
കേരളത്തിലെ മെഡിക്കൽ പി.ജി. കോഴ്‌സുകളിലെ പ്രവേശനത്തിന് നവംബർ 23-ന് വൈകീട്ട് അഞ്ചുവരെ www.cee.kerala.gov.in വഴി ഓപ്ഷനുകൾ രജിസ്റ്റർചെയ്യാം. സർക്കാർമേഖലയിലെ ഒൻപത് മെഡിക്കൽ കോളേജുകളിലെയും (തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, എറണാകുളം, കൊല്ലം, മഞ്ചേരി) തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിലെയും 18 സ്വകാര്യ-സ്വാശ്രയ മെഡിക്കൽ കോളേജുകളിലെയും പി.ജി. മെഡിക്കൽ സീറ്റുകളിലേക്കാണ് പ്രവേശനം. കോളേജുകളുടെ പൂർണ പട്ടിക വിജ്ഞാപനത്തിലുണ്ട്. സർക്കാർ അംഗീകരിച്ച സീറ്റ് സീറ്റ് മട്രിക്സ് വെബ് സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
വ്യവസ്ഥകൾ
• ഓപ്ഷൻ രജിസ്റ്റർചെയ്യാൻ ആദ്യം 10,000 രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റ് അടയ്ക്കണം. പട്ടിക/ഒ.ഇ.സി./ഫീസിളവിന് അർഹതയുള്ളവർ തുടങ്ങിയവർക്ക് ഇത് 5000 രൂപയാണ്. ഈ തുക തിരികെലഭിക്കാൻ അർഹതയുള്ളവർക്ക് അലോട്മെന്റ് പ്രക്രിയ പൂർത്തിയായശേഷം തിരികെ നൽകും.
• പ്രക്രിയയിൽ ഉൾപ്പെട്ടിട്ടുള്ള കോളേജ്, സ്പെഷ്യലൈസേഷൻ, സീറ്റ് ടൈപ്പ്, ഫീസ് ഘടന എന്നിവ വ്യക്തമാക്കുന്ന പട്ടിക ഓപ്ഷൻ രജിസ്‌ട്രേഷൻ പേജിൽ കാണാം. ഈ ഘടകങ്ങൾ ചേരുന്നതാണ് ഒരു ഓപ്ഷൻ. താത്‌പര്യമുള്ള ഓപ്ഷനുകൾ തിരഞ്ഞെടുത്ത് മുൻഗണന നിശ്ചയിച്ച് രജിസ്റ്റർ ചെയ്യുന്ന പ്രക്രിയയാണ് ഓപ്ഷൻ രജിസ്‌ട്രേഷൻ.
• ലഭ്യമായ ഓപ്ഷനുകളിൽ താത്‌പര്യമുള്ള എല്ലാം രജിസ്റ്റർ ചെയ്യാം. രജിസ്റ്റർചെയ്യുന്നവമാത്രമേ അലോട്മെന്റിനായി പരിഗണിക്കൂ. ഒന്നാമത്തെ ഓപ്ഷനാണ് ആദ്യം. അത് ലഭിച്ചില്ലെങ്കിൽമാത്രം രണ്ടാം ഓപ്ഷൻ. ഈ രീതി തുടരും. ഏതെങ്കിലും ഒരു ഓപ്ഷൻ അനുവദിക്കപ്പെട്ടാൽ അതിനുതാഴെയുള്ള ഓപ്ഷനുകൾ പരിഗണിക്കില്ല. അവ റദ്ദാക്കപ്പെടും. അലോട്മെന്റ് ലഭിച്ചാൽ പ്രവേശനം നേടുമെന്ന് ഉറപ്പുള്ള ഓപ്ഷനുകൾമാത്രം രജിസ്റ്റർ ചെയ്യണം.
• സ്വാശ്രയ കോളേജുകളിലെ മൈനോറിറ്റി/എൻ.ആർ.ഐ. സീറ്റുകളിലേക്ക് പ്രവേശനം തേടുന്നവർ, അവയിൽ താത്‌പര്യമുള്ള ഓപ്ഷനുകൾ ഇപ്പോൾ രജിസ്റ്റർ ചെയ്യണം. ഈ വിഭാഗങ്ങളിലെ കാറ്റഗറി പട്ടികയിൽ ഉൾപ്പെട്ടവർ, ഈ സീറ്റുകളിലേക്ക് ഓപ്ഷൻ രജിസ്റ്റർ ചെയ്താലേ ഈ വിഭാഗം സീറ്റുകളിലേക്ക് അവരെ പരിഗണിക്കുകയുള്ളൂ.
• ആദ്യഘട്ടത്തിൽ രജിസ്റ്റർചെയ്യുന്ന ഓപ്ഷനുകളായിരിക്കും രണ്ടാം ഘട്ടത്തിലും പരിഗണിക്കുക. ഈ ഘട്ടത്തിലേക്ക് പുതുതായി ഓപ്ഷൻ രജിസ്‌ട്രേഷൻ ഉണ്ടാകില്ല. എന്നാൽ, ആദ്യഘട്ടത്തിൽ ഉൾപ്പെടാതിരുന്ന ഓപ്ഷനുകൾ രണ്ടാംഘട്ടത്തിൽ പുതുതായി ഉൾപ്പെടുത്തിയാൽ അവയിലേക്ക് ഓപ്ഷൻ നൽകാൻ രണ്ടാംഘട്ടത്തിൽ സൗകര്യമുണ്ടാകും.
• ഒന്നാം ഘട്ടത്തിനുശേഷം അവശേഷിക്കുന്ന ഓപ്ഷനുകളുടെ കൺഫർമേഷൻ/ഡിലീഷൻ/റീ- അറേഞ്ച്മെന്റ് എന്നീ സൗകര്യങ്ങൾ രണ്ടാംഘട്ടത്തിലുണ്ടാകും.
• രണ്ടാം ഘട്ടത്തിലേക്ക് പരിഗണിക്കപ്പെടാൻ ആ ഘട്ടത്തിനുമുമ്പായി പ്രഖ്യാപിക്കുന്ന സമയത്ത് ഓപ്ഷൻ കൺഫർമേഷൻ നിർബന്ധമായും നടത്തണം. അതിനുശേഷം താത്‌പര്യമില്ലാത്ത ഓപ്ഷനുകൾ ഒഴിവാക്കാം (ഡിലീഷൻ)/ അവശേഷിക്കുന്ന ഓപ്ഷനുകളുടെ ക്രമം/മുൻഗണന മാറ്റാം (റീ- അറേഞ്ച്മെന്റ്)
• ആദ്യഘട്ടത്തിൽ ഒരു സീറ്റ് അനുവദിക്കപ്പെടുകയും അതിൽ പ്രവേശനംനേടുകയുംചെയ്ത വിദ്യാർഥിയുടെ ഉയർന്ന ഓപ്ഷനുകൾ (ലഭിച്ച ഓപ്ഷനെക്കാർ ഉയർന്ന മുൻഗണനയുള്ളവ) രണ്ടാം ഘട്ടത്തിലേക്ക് നിലനിർത്തും. അങ്ങനെയുള്ള വിദ്യാർഥിക്ക് അപ്ഗ്രഡേഷനു ശ്രമിക്കുകയോ, അപ്ഗ്രഡേഷന് താത്‌പര്യമില്ലെങ്കിൽ ആദ്യഘട്ടത്തിൽ പ്രവേശനംനേടിയ സീറ്റ് നിലനിർത്തുകയോ ചെയ്യാം.
• ആദ്യഘട്ടത്തിൽ പ്രവേശനം നേടിയവർ രണ്ടാംഘട്ടത്തിൽ ഓപ്ഷൻ കൺഫർമേഷൻ നടത്താത്തപക്ഷം അവർക്ക് ഹയർ ഓപ്ഷനുകളുണ്ടെങ്കിലും രണ്ടാം ഘട്ടത്തിലേക്ക് അവരെ പരിഗണിക്കില്ല. എന്നാൽ, അവരുടെ ആദ്യഘട്ട പ്രവേശനം നിലനിർത്തും. അതിനാൽ ആദ്യറൗണ്ടിൽ പ്രവേശനം നേടിയവർക്ക് രണ്ടാം ഘട്ടത്തിൽ അപ്ഗ്രഡേഷന് താത്‌പര്യമില്ലെങ്കിൽ രണ്ടാം ഘട്ടം ഓപ്ഷൻ കൺഫർമേഷൻ നടത്താതിരിക്കുകയോ കൺഫർമേഷൻ നടത്തിയ ശേഷം, അവശേഷിക്കുന്ന ഹയർ ഓപ്ഷനുകൾ റദ്ദുചെയ്യുകയോ വേണം.
• രണ്ടാം റൗണ്ടിനുശേഷമുള്ള/ ഉണ്ടായേക്കാവുന്ന ഒഴിവുകൾ മൂന്നാം റൗണ്ടിൽ നികത്തും.
• മൂന്നാം റൗണ്ടിൽ, പുതിയ ഓപ്ഷൻ രജിസ്‌ട്രേഷൻ സൗകര്യമുണ്ടാകും.
• മൂന്നാംറൗണ്ടിനുശേഷമുള്ള/ ഉണ്ടായേക്കാവുന്ന ഒഴിവുകൾ സ്‌ട്രേ വേക്കൻസി അലോട്മെന്റ് വഴി നികത്തും.
• ആദ്യറൗണ്ട് കഴിഞ്ഞുള്ള റൗണ്ടുകളിൽ സാധുവായ ഓപ്ഷനുകളുടെ അടിസ്ഥാനത്തിൽ ഒരു പുതിയ സീറ്റ് ഒരാൾക്ക് അനുവദിക്കപ്പെട്ടാൽ, അത് സ്വീകരിക്കുകയോ സ്വീകരിക്കാതിരിക്കുകയോ ചെയ്യുന്നത് പരിഗണിക്കാതെ, തൊട്ടുമുമ്പുള്ള റൗണ്ട് വഴി ലഭിച്ച അഡ്മിഷൻ ഉണ്ടെങ്കിൽ അത് നഷ്ടപ്പെടും.
ട്യൂഷൻ ഫീസ് ഘടന
• സർക്കാർ മെഡിക്കൽ കോളേജുകളിലെ ഫീസ്-57,890 രൂപ. തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിൽ (ആർ.സി.സി.) മൂന്നുലക്ഷം രൂപ
• സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ ക്ലിനിക്കൽ വിഭാഗത്തിലെ ഫീസ് 15 കോളേജുകളിൽ -18,49,748 രൂപ. രണ്ട് കോളേജുകളിൽ -17,49,006 രൂപയും ഒന്നിൽ (താത്‌കാലികം) -17,61,665 രൂപയും
• നോൺ ക്ലിനിക്കൽ വിഭാഗത്തിൽ ഇത് യഥാക്രമം-11,23,062 രൂപ -10,61,897 രൂപ -10,69,583 (താത്‌കാലികം) എന്നിങ്ങനെയാണ്.
• എൻ.ആർ.ഐ. വിഭാഗത്തിൽ 17 കോളേജുകളിൽ -38,86,680 രൂപ. ഒരു കോളേജിൽ-37,01,600 രൂപ (താത്‌കാലികം).
ഓരോ കോളേജിലെയും ഫീസ്ഘടന വിജ്ഞാപനത്തിൽ നൽകിയിട്ടുണ്ട്.
അലോട്‌മെന്റ്
• ആദ്യഘട്ട താത്‌കാലിക അലോട്‌മെന്റ് നവംബർ 25-നും ആദ്യഘട്ട അന്തിമ അലോട്‌മെന്റ് 26-നും പ്രസിദ്ധപ്പെടുത്തും. അലോട്‌മെന്റ് ലഭിച്ചാൽ 28-നും ഡിസംബർ നാലിന് വൈകീട്ട് നാലിനും ഇടയ്ക്ക് സ്ഥാപനത്തിൽ പ്രവേശനം നേടണം.
• വിവിധ കാരണങ്ങളാൽ മെറിറ്റ് പട്ടികയിലെ സ്ഥാനം തടഞ്ഞുെവച്ചിട്ടുള്ളവർക്കും ഓപ്ഷനുകൾ ഇപ്പോൾ രജിസ്റ്റർ ചെയ്യാം. എന്നാൽ 23-ന് വൈകീട്ട് നാലിനകം ന്യൂനതകൾ പരിഹരിച്ചാൽമാത്രമേ നൽകിയ ഓപ്ഷനുകൾ അലോട്‌മെന്റിനായി പരിഗണിക്കൂ.
വിശദമായ വിജ്ഞാപനം, പ്രവേശന വ്യവസ്ഥകൾ, പ്രോെസ്പക്ടസ് എന്നിവ www.cee.kerala.gov.in ൽ ലഭിക്കും.
Content Highlights: kerala medical pg admission option registration till 23
Published: 21 Nov 2024, 07:21 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented