദുബായിലേക്കും പ്രവർത്തനം വ്യാപിപ്പിച്ചു. രാജ്യത്തിനു പുറത്തുനിന്നടക്കം 5000 പഠിതാക്കളും 4000 അധ്യാപകരുമുണ്ടിപ്പോൾ. 268 മുഴുവൻസമയ ജീവനക്കാരും. അധ്യാപകരിൽ 97 ശതമാനവും സ്ത്രീകളാണ്. ആദ്യവർഷം 1.5 കോടി രൂപയായിരുന്നു വരുമാനം. കഴിഞ്ഞ സാമ്പത്തികവർഷം എട്ടുകോടിയും. ഈ വർഷം ഇതുവരെ ഏഴുകോടിയായി.

കഴിഞ്ഞമാസം ഫിൻലൻഡിൽ നടന്ന ‘എക്‌സ്പീരിയൻ ടാംപെറി’ ടെക്-സ്റ്റാർട്ടപ്പ് സംഗമത്തിൽ റമീസ് അലി പങ്കെടുത്തിരുന്നു. ഇന്ത്യയിൽനിന്നുള്ള ഏക പ്രതിനിധിയായിരുന്നു റമീസ്. അതിൽ അവതരിപ്പിച്ച പദ്ധതി അംഗീകരിച്ച് ഫിൻലൻഡിലെ ടാംപെറി സിറ്റി സർക്കാരാണ് ഇവരെ ക്ഷണിച്ചത്.“ഫിൻലൻഡ് വഴി യൂറോപ്പിലേക്ക് പ്രവർത്തനം വ്യാപിക്കുകയാണു ലക്ഷ്യം. അവിടെ പാഠ്യവിഷയങ്ങളേക്കാൾ കുട്ടികളെ സന്തോഷമുള്ളവരാക്കാനാണ് മുൻഗണന” -റമീസ് അലി പറയുന്നു.