കൊച്ചി: സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ വിദ്യാർഥികൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാൻ കമ്മിഷനെ വെക്കുന്നത് ഉചിതമായിരിക്കുമെന്ന് ഹൈക്കോടതി. വലിയ ബുദ്ധിമുട്ടുകൾ വിദ്യാർഥികൾ മെഡിക്കൽ കോളേജുകളിൽ നേരിടുന്നെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ വാക്കാൽ അഭിപ്രായപ്പെട്ടു. അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ അധ്യാപകൻ ഡോ. എം.കെ. റാമിന്‍റെ മുൻകൂർജാമ്യഹർജി പരിഗണിക്കുകയായിരുന്നു കോടതി.

To advertise here,

തന്‍റെഭാഗത്ത് തെറ്റുണ്ടായിട്ടില്ലെന്നും പ്രിൻസിപ്പൽ ഫോൺ പിടിച്ചുവെച്ചതിനു പിന്നാലെയാണ് നിതിൻ ആത്മഹത്യ ചെയ്തതെന്നുമുള്ള വാദമാണ് ഹർജിക്കാരൻ ഉന്നയിച്ചത്. മുൻകൂർജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. ഹർജിക്കാരനെതിരേ കുട്ടികളുടെയടക്കം മൊഴിയുണ്ടെന്ന് സർക്കാർ വാദിച്ചു. ഈ ഘട്ടത്തിലാണ് മെഡിക്കൽ കോളേജുകളിലെ മോശം പ്രവണതകളെക്കുറിച്ച് കോടതിയുടെ നിരീക്ഷണം ഉണ്ടായത്. കമ്മിഷൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ പ്രശ്നപരിഹാരത്തിനായി മാർഗനിർദേശങ്ങൾ കൊണ്ടുവരേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.

നിതിന്റെ പിതാവ് ഹർജിയെ എതിർക്കുന്നതിനായി പ്രത്യേകം അഭിഭാഷകനെ വെക്കുന്നുണ്ടെന്ന് അറിയിച്ചതിനെത്തുടർന്ന് ഹർജി ജൂൺ എട്ടിന് പരിഗണിക്കാൻ മാറ്റി.