കേരളത്തിലെ മെഡിക്കൽ പി.ജി. പ്രവേശനത്തിന്, സെപ്റ്റംബർ 29-ന് വൈകീട്ട് നാലുവരെ www.cee.kerala.gov.in വഴി ഓപ്ഷനുകൾ രജിസ്റ്റർചെയ്യാം. ഓപ്ഷൻ രജിസ്റ്റർചെയ്യാൻ ആദ്യം 10,000 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റ് അടയ്ക്കണം. ഫീസ് സൗജന്യത്തിന് അർഹതയുള്ളവർക്ക് ഇത് 5000 രൂപയാണ്.

To advertise here,

ആദ്യഘട്ടത്തിൽ രജിസ്റ്റർചെയ്യുന്ന ഓപ്ഷനുകളായിരിക്കും രണ്ടാംഘട്ടത്തിലും പരിഗണിക്കുക. രണ്ടാംഘട്ടത്തിലേക്ക് പുതുതായി ഓപ്ഷൻ രജിസ്‌ട്രേഷൻ ഉണ്ടായിരിക്കില്ല. എന്നാൽ, ഒന്നാംഘട്ടത്തിനുശേഷമുള്ള ഓപ്ഷനുകളുടെ കൺഫർമേഷൻ/ഡിലീഷൻ/റീ-അറേഞ്ച്മെന്റ് എന്നീ സൗകര്യങ്ങൾ രണ്ടാംഘട്ടത്തിൽ ഉണ്ടായിരിക്കും.

സ്വാശ്രയകോളേജുകളിലെ മൈനോറിറ്റി/എൻ.ആർ.ഐ. സീറ്റുകളിലേക്ക് പ്രവേശനം തേടുന്നവർ, അവയിൽ താത്പര്യമുള്ള ഓപ്ഷനുകൾ ഇപ്പോൾ രജിസ്റ്റർചെയ്യണം. അപേക്ഷകരുടെ ഓപ്ഷനുകൾ, സംവരണാനുകൂല്യം എന്നിവയും സീറ്റ് ലഭ്യതയും പരിഗണിച്ച് അലോട്‌മെന്റ് നടത്തും.

ഫ്രീ എക്സിറ്റ്

ആദ്യഘട്ട കൗൺസലിങ്ങിൽ അപേക്ഷകർക്ക് ഫ്രീ എക്സിറ്റ് സൗകര്യമുണ്ടായിരിക്കും. ആദ്യഘട്ടത്തിൽ അലോട്‌മെന്റ്/അഡ്മിഷൻ ഉള്ളവർക്ക് പിഴയൊന്നും നൽകാതെ സീറ്റ് വേണ്ടെന്നുവെക്കാവുന്നതാണ്. സെക്യൂരിറ്റി ഡെപ്പോസിറ്റ് നഷ്ടപ്പെടില്ല. എന്നാൽ, ആദ്യഘട്ടത്തിൽ അലോട്ചെയ്ത സീറ്റിൽ പ്രവേശനം നേടാതിരിക്കുകയോ ആദ്യ അലോട്‌മെന്റ് പ്രകാരം പ്രവേശനം നേടിയ സീറ്റ് ഉപേക്ഷിക്കുകയോ ചെയ്യുന്നവരെ രണ്ടാംഘട്ട അലോട്‌മെന്റിന് പരിഗണിക്കില്ല. അവരുടെ അവശേഷിക്കുന്ന ഓപ്ഷനുകൾ റദ്ദാക്കും. എന്നാൽ, അവർക്ക് പുതിയ ഓപ്ഷനുകൾ നൽകി മോപ് അപ് റൗണ്ടിൽ പങ്കെടുക്കാം.

ആദ്യഘട്ടത്തിൽ അലോട്‌മെന്റ് ലഭിച്ച്, അഡ്മിഷൻ എടുക്കുന്നവരുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് കോളേജിൽ അടയ്ക്കേണ്ട ട്യൂഷൻഫീസിൽ വകവെക്കും. ആദ്യഘട്ടത്തിലോ തുടർഘട്ടങ്ങളിലോ അലോട്‌മെന്റ് ലഭിക്കാത്തവർക്ക് കൗൺസലിങ് പ്രക്രിയ പൂർത്തിയായശേഷം സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരികെനൽകും.

രണ്ടാംഘട്ട അലോട്‌മെന്റ്

രണ്ടാംഘട്ടത്തിൽ അലോട്‌മെന്റ് ലഭിക്കുന്നവർ അതിൽ പ്രവേശനം നേടാതിരിക്കുകയോ ഒന്നാമത്തെയോ രണ്ടാമത്തെയോ അലോട്‌മെന്റ് പ്രകാരം പ്രവേശനം നേടിയ സീറ്റ് രണ്ടാംഘട്ടത്തിനുശേഷം മോപ് അപ് റൗണ്ട് നോട്ടിഫിക്കേഷനുമുമ്പ് വേണ്ടെന്നുവെക്കുകയോ ചെയ്താൽ സെക്യൂരിറ്റി ഡെപ്പോസിറ്റ് നഷ്ടപ്പെടും.

മോപ് അപ് റൗണ്ട് വിജ്ഞാപനത്തിനുശേഷമാണ് സീറ്റ് ഉപേക്ഷിക്കുന്നതെങ്കിൽ സെക്യൂരിറ്റി ഡെപ്പോസിറ്റും കോഴ്‌സിന്റെ പ്രതിവർഷ ട്യൂഷൻഫീസിന്റെ പത്തുശതമാനവും പരീക്ഷാർഥിക്ക് നഷ്ടമാകും.